ചെറിയ സിനിമകള്‍ കാണാന്‍ തിയേറ്ററിലേക്ക് ആളുകള്‍ വരുമോ എന്ന ആശങ്ക ഇപ്പോഴുണ്ടെന്ന് ബേസില്‍ ജോസഫ്. ഫാലിമി സിനിമ ഇറങ്ങുന്നതിന് മുമ്പുള്ള ഒരാഴ്ച ടെന്‍ഷന്‍ കാരണം തനിക്ക് ഉറങ്ങാന്‍ സാധിച്ചില്ലെന്നും ബേസില്‍ പറഞ്ഞു. ഒ.ടി.ടി പോലെ ഒരുപാട് പ്ലാറ്റ് ഫോമുകള്‍ ഉള്ള സമയത്ത് സൂപ്പര്‍സ്റ്റാറുകള്‍ എല്ലാ തരത്തിലുമുള്ള സിനിമ ചെയ്യുന്നത് തിയേറ്ററിലേക്ക് ആള് വരാന്‍ സഹായിക്കുമെന്നും മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ ബേസില്‍ പറഞ്ഞു.
‘ഫാലിമി എന്ന സിനിമ സിനിമ ഇറങ്ങുന്നതിന് മുമ്പുള്ള ഒരാഴ്ച ടെന്‍ഷന്‍ കാരണം എനിക്ക് ഉറക്കമുണ്ടായിരുന്നില്ല. ഈ സിനിമ വിജയിക്കുമോ എന്ന ആശങ്കയായിരുന്നു. കാരണം മിഡ് ബജറ്റ് സിനിമകളാണ് ഞാന്‍ ചെയ്യാറുള്ളത്, ബിഗ് ബജറ്റല്ല. ഇതുപോലുള്ള സിനിമകള്‍ നല്ലതാണെങ്കിലും തിയേറ്ററില്‍ വിജയിക്കുമോ എന്നുള്ളത് എന്നെ അലട്ടുന്ന കാര്യമാണ്. ആ സിനിമയുടെ റിലീസിന് ശേഷമേ അത് ഉറപ്പിക്കാനാവൂ.
അങ്ങനെയുള്ള സിനിമകള്‍ ഒ.ടി.ടിയില്‍ കാണാമെന്ന് ആളുകള്‍ വിചാരിക്കും. ചെറിയ ബജറ്റില്‍ വന്ന് തിയേറ്ററില്‍ വിജയിച്ചത് വളരെ ചുരുക്കം സിനിമകളാണ്. രോമാഞ്ചവും ജയ ഹേയുമൊക്കെ ഒരു എക്‌സ് ഫാക്ടര്‍ കൊണ്ട് വലിയ വിജയമായി. കുടുംബചിത്രങ്ങള്‍ പഴയതുപോലെ ഇപ്പോള്‍ തിയേറ്ററില്‍ ഓടുമോ എന്ന് സംശയമാണ്. അങ്ങനെയൊരു കാലത്ത് ഫാലിമി കാണാന്‍ ആളുകള്‍ വന്നുവെന്ന് അറിഞ്ഞപ്പോള്‍ സമാധാനമുണ്ടായിരുന്നു.
കൊവിഡിന് ശേഷം വലിയ മാറ്റമാണ് ഉണ്ടായത്. ഒ.ടി.ടിയെല്ലാം വന്നു. അങ്ങനെയുള്ള കാലത്ത് ഒരു മാറ്റമുണ്ടാകണമെങ്കില്‍ മമ്മൂക്കയേയും പോലെയും ലാലേട്ടനേയും പോലെയുള്ള സൂപ്പര്‍സ്റ്റാറുകള്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യുന്നത് നല്ലതാണ്. നേര് എന്ന സിനിമ ഹിറ്റായി. അതൊരു കോര്‍ട്ട് റൂം ഡ്രാമയാണ്. ആ സിനിമ ലാലേട്ടനെ പോലെ ഒരു താരം ചെയ്യുന്നത് വലിയ കാര്യമാണ്. മമ്മൂക്കയെ പോലെ ഒരു താരം കാതല്‍ പോലെയൊരു സിനിമ ചെയ്യുന്നു, അല്ലെങ്കില്‍ ഭ്രമയുഗം ചെയ്യുന്നു.
വലിയ താരങ്ങള്‍ സിനിമകള്‍ മിക്‌സ് ചെയ്ത് ചെയ്താലെ 90കളിലെയോ 2000ങ്ങളിലോ ഉണ്ടായിരുന്ന പോലെ എല്ലാവരും തിയേറ്ററിലേക്ക് വരികയുള്ളൂ. ഇല്ലെങ്കില്‍ ഇവിടെ വിജയിച്ച തമിഴ്, തെലുങ്ക് സിനിമകളുടെ ഫോര്‍മാറ്റിലേക്ക് പോവുമായിരുന്നു. മാസും ഫൈറ്റ് ചെയ്യണ്ട എന്നല്ല, അതും ചെയ്യണം, എല്ലാത്തിന്റേയും മിക്‌സ് വരണം,’ ബേസില്‍ പറഞ്ഞു.
Content Highlight: Basil Joseph said that he is now worried about whether people will come to the theater to watch small films