|

ആ നടന്‍ കുച്ചിപ്പുടിയില്‍ സ്റ്റേറ്റ് ചാമ്പ്യന്‍, അടുത്തവര്‍ഷം അദ്ദേഹം 'അമ്മ' സ്റ്റേജുകള്‍ പുളകം കൊള്ളിക്കും: ബേസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിഷുവിന് മലയാള സിനിമാ ലോകം കാത്തിരിക്കുന്ന ചിത്രമാണ് മരണമാസ്. ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദാണ് മരണമാസ് സംവിധാനം ചെയ്തിരിക്കുന്നത്.

നടന്‍ സിജു സണ്ണിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരേഷ് കൃഷ്ണ, രാജേഷ് മാധവന്‍ തുടങ്ങി മികച്ച താരനിരയും ചിത്രത്തിലുണ്ട്. ടൊവിനോയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍.

ഇപ്പോള്‍ സുരേഷ് കൃഷ്ണയെ കുറിച്ച് സംസാരിക്കുകയാണ് ബേസില്‍ ജോസഫ്. മരണമാസ് പുറത്തിറങ്ങിയതിന് ശേഷം ഒരുപക്ഷെ അടുത്ത ‘അമ്മ’ സ്റ്റേജുകള്‍ പുളകം കൊള്ളിക്കാന്‍ പോകുന്നത് സുരേഷ് കൃഷ്ണയായിരിക്കുമെന്നാണ് ബേസില്‍ പറയുന്നത്. വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബേസില്‍.

‘മരണമാസിലെ ഡാന്‍സിന് ശേഷം അടുത്ത കൊല്ലത്തെ അമ്മ സ്റ്റേജുകള്‍ പുളകം കൊള്ളിക്കാന്‍ പോകുന്നത് സുരേഷേട്ടനായിരിക്കും. സുരേഷേട്ടന്റെ നൃത്തനൃത്ത്യങ്ങള്‍ ആയിരിക്കും കാണാനാകുക.

അമ്മ ഷോ എന്നത് വേണമെങ്കില്‍ സുരേഷ് കൃഷ്ണ ഷോ എന്നാക്കി മാറ്റം. അത്രയ്ക്കും അസാധ്യമാണ് പുള്ളി. മരണമാസിന്റെ ഷൂട്ടിനിടെ നമുക്ക് പോലും സ്റ്റെപ്‌സ് പറഞ്ഞ് തന്നിരുന്നത് സുരേഷേട്ടനാണ്. നമ്മള്‍ ഇടയ്ക്ക് സ്റ്റെപ്പെല്ലാം മറന്നുപോകും,’ ബേസില്‍ പറഞ്ഞു.

പിന്നാലെ ഡാന്‍സ് താന്‍ പഠിച്ചിട്ടുണ്ടെന്നും എന്നാല്‍ ഒരു സിനിമയില്‍ പോലും അത് ഉപയോഗിക്കേണ്ടി വന്നിട്ടില്ലെന്നും സുരേഷ് കൃഷ്ണ പറഞ്ഞു. തല്ല് രംഗങ്ങളാണ് ഒരു കാലഘട്ടത്തില്‍ സിനിമയില്‍ തനിക്ക് കിട്ടിയിട്ടുള്ളതെന്നും സുരേഷ് കൃഷ്ണ കൂട്ടിച്ചേര്‍ത്തു.

മരണമാസിന്റെ റിലീസിന് മുന്നോടിയായി സിനിമയുടെ ടീമംഗങ്ങള്‍ നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് കൃഷ്ണയുടെ പ്രതികരണം.

ഇതിനിടെ സുരേഷ് കൃഷ്ണ കുച്ചിപ്പിടിയില്‍ സ്റ്റേറ്റ് ചാമ്പ്യനാണെന്നും ബേസില്‍ പറഞ്ഞു. പിന്നാലെ ബേസില്‍ പറഞ്ഞത് ശരിയാണെന്നും എന്നാല്‍ കുറെയെല്ലാം മറന്നുപോയെന്നും തമിഴ്നാട്ടിലെ ചില പത്രങ്ങളില്‍ എല്ലാം ഈ വാര്‍ത്തകള്‍ വന്നിട്ടുണ്ടെന്നും സുരേഷ് കൃഷ്ണ പറഞ്ഞു.

വന്ന വഴി കുറച്ച് മാറിപ്പോയി. താന്‍ ഡാന്‍സ് ചെയ്യുമോ എന്ന് മരണമാസില്‍ ഉള്ളവര്‍ക്ക് കുറച്ച് സംശയം ഉണ്ടായിരുന്നു. അത് തീര്‍ക്കാന്‍ പണ്ടത്തെ അരങ്ങേറ്റത്തിന്റെ ഫോട്ടോസെല്ലാം ഇവര്‍ക്ക് കാണിച്ച് കൊടുത്തെന്നും സുരേഷ് കൃഷ്ണ കൂട്ടിച്ചേര്‍ത്തു.

Content Highlight: basil joseph saying that actor state champion in kuchipudi