|

ഭരതന്‍ സാറോ പദ്മരാജന്‍ സാറോ അല്ല, ചെറുപ്പത്തില്‍ എന്നെ എക്‌സൈറ്റ് ചെയ്യിച്ച സംവിധായകര്‍ അവര്‍ രണ്ടുപേരുമാണ്: ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റായി സിനിമയിലേക്ക് കടന്നുവന്നയാളാണ് ബേസില്‍ ജോസഫ്. 2015ല്‍ റിലീസായ കുഞ്ഞിരാമായണത്തിലൂടെയാണ് ബേസില്‍ സ്വതന്ത്രസംവിധായകനായത്. തുടര്‍ന്ന് ഗോദ എന്ന സ്‌പോര്‍ട്‌സ് കോമഡി ചിത്രം ഒരുക്കിയ ബേസില്‍ മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധേയനായി. സംവിധാനത്തിന് പുറമെ അഭിനയത്തിലും ബേസില്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ബേസില്‍ സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളും ഗ്രാമത്തിന്റെ അന്തരീക്ഷത്തിലാണ് കഥ പറഞ്ഞത്. എന്നാല്‍ അത് മനപൂര്‍വം അങ്ങനെ ചെയ്തതല്ലെന്ന് പറയുകയാണ് ബേസില്‍ ജോസഫ്. മഹേഷിന്റെ പ്രതികാരം പോലെ പക്കാ റിയലിസ്റ്റിക്കായിട്ടുള്ള ഗ്രാമങ്ങളുടെ കഥ തന്നെക്കൊണ്ട് പുള്‍ ഓഫ് ചെയ്യാന്‍ സാധിക്കില്ലെന്നും മുത്തശ്ശിക്കഥകളിലേത് പോലുള്ള ഗ്രാമങ്ങളാണ് തന്റെ സിനിമകള്‍ ഡിമാന്‍ഡ് ചെയ്യുന്നതെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു.

കുട്ടിക്കാലത്ത് വായിച്ച പുസ്തകങ്ങളും ചെറുപ്പത്തില്‍ കണ്ട സിനിമകളും അത്തരം ചിന്തകള്‍ രൂപപ്പെടാന്‍ സഹായിച്ചിട്ടുണ്ടെന്നും ബേസില്‍ ജോസഫ് പറഞ്ഞു. പ്രിയദര്‍ശന്റെയും സത്യന്‍ അന്തിക്കാടിന്റെയും സിനിമകള്‍ കണ്ടാണ് താന്‍ വളര്‍ന്നതെന്നും അതിലെ ഗ്രാമങ്ങളും അവിടുത്തെ ആളുകളും തന്നെ എക്‌സൈറ്റ് ചെയ്തിട്ടുണ്ടെന്നും ബേസില്‍ ജോസഫ് പറയുന്നു.

ഭരതന്റെയോ പദ്മരാജന്റെയോ സിനിമകള്‍ കണ്ടിട്ട് തനിക്ക് അങ്ങനെ എക്‌സൈറ്റ്‌മെന്റ് തോന്നിയിട്ടില്ലെന്നും ചിത്രം, കിലുക്കം, നാടോടിക്കാറ്റ്, പട്ടണപ്രവേശം പോലുള്ള സിനിമകളാണ് തന്നെ കൂടുതലും ഇന്‍ഫ്‌ളുവന്‍സ് ചെയ്തതെന്നും ബേസില്‍ പറഞ്ഞു. ഗോദയുടെയും മിന്നല്‍ മുരളിയുടെയും കഥ മറ്റൊരു പശ്ചാത്തലത്തില്‍ എഴുതിയ സിനിമകളായിരുന്നെന്നും അതിനെ പിന്നീട് താന്‍ മാറ്റിയെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ബേസില്‍ ജോസഫ്.

‘സംവിധാനം ചെയ്ത മൂന്ന് സിനിമകളും ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറഞ്ഞത്. മനപൂര്‍വം അങ്ങനെ ചെയ്തതല്ല. കഥ ഡിമാന്‍ഡ് ചെയ്യുന്നത് അത്തരം ഗ്രാമങ്ങളാണ്. പക്ഷേ, മഹേഷിന്റെ പ്രതികാരത്തില്‍ കാണുന്നതുപോലെ പക്കാ റിയലിസ്റ്റിക്കായിട്ടുള്ള കഥ പുള്‍ ഓഫ് ചെയ്യാന്‍ എനിക്ക് സാധിക്കില്ല. മുത്തശ്ശിക്കഥകളിലൊക്കെ കേള്‍ക്കുന്നതുപോലെ സ്വല്പം കോമിക് ടച്ചുള്ള ഗ്രാമങ്ങളില്‍ കഥ പറയാനാണ് എനിക്കിഷ്ടം. കുട്ടിക്കാലത്ത് വായിച്ച പുസ്തകങ്ങളും ചെറുപ്പത്തില്‍ കണ്ട സിനിമകളും അതിന് സഹായിച്ചിട്ടുണ്ട്.

അതില്‍ തന്നെ പ്രിയദര്‍ശന്‍ സാറിന്റെയും സത്യന്‍ അന്തിക്കാട് സാറിന്റെയും സിനിമകളാണ്. ഭരതന്‍ സാറിന്റെയോ പദ്മരാജന്‍ സാറിന്റെയോ സിനിമകള്‍ എന്നെ എക്‌സൈറ്റ് ചെയ്യിച്ചില്ല. കിലുക്കം, ചിത്രം, നാടോടിക്കാറ്റ്, പട്ടണപ്രവേശം, മനു അങ്കിള്‍ പോലുള്ള സിനിമകളാണ് എന്റെ ഇന്‍സ്പിറേഷന്‍. മിന്നല്‍ മുരളിയും ഗോദയും വേറൊരു പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമകളായിരുന്നു. എന്റെ നിര്‍ബന്ധത്തിലാണ് അത് മാറിയത്,’ ബേസില്‍ ജോസഫ് പറയുന്നു.

Content Highlight: Basil Joseph saying films of Priyadarshan and Sathyan Anthikkad excited him in childhood

Video Stories