മലയാള സിനിമയിലെ ഓൾ റൗണ്ടറിൽ ഒരാളാണ് ബേസിൽ ജോസഫ്. തിര എന്ന വിനീത് ശ്രീനിവാസൻ സിനിമയിലൂടെ സഹ സംവിധായകനായി കടന്നുവന്ന ബേസിൽ ഇന്ന് മലയാള സിനിമയ്ക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു അവിഭാജ്യ ഘടകമാണ്. കുഞ്ഞിരാമായണം എന്ന സിനിമയിലൂടെ സംവിധായകനായി കഴിവ് തെളിയിച്ച ബേസിൽ ഗോദ, മിന്നൽ മുരളി എന്നീ സിനിമകളിലൂടെ മലയാളത്തിലെ മുൻനിര സംവിധായകനായും മാറി.
മിന്നൽ മുരളിക്ക് കിട്ടിയ പാൻ ഇന്ത്യൻ റീച്ച് മറ്റ് ഭാഷകളിലും ബേസിലിന് ശ്രദ്ധ നേടികൊടുത്തിരുന്നു. മിന്നൽ മുരളിക്ക് ശേഷം പിന്നീട് ഒരു സിനിമ ബേസിൽ സംവിധാനം ചെയ്തിട്ടില്ല. എന്നാൽ നായക നടനായി ഇന്ന് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് അദ്ദേഹം.
ഗുരുവായൂരമ്പല നടയിൽ, സൂക്ഷ്മദർശനി, വർഷങ്ങൾക്ക് ശേഷം തുടങ്ങി കഴിഞ്ഞ വർഷം ഇറങ്ങിയ ബേസിൽ ജോസഫ് സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ വർഷവും തന്റെ വിജയ കുതിപ്പ് തുടരുകയാണ് ബേസിൽ. ഈ മാസം ഇറങ്ങിയ പ്രാവിൻകൂട് ഷാപ്പും ഒടുവിൽ ഇറങ്ങിയ പൊന്മാനും മികച്ച അഭിപ്രായമാണ് നേടുന്നത്.
എന്നാൽ ഈ വർഷം തന്റേതായി ഇറങ്ങാൻ ഇനി മരണമാസ് എന്ന സിനിമയാണുള്ളതെന്നും അതിനുശേഷം സംവിധാനം ചെയ്യുന്ന സിനിമയിൽ ശ്രദ്ധിക്കണമെന്നും ബേസിൽ പറയുന്നു. അഭിനയത്തിൽ നിന്ന് ഒരു ബ്രേക്ക് എടുക്കണമെന്നും പക്ഷെ താൻ ഇവിടെ തന്നെയുണ്ടാവുമെന്നും ബേസിൽ പറയുന്നു. എന്നാൽ സംവിധാനം ചെയ്യാൻ പോകുന്ന സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബേസിൽ പുറത്തുപറഞ്ഞില്ല. മഴവിൽ മനോരമയോട് സംസാരിക്കുകയിരുന്നു ബേസിൽ.
‘ഈ വർഷം ഇനി ഒരെണ്ണം കൂടിയേ എന്റേതായി പുറത്തിറങ്ങാനുള്ളൂ. പൊന്മാനും കൂടി കഴിഞ്ഞാൽ പിന്നെ മരണമാസ് എന്ന സിനിമ കൂടിയേയുള്ളൂ. ഇനി ഈ വർഷം സിനിമകളില്ല. അങ്ങനെയാണ് എന്റെ പ്ലാൻ. ചിലപ്പോൾ മന്ത്‌ലിയാവും ചിലപ്പോൾ ഇയറിലിയാവും ചിലപ്പോൾ വീക്കിലിയുമാവാം. എങ്ങനെ വേണമെങ്കിലും ആവാം.
ഇനി ഞാൻ സംവിധാനം ചെയ്യുന്ന സിനിമയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളുടെ തിരക്കുണ്ട്. അങ്ങനെ ചില പരിപാടികളുമായി ഇത്തിരി ബ്രേക്ക് എടുക്കാമെന്ന് കരുതി. അതുകൊണ്ട് മരണമാസ് കൂടി ഇറങ്ങി കഴിഞ്ഞാൽ കുറച്ച് കാലത്തേക്ക് പിന്നെ സിനിമ ഉണ്ടാവില്ല. മൊത്തമായിട്ട് ഉണ്ടാവില്ല എന്നല്ല, എന്നാലും സിനിമ ഉണ്ടാവാൻ സാധ്യത ഇല്ല. പിന്നെ അത് കഴിഞ്ഞിട്ട് ഞാൻ തിരിച്ചുവരും, ഇവിടെയൊക്കെ തന്നെ ഉണ്ടാവും,’ബേസിൽ ജോസഫ് പറയുന്നു.
അതേസമയം ബേസിൽ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തെ കുറിച്ച് നിരവധി റ്യുമേഴ്‌സ് നിലവിലുണ്ട്. മിന്നൽ മുരളിയുടെ രണ്ടാംഭാഗം വരുമെന്നും, ഹിന്ദിയിൽ രൺവീർ സിങ്ങിനൊപ്പം ശക്തിമാൻ ആയിരിക്കും ആ സിനിമയെന്നും അതല്ല തമിഴിൽ സൂര്യയോടൊപ്പമുള്ള സിനിമയാണ് ഇറങ്ങാനുള്ളതെന്നുമെല്ലാം റിപ്പോർട്ടുകളുണ്ട്.
Content Highlight: Basil Joseph Says that he have no films in this year after maranamass movie