|

കോമഡി അല്ലെങ്കില്‍ സൈഡ് കിക്ക് കഥാപാത്രം എന്ന നിലയില്‍ നിന്ന് ആക്ടര്‍ എന്ന ലെവലിലേക്ക് വളര്‍ന്നത് ആ സിനിമയിലൂടെയാണ്: ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റായി സിനിമയിലേക്ക് കടന്നുവന്നയാളാണ് ബേസില്‍ ജോസഫ്. 2015ല്‍ റിലീസായ കുഞ്ഞിരാമായണത്തിലൂടെയാണ് ബേസില്‍ സ്വതന്ത്രസംവിധായകനായത്. തുടര്‍ന്ന് ഗോദ എന്ന സ്പോര്‍ട്സ് കോമഡി ചിത്രം ഒരുക്കിയ ബേസില്‍ മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധേയനായി. സംവിധാനത്തിന് പുറമെ അഭിനയത്തിലും ബേസില്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

സംവിധാനത്തിന്റെ കൂടെ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ബേസില്‍ ആദ്യമായി ചെയ്ത സീരിയസ് വേഷം ജോജിയിലേതായിരുന്നു. ഫാദര്‍ കെവിന്‍ എന്ന കഥാപാത്രം അതുവരെ കണ്ടതില്‍ നിന്ന് വ്യത്യസ്തമായ ഒന്നായിരുന്നു. കോമഡിയില്‍ നിന്ന് മാറി ആദ്യാവസാനം ഗൗരവക്കാരനായ പള്ളിവികാരിയായി മികച്ച പ്രകടനമായിരുന്നു ബേസില്‍ കാഴ്ചവെച്ചത്.

ഒരു ആക്ടര്‍ എന്ന ലെവലിലേക്ക് താന്‍ വളര്‍ന്നത് ജോജിക്ക് ശേഷമാണെന്ന് ബേസില്‍ പറഞ്ഞു. കൊവിഡിന്റെ സമയത്താണ് ആ സിനിമയിലേക്കുള്ള വിളി വന്നതെന്നും വളരെ വ്യത്യസ്തമായ കഥാപാത്രമായി തോന്നിയതുകൊണ്ടാണ് ആ സിനിമ ചെയ്തതെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. അതുവരെ ചെയ്തിട്ടുള്ള സിനിമകളില്‍ പലതും കോമഡി അല്ലെങ്കില്‍ സൈഡ് കിക്ക് കഥാപാത്രമായിരുന്നു കിട്ടിയിരുന്നതെന്നും ബേസില്‍ പറഞ്ഞു.

ഒറ്റവാക്കില്‍ പറഞ്ഞുതീര്‍ക്കാവുന്ന സ്വഭാവമായിരിക്കും തന്റെ കഥാപാത്രത്തിന്റേതെന്ന് ബേസില്‍ കൂട്ടിച്ചേര്‍ത്തു. നായകന്‍ നന്നായാല്‍ തന്റെ കഥാപാത്രം നന്നാകുമെന്നും നായകന്‍ രക്ഷപ്പെട്ടില്ലെങ്കില്‍ താനും രക്ഷപ്പെടില്ല എന്ന അവസ്ഥയായിരുന്നെന്നും ബേസില്‍ പറഞ്ഞു. അതില്‍ നിന്ന് ഒരു മാറ്റം കിട്ടിയത് ജോജിക്ക് ശേഷമായിരുന്നെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ബേസില്‍ ജോസഫ്.

‘ഒരു ആക്ടര്‍ എന്ന ലെവലിലേക്ക് ഞാന്‍ വളര്‍ന്നത് ജോജിക്ക് ശേഷമാണ്. കൊവിഡിന്റെ സമയത്താണ് ഞാന്‍ ആ പടത്തിന്റെ കഥ കേട്ടത്. അതുവരെ ചെയ്തതില്‍ നിന്ന് വെറൈറ്റിയായിട്ടുള്ള ഒന്നായി തോന്നിയതുകൊണ്ട് ആ ക്യാരക്ടര്‍ ചെയ്തു. എന്നെക്കൊണ്ട് അത്തരം വേഷം ചെയ്യാന്‍ പറ്റുമെന്ന് മനസിലാക്കിയത് അതിന് ശേഷമാണ്.

അതുവരെ കോമഡി അല്ലെങ്കില്‍ സൈഡ് കിക്ക് റോളുകള്‍ മാത്രമായിരുന്നു കിട്ടിക്കൊണ്ടിരുന്നത്. ഒറ്റവരിയില്‍ എന്റെ ക്യാരക്ടറിനെപ്പറ്റി എഴുതാന്‍ പറ്റുമായിരുന്നു. നായകന്‍ രക്ഷപ്പെട്ടാല്‍ ഞാനും രക്ഷപ്പെടും. നായകന്‍ രക്ഷപ്പെടില്ലെങ്കില്‍ ഞാനും രക്ഷപ്പെടില്ല എന്ന ലൈനായിരുന്നു. ജോജിയോടെ അത് മാറ്റാന്‍ പറ്റി,’ ബേസില്‍ ജോസഫ് പറയുന്നു.

Content Highlight: Basil Joseph saying he got confidence to do character roles after Joji movie