ഈ കാലഘട്ടത്തിലെ മികച്ച ഗാനരചയിതാക്കളില്‍ രണ്ടുപേരാണ് മുഹ്‌സിന്‍ പരാരിയും വിനായകുമെന്ന് സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. ഫാലിമിയില്‍ മുഹ്‌സിന്‍ എഴുതിയ പാട്ടിന്റെ വരികളിലെ അര്‍ത്ഥങ്ങളെ കുറിച്ച് സംസാരിക്കവെയാണ് ബേസില്‍ ഇക്കാര്യം പറഞ്ഞത്.
ഗുരുവായൂരമ്പല നടയില്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സൈനസൗത്ത്പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബേസിലിന് പുറമെ പൃഥ്വിരാജും നിഖില വിമലും അനശ്വര രാജനും അഭിമുഖത്തില്‍ പങ്കെടുത്തു. മുഹ്‌സിന്‍ പരാരി മികച്ച എഴുത്തുകാരനാണെന്ന് അഭിമുഖത്തില്‍ പങ്കെടുത്ത പൃഥ്വിരാജും പറഞ്ഞു.
ബേസില്‍ ജോസഫ് അഭിനയിച്ച ഫാലിമി സിനിമയിലെ ‘മഴവില്ലിലെ വെള്ളയെ നൊമ്പര പമ്പര ചുറ്റലില്‍ കണ്ടോ നീ’ എന്ന വരികളില്‍ ഒളിഞ്ഞിരിക്കുന്ന സങ്കടത്തെ ഡീ കോഡ് ചെയ്ത് മനസ്സിലാക്കിയിട്ടുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം.
എന്നാല്‍ ആ വരികളെ കുറിച്ച് അത്രയും ആലോചിച്ചിട്ടില്ലായിരുന്നു എന്നായിരുന്നു ബേസിലിന്റെ മറുപടി. മുഹ്‌സിന്‍ പരാരിയുടേതായിരുന്നു ആ വരികള്‍. താന്‍ മുഹ്‌സിന്‍ പരാരിയുടെ വലിയ ഫാനാണെന്നും അഭിമുഖത്തില്‍ ബേസില്‍ പറഞ്ഞു.
‘മുഹ്‌സിന്‍ പരാരിയുടെ ഭയങ്കര ഫാനാണ് ഞാന്‍. ഭീകര ലിറിക്‌സാണ് അദ്ദേഹത്തിന്റേത്. മുഹ്‌സിനും വിനായകുമാണ് ഈ കാലഘട്ടത്തിലെ മികച്ച ഗാനരചയിതാക്കളില്‍ രണ്ടുപേര്‍,’ ബേസില്‍ ജോസഫ് പറഞ്ഞു.
ബേസില്‍ ജോസഫിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിപിന്‍ ദാസാണ് സംവിധായകന്‍. പൃഥ്വിരാജാണ് സിനിമയിലെ നായകന്‍.
ചിത്രം മെയ് 16ന് തിയേറ്ററുകളിലെത്തും. തമിഴ് നടന്‍ യോഗി ബാബു മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ഗുരുവായൂരമ്പലനടയില്‍. പൃഥ്വിയും ബേസിലും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഗുരുവായൂരമ്പല നടയിലിനുണ്ട്.
CONTENT HIGHLIGHTS: Basil Joseph says that Muhsin Parari and Vinayak are two of the best lyricists of this era