ഇപ്പോള്‍ മലയാള സിനിമ എത്തി നില്‍ക്കുന്നത് ഇന്ത്യയിലെ മറ്റ് ഭാഷകളിലെ സിനിമകള്‍ക്ക് പറ്റാത്ത ഒരു പോയന്റിലാണെന്ന് പറയുകയാണ് നടന് ബേസില്‍ ജോസഫ്. അവരെല്ലാം ഇപ്പോള്‍ കണ്ണ് തള്ളി നില്‍ക്കുകയാണെന്നും നടന് പറയുന്നു.
ഒരു ഹിറ്റ് പോലും ഇല്ലാത്ത സിനിമാ ഇന്ഡസ്ട്രികള് ഇപ്പോള്‍ ഇന്ത്യയിലുണ്ടെന്നും അങ്ങനെ നോക്കുമ്പോള്‍ മലയാള സിനിമ ലോക സിനിമയുടെ ഭൂപടത്തില്‍ വലിയൊരു മാര്ക്കുണ്ടാക്കുമെന്നും നടന് കൂട്ടിച്ചേര്‍ത്തു.
വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു ബേസില്‍ ജോസഫ്. അടുത്ത അഞ്ച് വര്‍ഷത്തിന്റെ ഇടയില്‍ ചിലപ്പോള്‍ കൊറിയന്‍ സിനിമ പോലെയായി മാറുമെന്നും നടന് പറഞ്ഞു.
‘ഇന്ത്യയിലെ മറ്റ് ഭാഷകളിലെ സിനിമകള്‍ക്ക് പറ്റാത്ത ഒരു പോയിന്റിലാണ് ഇപ്പോള്‍ മലയാള സിനിമ എത്തി നില്‍ക്കുന്നത്. അവരെല്ലാം ഇപ്പോള്‍ കണ്ണ് തള്ളി ‘എന്താണ് ഇവിടെ നടക്കുന്നത്’ എന്ന് ചിന്തിച്ച് നില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം തന്നെ എത്ര സിനിമകളാണ് മലയാളത്തില്‍ ഹിറ്റായത്.
ഒരു സിനിമ പോലും ഹിറ്റാക്കാന്‍ പറ്റാത്ത ഇന്‍ഡസ്ട്രീസ് ഇന്ത്യയില്‍ ഇപ്പോഴുമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ മലയാള സിനിമ ലോക സിനിമയുടെ ഭൂപടത്തില്‍ വലിയൊരു മാര്‍ക്ക് ഉണ്ടാക്കാന്‍ പോകുന്ന കാലങ്ങളിലേക്കാണ് നമ്മള് പോകുന്നത്.
അടുത്ത അഞ്ച് വര്‍ഷത്തിന്റെ ഇടയില്‍ ചിലപ്പോള്‍ കൊറിയന്‍ സിനിമയെന്ന് പറയുന്നത് പോലെ മലയാള സിനിമ ഇന്‍ഡസ്ട്രിയും മാറും. ലോക സിനിമ മൊത്തത്തില്‍ ശ്രദ്ധിക്കുന്ന ഒരു ഇന്‍ഡസ്ട്രിയായി മലയാള സിനിമ മാറാനുള്ള പോക്കാണ് ഇപ്പോള്‍ പോയ്ക്കൊണ്ടിരിക്കുന്നത്.
ഇങ്ങനെ പോയാല്‍ അടുത്ത അഞ്ചോ പത്തോ വര്‍ഷത്തിനുള്ളില്‍ കൊറിയയിലെ പിള്ളേരൊക്കെ മലയാള സിനിമയുണ്ടോയെന്ന് ചോദിച്ചിട്ട് വരും. ആ അവസ്ഥയിലേക്ക് എത്തും. പെന്‍ഡ്രൈവും ഹാര്‍ഡ് ഡിസ്ക്കുമൊക്കെ കൊടുത്തിട്ടോ ഗൂഗിളില്‍ പുതിയ മലയാള സിനിമയെന്ന് പറഞ്ഞ് സെര്‍ച്ച് ചെയ്തിട്ടോ അവര്‍ നമ്മുടെ സിനിമ കാണും,’ ബേസില്‍ ജോസഫ് പറഞ്ഞു.
Content Highlight: Basil Joseph says in the next five to ten years, Malayalam cinema will become like Korean cinema