| Tuesday, 26th November 2024, 12:41 pm

നായികയുടെ ഇടി വാങ്ങുന്നത് ഇമേജിനെ ബാധിക്കും എന്ന് ചിന്തിക്കുന്നില്ല; ശരീരഭാഷ നോക്കുമ്പോള്‍ മസ്‌കുലിനായിട്ടുള്ള റോളുകള്‍ വര്‍ക്കാകില്ല: ബേസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്റെ സംവിധാനസഹായിയായി സിനിമാജീവിതം ആരംഭിച്ചയാളാണ് ബേസില്‍ ജോസഫ്. കുഞ്ഞിരാമായണത്തിലൂടെ സ്വതന്ത്രസംവിധായകനായ ബേസില്‍ പിന്നീട് ഗോദ, മിന്നല്‍ മുരളി എന്നീ ചിത്രങ്ങള്‍ അണിയിച്ചൊരുക്കി. മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടാനും ബേസിലിന് സാധിച്ചു. സംവിധാനത്തിന് പുറമെ അഭിനയത്തിലും ബേസില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2021ല്‍ വിപിന്‍ ദാസിന്റെ സംവിധാനത്തിലെത്തിയ ചിത്രമാണ് ജയ ജയ ജയ ജയ ഹേ. വീട്ടകങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ തുറന്നുകാട്ടുന്നതായിരുന്നു ഈ സിനിമ. ഇതുവരെ കാണാതെ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് ബേസില്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചതിന് കുറിച്ച് സംസാരിക്കുകയാണ് ബേസില്‍ ജോസഫ്.

ഒരു സിനിമ വരുമ്പോള്‍ സിനിമ നല്ലതാവണം, സിനിമ എന്തെങ്കിലും വിഷയം സംസാരിക്കുന്നുണ്ടോ, കഥാപാത്രം വര്‍ക്കാവുന്നുണ്ടോ എന്നതൊക്കെയാണ് ശ്രദ്ധിക്കുന്നതെന്ന് ബേസില്‍ പറയുന്നു. നായികയുടെ ഇടി വാങ്ങുന്നത് ഇമേജിനെ ബാധിക്കില്ലേ എന്നൊന്നും ചിന്തിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ മൊത്തത്തിലുള്ള ശരീരഭാഷയും മാനറിസവും വെച്ചുനോക്കുമ്പോള്‍ മസ്‌കുലിനായിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചാലും അത് വര്‍ക്കാവില്ലെന്നും കോമഡിയായിപ്പോകുമെന്നും ബേസില്‍ പറഞ്ഞു. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കഥാപാത്രങ്ങള്‍ കിട്ടുമ്പോള്‍ ആത്യന്തികമായിട്ട് സിനിമ നല്ലതാവണം എന്നു മാത്രമേ ഞാന്‍ ചിന്തിക്കാറുള്ളൂ. ആ സിനിമയ്ക്കുവേണ്ടി പുതുതായി എനിക്ക് എന്തുചെയ്യാന്‍ പറ്റും എന്ന് ആലോചിക്കാറുണ്ട്. സിനിമ എന്തെങ്കിലും വിഷയം സംസാരിക്കുന്നുണ്ടോ, കഥാപാത്രം വര്‍ക്കാവുന്നുണ്ടോ എന്നതിനൊക്കെയാണ് മുന്‍ഗണന.

അതല്ലാതെ, നായികയുടെ ഇടി വാങ്ങിക്കുന്നുണ്ടോ, ഇമേജിനെ ബാധിക്കൂലേ… ഇതൊന്നും ചിന്തിക്കാറേയില്ല. പിന്നെ, എന്റെ മൊത്തത്തിലുള്ള ശരീരഭാഷയും മാനറിസവും വെച്ചുനോക്കുമ്പോള്‍ മസ്‌കുലിനായിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചാലും അത് വര്‍ക്കാവില്ല, കോമഡിയായിപ്പോകും.

മറിച്ച് ജയ ജയ ജയ ജയ ഹേയിലെ കഥാപാത്രത്തെപ്പോലുള്ളവ ചെയ്യുമ്പോള്‍ അത് മറ്റൊരുരീതിയില്‍ സ്വീകരിക്കപ്പെടും. ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആരെങ്കിലും മുന്നോട്ടുവരുന്നതുകൊണ്ടാണല്ലോ സിനിമകള്‍ സംഭവിക്കുന്നത്. അങ്ങനെയൊരു സാധ്യത കാണാന്‍ പറ്റിയാല്‍ ഇത്തരത്തിലുള്ള ജഡ്ജ്‌മെന്റിനെപ്പറ്റി ആകുലപ്പെടേണ്ടതില്ല എന്നു തോന്നുന്നു,’ ബേസില്‍ ജോസഫ് പറയുന്നു.

Content Highlight: Basil Joseph Says He Is Not Conscious About His Image While Doing Female Centric Films 

We use cookies to give you the best possible experience. Learn more