| Thursday, 1st September 2022, 7:50 am

ടൊവിനോ സാധാരണ ചെയ്യുന്നതിനെക്കാള്‍ എത്രയോ പൈസ കുറച്ചിട്ടാണ് ഡിയര്‍ ഫ്രണ്ടില്‍ അഭിനയിച്ചത്, കാരണമിതാണ്: ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബേസില്‍ ജോസഫ് അഭിനയിച്ച കഥാപാത്രങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന ഒന്നായിരുന്നു വിനീത് കുമാര്‍ സംവിധാനം ചെയ്ത ഡിയര്‍ ഫ്രണ്ടിലെ സജിത്ത്. ജോജിയിലെ കെവിന്‍ അച്ഛന് ശേഷം ബേസിലിന് ലഭിച്ച വ്യത്യസ്തമായ കഥാപാത്രമായിരുന്നു സജിത്ത്. ഡിയര്‍ ഫ്രണ്ട് പോലെ ഒരു സിനിമ താന്‍ സംവിധാനം ചെയ്യുന്ന ടൈപ്പ് അല്ലെന്നും തന്റെ ഇന്‍സ്റ്റിങ്റ്റിലോ സെന്‍സിറ്റിവിറ്റിയിലോ അത്തരമൊരു സിനിമ ഒരിക്കലും വരില്ലെന്നും ബേസില്‍ പറയുന്നു. ആക്റ്റിങ്ങ് കരിയറില്‍ ഏറ്റവും ഹെല്‍പ്ഫുള്ളായതിനാലാണ് താനും ടൊവിനോയുമൊക്കെ അത്തരമൊരു ചിത്രത്തില്‍ അഭിനയിച്ചതെന്നും ഡൂള്‍ന്യൂസിന് വേണ്ടി അമൃത ടി. സുരേഷ് നടത്തിയ അഭിമുഖത്തില്‍ ബേസില്‍ പറഞ്ഞു.

‘എനിക്ക് ആ ടീമിനെ ഇഷ്ടമാണ്. അവരുടെ കണ്‍വിക്ഷന്‍സും അവരുടെ സിനിമകളും മുമ്പ് ഇഷ്ടപ്പെട്ടിട്ടുള്ളതാണ്. ഞാന്‍ സംവിധാനം ചെയ്യുന്ന ടൈപ്പ് സിനിമയല്ല ഇത്. എന്റെ ഇന്‍സ്റ്റിങ്റ്റിലോ സെന്‍സിറ്റിവിറ്റിയിലോ ഡിയര്‍ ഫ്രണ്ട് പോലൊരു സിനിമ ഒരിക്കലും വരില്ല. എനിക്ക് അതൊരു ലേണിങ്ങ് പ്രോസസാണ്. ആക്റ്റര്‍ എന്ന രീതിയില്‍ കുറച്ച് കൂടി സട്ടിലായിട്ട് അഭിനയിക്കാനും പഠിക്കാനുള്ള അവസരം കിട്ടി.

എന്റെ ആക്റ്റിങ്ങ് കരിയറില്‍ ഏറ്റവും ഹെല്‍പ്ഫുള്ളായിട്ടുള്ള സിനിമ ആയിരുന്നു അത്. അതുകൊണ്ട് തന്നെയാണ് ടൊവിനോയും ആ സിനിമ ചെയ്തത്. ടൊവിനോ സാധാരണ ചെയ്യുന്നതിനെക്കാള്‍ എത്രയോ പൈസ കുറച്ചിട്ടാണ് ആ സിനിമയില്‍ അഭിനയിച്ചത്. കാരണം അതൊരു എക്സ്പിരിമെന്റല്‍ സിനിമയാണ്. കുഞ്ഞ് ബജറ്റിലാണ് ആ സിനിമ ചെയ്തത്. എല്ലാവര്‍ക്കും ആ സിനിമയെ പറ്റി കൃത്യമായ ക്ലാരിറ്റി ഉണ്ടായിരുന്നു,’ ബേസില്‍ പറഞ്ഞു.

സൈഡ് റോളുകളില്‍ നിന്നും ഇപ്പോള്‍ നായകനായതിലേക്കുള്ള ഷിഫ്റ്റിനെ കുറിച്ചും ബേസില്‍ സംസാരിച്ചു. ‘നായകനായതുകൊണ്ട് ഇപ്പോള്‍ നമ്മളാണ് മുന്നില്‍ നില്‍ക്കേണ്ടത്. പ്രൊമോഷനാണെങ്കിലും ഓണ്‍ലൈന്‍ സ്പേസിലാണെങ്കിലും എല്ലാ കാര്യത്തിലും നമ്മളുടെ പ്രസന്‍സ് വേണം. നമ്മളാണ് മുമ്പോട്ട് കൊണ്ടുപോകേണ്ടത്. കൂടെ വേറെ സിനിമകള്‍ ഇറങ്ങുന്നുണ്ട്. അതിനൊപ്പം ഇതുകൂടി കാണുകയാണെങ്കില്‍ നന്നായിരുന്നു.

ആക്റ്റര്‍ എന്ന നിലയില്‍ കുറച്ച് കൂടി മെച്ചപ്പെടുത്താന്‍ നോക്കുന്നുണ്ട്. മുമ്പുള്ളതിനെക്കാള്‍ എഫേര്‍ട്ട് ഇടുന്നുണ്ട്. മുമ്പ് ഒറ്റവരി കഥാപാത്രങ്ങളായിരുന്നല്ലോ. ഇപ്പോള്‍ ആഴത്തിലുള്ള കഥാപാത്രങ്ങള്‍ വരാന്‍ തുടങ്ങിയപ്പോള്‍ അത് ചെയ്യുന്നതിനുള്ള എക്സൈറ്റ്മെന്റ് കൂടി. ആക്റ്റര്‍ എന്ന രീതിയില്‍ ആ പ്രോസസ് കൂടുതല്‍ എന്‍ജോയ് ചെയ്യാന്‍ തുടങ്ങി. സപ്പോര്‍ട്ടിങ് റോള്‍ ചെയ്യുമ്പോള്‍ കൗണ്ടര്‍ ഡയലോഗുകളും തമാശകളും ബോഡി ലാഗ്വേജ് ഉപയോഗിച്ചിട്ടുള്ള കോമഡികളും ഒക്കെ ചെയ്യുക എന്നുള്ളതായിരുന്നു രീതി. ഇപ്പോള്‍ കുറെക്കൂടി ഇന്റന്‍സായിട്ടുള്ള സിറ്റുവേഷന്‍സും കഥാഗതിയെ നയിക്കുന്ന ക്യാരക്റ്റേഴ്സും ഉള്ള രീതി വേറെ ഒരു രീതിയില്‍ എന്‍ജോയ് ചെയ്യുന്നുണ്ട്,’ ബേസില്‍ കൂട്ടിച്ചേര്‍ത്തു. (അഭിമുഖത്തിന്‍റ പൂര്‍ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക)

പാല്‍തു ജാന്‍വറാണ് റിലീസിനൊരുങ്ങുന്ന ബേസിലിന്റെ പുതിയ ചിത്രം. നവാഗതനായ സംഗീത് പി. രാജന്‍ സംവിധാനം ചെയ്യുന്ന സിനിമ ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഓഗസ്റ്റ് രണ്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Content Highlight: basil joseph says that for him and tovino thomas dear friend is one of the most helpful film in acting career

We use cookies to give you the best possible experience. Learn more