സംവിധാനത്തിനും അഭിനയത്തിനും പുറമേ ബേസില്‍ ജോസഫില്‍ ആരാധകരും സിനിമക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഘടകമാണ് ചിരി. അതുകൊണ്ട് തന്നെ പല സിനിമകളിലും അഭിനയിക്കുന്ന സമയത്ത് തന്റെ ചിരി ഡിമാന്റ് ചെയ്യാറുണ്ടെന്ന് പറയുകയാണ് ബേസില്‍.
എന്നാല്‍ അങ്ങനെ പറഞ്ഞാല്‍ തനിക്ക് ചിരിക്കാന്‍ പറ്റാറില്ലെന്നും കരിക്കിന്റെ ഒരു വീഡിയോയില്‍ അഭിനയിച്ചപ്പോള്‍ സമാനമായ സംഭവം ഉണ്ടായിട്ടുണ്ടെന്നും വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ബേസില്‍ പറഞ്ഞു.
‘എല്ലാ സ്‌പേസിലും ഇരുന്ന് ചിരിക്കാന്‍ പറ്റില്ല. അത് നാച്ചുറലി സംഭവിക്കുന്ന കാര്യമാണ്. ബേസിലിന്റെ ആ ചിരി ഒന്ന് ചിരിക്കണമെന്ന് ചില സിനിമയിലൊക്കെ ഡിമാന്‍ഡ് ചെയ്യും. പക്ഷേ അങ്ങനെ പറഞ്ഞാല്‍ എനിക്ക് ചിരിക്കാന്‍ പറ്റില്ല.
കരിക്കിന്റെ ഈ അടുത്ത എപ്പിസോഡില്‍ ചെയ്തിരുന്നു. അതില്‍ നരഭോജി നവാസ് എന്ന് പറയുമ്പോള്‍ ഞാന്‍ ചിരിക്കണം. ആ സമയത്ത് ഈ ചിരി തന്നെ, ഈ ചിരി ഞാന്‍ റിങ് ടോണാക്കി വെച്ചിട്ടുണ്ട് എന്ന് ശബരീഷ് പറയുന്ന ഒരു എപ്പിസോഡാണ്.
അത് ഷൂട്ട് ചെയ്യുന്ന സമയത്ത് എനിക്ക് ചിരിക്കാന്‍ പറ്റുന്നില്ല. ആ ചിരി വരണമല്ലോ. സിങ്ക് സൗണ്ടും കൂടിയാണ്, ഡബ്ബിങ്ങല്ല. പെട്ടെന്ന് പറഞ്ഞപ്പോള്‍ ചിരിക്കാന്‍ പറ്റിയില്ല. പിന്നെ ജോര്‍ജും അര്‍ജുനും ക്യാമറയുടെ പുറകില്‍ നിന്ന് വേറെന്തെക്കെയോ പറഞ്ഞ് ആക്ഷന്‍ കാണിച്ച്, അങ്ങനെ ഏതോ ഒരു ടേക്കില്‍ ചിരിച്ചു. അതാണ് അവര്‍ യൂസ് ചെയ്തത്. അല്ലാതെ പെട്ടെന്ന് ആ ചിരി ചിരിക്കണമെന്ന് പറഞ്ഞാല്‍ എനിക്ക് അറിയില്ല.
ചില സീനൊക്കെ ഷൂട്ട് ചെയ്യുമ്പോള്‍ ഓര്‍ഗാനിക്കലി ചിരി വരും. ഷൂട്ട് ചെയ്യുമ്പോഴുള്ള എനര്‍ജി ആയിരിക്കില്ലല്ലോ ഡബ്ബിങ്ങിന് വരുമ്പോള്‍. അപ്പോള്‍ ആ ചിരി വരില്ല. അപ്പോള്‍ വിഷ്വല്‍ ഓണാക്കിയിട്ടിട്ട് മൈക്കില്‍ കൂടി സംവിധായകനുമായി എന്തെങ്കിലും തമാശ പറയും. ഏതെങ്കിലും ഒരു പോയിന്റില്‍ ചിരി വരും. അത് കട്ട് ചെയ്ത് അവിടെ ഇട്ടോളാന്‍ പറയും,’ ബേസില്‍ പറഞ്ഞു.
ജയ ജയ ജയ ജയ ഹേ ആണ് ബേസില്‍ അഭിനയിച്ച് ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം. ദര്‍ശന രാജേന്ദ്രന്‍ നായികയായ ചിത്രം വിപിന്‍ ദാസാണ് സംവിധാനം ചെയ്തത്.
Content Highlight: Basil Joseph says that he couldn’t laugh during the shoot of karikk episode