| Thursday, 31st October 2024, 8:23 am

ഞാന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും കഠിനമായ ഷോട്ട് ആ സിനിമയിലേത്: ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാകേഷ് മാന്തോടി തിരക്കഥയെഴുതി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ഗോദ. 2017ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ ടൊവിനോ തോമസ്, വാമിഖ ഗബ്ബി, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍ തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.

ഒരു സംവിധായകന്‍ എന്ന നിലയില്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും കഠിനമായ ഷോട്ട് ഏതായിരുന്നു എന്ന ചോദ്യത്തിന് ഗോദ സിനിമയിലെ ഓപ്പണിങ് സീനിനെ കുറിച്ച് പറയുകയാണ് ബേസില്‍ ജോസഫ്. ക്ലബ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബേസില്‍.

‘ഗോദയിലെ ഓപ്പണിങ് ഷോട്ടായിരുന്നു എനിക്ക് ഏറ്റവും കഠിനമായ ഷോട്ടായി തോന്നിയത്. അതായത് പഴയ കാലഘട്ടത്തിലെ ഗുസ്തി കൊട്ടക കാണിക്കുന്ന ആ സീന്‍. അതില്‍ ആളുകളെല്ലാം മാനിക്വിന്‍ പോലെഅനങ്ങാതെ നില്‍ക്കുന്ന സീക്വന്‍സാണത്.

മേലെ നിന്ന് ക്യാമറ ഉപയോഗിച്ചായിരുന്നു അത് ഷൂട്ട് ചെയ്ത് തുടങ്ങേണ്ടത്. ഇടക്ക് ആരെങ്കിലും ഒന്ന് അനങ്ങിയാല്‍ വീണ്ടും റീ ഷൂട്ട് ചെയ്യേണ്ടിവരും. അങ്ങനെ വന്നാല്‍ വീണ്ടും 110 അടി ക്രെയിനില്‍ വിഷ്ണുവിനെ കയറ്റികൊണ്ട് പോകണം.

ഇന്‍ഡ്രസ്ട്രിയല്‍ ക്രെയിനായിരുന്നു ഉപയോഗിച്ചത്. അഭിനയിക്കുന്നവരില്‍ ആരെങ്കിലും ഇളകിയാല്‍ മൊത്തം പ്രോസസ് പിന്നെയും ചെയ്യണമായിരുന്നു. ഞങ്ങള്‍ ഉച്ച മുതല്‍ക്കാണ് റിഹേഴ്‌സല്‍ തുടങ്ങിയത്. പിന്നെ വൈകുന്നേരത്തോടെ ഷൂട്ട് തുടങ്ങി.

എത്ര ശ്രമിച്ചിട്ടും അത് ഷൂട്ട് ചെയ്യാന്‍ ആകുന്നേയില്ല. നമുക്ക് വേണ്ട ഷോട്ട് കിട്ടുന്നില്ലായിരുന്നു. അവസാനം നേരം വെളുക്കാനായി. ഹൊറൈസണില്‍ ചെറുതായി ലൈറ്റ് വീണുതുടങ്ങി എന്നൊക്കെ പറയുന്നത് പോലെയുള്ള ഒരു സമയത്ത് നമുക്ക് വേണ്ട ഷോട്ട് കിട്ടി,’ ബേസില്‍ ജോസഫ് പറയുന്നു.

Content highlight: Basil Joseph Says The Opening Scene Of Godha Movie Is The Hardest Shot He Has Ever Done

We use cookies to give you the best possible experience. Learn more