| Thursday, 1st September 2022, 3:39 pm

ഡിയര്‍ ഫ്രണ്ടിനെ പരാജയമായി കാണുന്നില്ല, എല്ലാവര്‍ക്കും സിനിമയെ പറ്റി കൃത്യമായ ക്ലാരിറ്റി ഉണ്ടായിരുന്നു: ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസ് കേന്ദ്രകഥാപാത്രമായെത്തിയ ചിത്രമായിരുന്നു ഡിയര്‍ ഫ്രണ്ട്. നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്ത ചിത്രം സൗഹൃദത്തിന് പ്രാധാന്യം നല്‍കികൊണ്ടുള്ളതായിരുന്നു. തിയേറ്ററില്‍ പരാജയപ്പെട്ടിരുന്നുവെങ്കിലും ഒ.ടി.ടിയില്‍ പ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തിരുന്നു.

തിയേറ്ററിലെ ഡിയര്‍ ഫ്രണ്ടിന്റെ പരാജയം തങ്ങള്‍ പ്രതീക്ഷിച്ചിരുന്നത് തന്നെയാണെന്ന് പറയുകയാണ് ബേസില്‍ ജോസഫ്. ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ച് ഒരു പരീക്ഷണമെന്ന നിലയില്‍ നിര്‍മിച്ചതാണെന്നും സാഹചര്യങ്ങള്‍ മാറിയപ്പോള്‍ തിയേറ്ററില്‍ റിലീസ് ചെയ്തതാണെന്നും ഡൂള്‍ന്യൂസിന് വേണ്ടി അമൃത ടി. സുരേഷ് നടത്തിയ അഭിമുഖത്തില്‍ ബേസില്‍ പറഞ്ഞു.

‘കുറെയൊക്കെ പ്രതീക്ഷിച്ചിരുന്നു. പരീക്ഷണ ചിത്രമായിട്ട് തന്നെയാണ് അത് ഷൂട്ട് ചെയ്തത്. ഷൂട്ട് ചെയ്യുമ്പോള്‍ എല്ലാവര്‍ക്കും ആ ഡിസ്‌കഷന്‍ ഉണ്ടായിരുന്നു. ടാര്‍ഗെറ്റഡായിട്ടുള്ള പ്രേക്ഷകരിലേക്ക് പോയാലേ വര്‍ക്ക് ആവുകയുള്ളൂ. ഒരു കൊമേഴ്ഷ്യല്‍ സ്പേസില്‍ ആ സിനിമ അത്ര എക്സൈറ്റ് മെന്റാകണമെന്നില്ല. ഒ.ടി.ടിയില്‍ വരുമ്പോഴുള്ള റെസ്പോണ്‍സും പ്രതീക്ഷിച്ചത് തന്നെയാണ്. ഒ.ടി.ടിയില്‍ എത്തുമ്പോള്‍ സെലക്ടീവായിട്ടുള്ള പ്രേക്ഷകര്‍ അവരുടെ കംഫര്‍ട്ട് സോണിലിരുന്നാണല്ലോ കാണുന്നത്. അതുകൊണ്ട് അവരുടെ ക്രിട്ടിസിസമൊക്കെ കുറച്ചുകൂടി ലിബറലായിരിക്കും.

ശരിക്കും ഒ.ടി.ടിക്ക് വേണ്ടി ആലോചിച്ച് ചെയ്ത സിനിമ ആണത്. പിന്നീട് കൊവിഡ് ലോക്ക്ഡൗണ്‍ മാറിയതിന് ശേഷം ഒ.ടി.ടി ഡയറക്റ്റ് റിലീസ് കുറഞ്ഞല്ലോ. അങ്ങനെയായപ്പോഴാണ് തിയേറ്ററില്‍ ഇറക്കിയിട്ട് ഒ.ടി.ടിയിലേക്ക് പോകാമെന്ന് വിചാരിച്ചത്. ഫ്ളോപ്പ് ആവാന്‍ വേണ്ടി ആരും ഒരു സിനിമ ചെയ്യില്ലല്ലോ. ഇപ്പോള്‍ ആ സിനിമയെ സ്വീകരിച്ചവര്‍ തന്നെയായിരുന്നു അതിന്റെ ടാര്‍ഗെറ്റഡ് ഓഡിയന്‍സ്,’ ബേസില്‍ പറഞ്ഞു.

‘ആ സിനിമക്ക് വേണമെങ്കില്‍ കുറച്ച് ഡ്രാമയും കുറച്ച് ആക്ഷനും ഒക്കെയുള്ള രീതിയില്‍ ഒരു കൊമേഴ്ഷ്യല്‍ ക്ലൈമാക്സ് കൊടുക്കാമായിരുന്നു. എന്നാല്‍ അതല്ല, ഈ സിനിമക്ക് ഈ ക്ലൈമാക്സാണ് വേണ്ടതെന്ന് ഇതിന്റെ ഫിലിം മേക്കേഴ്സിന് അറിയാമായിരുന്നു. അവരുടെ കൂടെ നില്‍ക്കാമെന്നാണ് നമ്മളും തീരുമാനിച്ചത്. അതിന്റെ കൂടെ നിന്നു. അത് അതുപോലെ തന്നെ വര്‍ക്ക് ആവുകയും ചെയ്തു. ഡിയര്‍ ഫ്രണ്ടിനെ പരാജയസിനിമയായി കാറ്റഗറൈസ് ചെയ്യാന്‍ താല്‍പര്യപ്പെടുന്നില്ല.

അതൊരു എക്സ്പിരിമെന്റല്‍ സിനിമയാണ്. വിജയമാകില്ലെന്ന് അറിയാമായിരുന്നു. അതുകൊണ്ടാണ് കുഞ്ഞ് ബജറ്റില്‍ ആ സിനിമ ചെയ്തത്. എല്ലാവര്‍ക്കും ആ സിനിമയെ പറ്റി കൃത്യമായ ക്ലാരിറ്റി ഉണ്ടായിരുന്നു,’ ബേസില്‍ കൂട്ടിച്ചേര്‍ത്തു. അഭിമുഖത്തിന്‍റെ പൂര്‍ണ രൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Content Highlight: Basil Joseph says that Dear Friend’s failure at the theater was they are expected

We use cookies to give you the best possible experience. Learn more