ഫാലിമി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വാരാണസിയില്‍ നടന്നുകൊണ്ടിരിക്കെ ഷൂട്ടിങ് കാണാനായി എത്തിയ ഒരാളുമായുണ്ടായ തര്‍ക്കത്തെ കുറിച്ച് സംസാരിക്കുകയാണ് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. ചിത്രത്തിലെ ഹീറോ ആരാണെന്ന് അന്വേഷിച്ച അയാള്‍, താനാണ് ഹീറോ എന്ന് അറിഞ്ഞപ്പോള്‍ കളിയാക്കുന്ന രീതിയില്‍ സംസാരിച്ചെന്നും അത് ജഗദീഷേട്ടന് ഇഷ്ടമായില്ലെന്നും അതോടെ അയാളുമായി തര്‍ക്കത്തിലായെന്നുമായിരുന്നു ബേസില്‍ പറഞ്ഞത്. ഒടുവില്‍ അയാള്‍ മാപ്പ് പറഞ്ഞെന്നും മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബേസില്‍ പറഞ്ഞു.
‘ ഫാലിമിയുടെ ലൊക്കേഷനില്‍ നടന്ന ഒരു സംഭവം പറയാം. ഞങ്ങള്‍ വാരാണസിയില്‍ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരു സ്ട്രീറ്റിലാണ് ഉള്ളത്. ഞാനും ജഗദീഷേട്ടനും മഞ്ജു ചേച്ചിയും എല്ലാമുണ്ട്. ഞങ്ങള്‍ വലിയ സെറ്റപ്പിലൊന്നുമല്ല പോകുന്നത്. കാരവനോ ബഹളമോ ഇന്നോവകളോ ലൈറ്റ് യൂണിറ്റോ ഒന്നുമില്ല.
ഒരു മലയാള സിനിമ അവിടെ പോയി ഷൂട്ട് ചെയ്യുന്നു. വലിയ സെറ്റപ്പൊന്നുമില്ല. ഞങ്ങള്‍ ഫ്രേമില്‍ നില്‍ക്കുകയാണ്. അപ്പോള്‍ അവിടെയുള്ള ഒരു ചേട്ടന്‍ വന്നിട്ട് ഹിന്ദിയില്‍ നിങ്ങളാണോ ഹീറോ എന്ന് ചോദിച്ചു. ഞാനാണെങ്കില്‍, ഹീറോ എന്ന് പറയണോ എന്ന സംശയത്തില്‍ നില്‍ക്കുകയാണ്.
അപ്പോള്‍ ജഗദീഷേട്ടന്‍ വന്നിട്ട് അതെ ഇദ്ദേഹമാണ് ഹീറോ എന്ന് പറഞ്ഞ് എന്നെ ചൂണ്ടിക്കാണിച്ചു. അതോടെ ഇയാള്‍ എന്നെ നോക്കി ഇവനാണോ ഹീറോ എന്ന് ചോദിച്ചു. ഞാനാണെങ്കില്‍ ചമ്മി നില്‍ക്കുകയാണ്. ജഗദീഷേട്ടന് അത് അത്രയ്ക്ക് അങ്ങ് ഇഷ്ടപ്പെട്ടില്ല.
പുള്ളി ഹിന്ദിയില്‍ അങ്ങ് തുടങ്ങി. കൊടൂര മാസ്സ്. എല്ലാവരും സല്‍മാന്‍ ഖാന്‍ ആകണോ. എല്ലാവരും ബോഡി വെച്ച് വന്നാലേ ഹീറോ ആവുകയുള്ളൂ എന്നുണ്ടോ, ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ഇതിനേക്കാള്‍ കൂടുതല്‍ ഹൈറ്റ് ഉണ്ടെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ എന്നൊക്കെ ചോദിച്ച് ചൂടായി.
സോറി സാര്‍. ഞാന്‍ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല എന്നൊക്കെ അദ്ദേഹവും പറയുന്നുണ്ട്. എന്നെ നോക്കിയിട്ട് ഇദ്ദേഹം ഹാന്‍ഡ്‌സം ആണ്. സ്മാര്‍ട് ആണ് എന്നൊക്കെ പറഞ്ഞ് അയാള്‍ കോംപ്രമൈസ് ആക്കി (ചിരി).
വേറൊരു രസമെന്താണെന്ന് വെച്ചാല്‍ ഞാന്‍ രാജസ്ഥാനില്‍ ഷൂട്ട് ചെയ്യാന്‍ പോയപ്പോള്‍ അവിടുത്തെ കാറിലെ ഡ്രൈവര്‍മാരൊക്കെ സൗത്ത് ഇന്ത്യന്‍ ഹീറോ എന്നൊക്കെ പറഞ്ഞ് എനിക്കൊപ്പം ഫോട്ടോയെടുത്ത് കെ.ജി.എഫിന്റെ മ്യൂസിക് എല്ലാം ഇട്ട് ഇന്‍സ്റ്റഗ്രാമില്‍ ടാഗ് ചെയ്തിട്ടുണ്ടായിരുന്നു. അവര്‍ കെ.ജി.എഫും പുഷ്പയും കണ്ട് ആ ഹാങ് ഓവറിലായിരുന്നു. സൗത്ത് ഇന്ത്യയില്‍ നിന്ന് മറ്റൊരു പുഷ്പ വന്നിട്ടുണ്ടെന്ന മൂഡിലാണ് അവര്‍ (ചിരി). അങ്ങനെ ഞാന്‍ ഒന്ന് ഗമയിലൊക്കെ വന്നതായിരുന്നു. പക്ഷേ ഇവിടെ പോയി കഴിഞ്ഞപ്പോള്‍ ‘ഇവനോ ഹീറോ’ എന്ന ചോദ്യം കേട്ടതോടെ തീര്‍ന്നു.
അതുപോലെ ഒരു ദിവസം പൊലീസ് സ്റ്റേഷന്‍ സീന്‍ എടുത്തുകൊണ്ടിരിക്കുകയാണ്. ഞാന്‍ ആ സീനില്‍ ഇല്ല. ഞാന്‍ കാറ്റുകൊള്ളാന്‍ വേണ്ടി ഗേറ്റിന് പുറത്തുവന്ന് നില്‍ക്കുകയാണ്. അപ്പോള്‍ ഒരു ചേട്ടന്‍ വന്നിട്ട് ഷൂട്ടിങ് ആണോ എന്ന് ചോദിച്ചു. മൂവി, ടെലിഫിലിം, സീരിയല്‍, ഷോട്ട് ഫിലിം എന്താണ് നടക്കുന്നതെന്ന് ചോദിച്ചു. മൂവിയാണെന്ന് പറഞ്ഞപ്പോള്‍ സൗത്ത് ഇന്ത്യന്‍ മൂവിയാണോ എന്നായി അദ്ദേഹം.
ഹീറോ കോന്‍ ഹെ എന്ന് ചോദച്ചു. ഉടന്‍ തന്നെ ഞാന്‍, ഹീറോ അന്തര്‍, അന്തര്‍ ഹേ എന്ന് പറഞ്ഞു. അതോടെ ഹീറോയെ നേരിട്ട് കണ്ട് സംസാരിക്കാന്‍ പറ്റുമോ എന്നായി പുള്ളി. പിന്നെന്താ അകത്തോട്ട് ചെല്ല് എന്ന് പറഞ്ഞ് ഞാന്‍ കയറ്റിവിട്ടു. ഇവിടെ നിന്ന് തന്നെ ആവശ്യത്തിലധികം പുച്ഛം നമ്മള്‍ക്ക് കിട്ടുന്നുണ്ട്. പിന്നെ കാശിയില് പോയി എന്തിനാ വെറുതെ വാങ്ങിക്കുന്നതെന്നാണ് ഞാന്‍ ഓര്‍ത്തത്,’ ബേസില്‍ പറഞ്ഞു.
Content Highlight: Basil Joseph Share a Funny Experience on falimy Movie Shoot