കഠിനകഠോരമീ അണ്ഡകടാഹം സിനിമയുമായി ബന്ധപ്പെട്ട് ബേസില്‍ ജോസഫ് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ ശ്രദ്ധ നേടുന്നു. ജാങ്കോ സ്‌പേസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബേസിലിനൊപ്പം നടി പാര്‍വതിയും നടന്‍ നിര്‍മല്‍ പാലാഴിയുമുണ്ടായിരുന്നു.
അഭിമുഖത്തിനിടയില്‍ നിര്‍മല്‍ പാലാഴിയോട് ‘ചേട്ടന്‍ കോഴിക്കോട് നിന്നുമല്ലേ വരുന്നത്, ചേട്ടന്‍ പറയുന്ന സ്ലാങ് മനസിലാവുന്നുണ്ട്. ചിലര്‍ സംസാരിക്കുന്നത് മനസിലാവില്ല,’ എന്ന് അവതാരക പറയുകയായിരുന്നു.
‘ഇങ്ങനെ തന്നെയാ കോഴിക്കോട്ടുകാര്‍ വര്‍ത്തമാനം പറയുക. കോഴിക്കോട്ടുകാര്‍ പറയുന്നത് മനസിലാവും. കാസര്‍ഗോഡ് പറയുന്നതൊക്കെയാണ് മനസിലാവാത്തത്,’ എന്നായിരുന്നു ഇതിനോടുള്ള ഹരീഷിന്റെ മറുപടി.
ഈ സമയത്തായിരുന്നു ബേസിലിന്റെ മറുപടിയും വന്നത്. ‘കുട്ടി പ്രതീക്ഷിക്കുന്നത് ങ്ങള്, അള്ളാ, ങ്ങളെന്താണിക്കാ, ഞമ്മള്, പക്കേങ്കില്, ആ കോഴിക്കോടാണോ, അങ്ങനെയൊരു കോഴിക്കോടില്ല, കുട്ടി ഒരുപാട് സിനിമ കണ്ടിരിക്കുന്നു,’ എന്നാണ് ബേസില്‍ പറഞ്ഞത്. ഈ ഭാഗത്തിന്റെ വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
കഴിഞ്ഞ ഏപ്രില്‍ 21നാണ് കഠിന കഠോരമീ അണ്ഡകഠാഹം റിലീസ് ചെയ്തത്. ബേസിലിന്റെ പ്രകടനത്തിനും ചിത്രത്തിനും വലിയ പ്രശംസയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. മുഹാഷിന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഹര്‍ഷദായിരുന്നു. ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ബിനു പപ്പു, സുധീഷ്, സ്വാതി ദാസ് പ്രഭു, ശ്രീജ രവി, ഷിബില ഫറ, സ്‌നേഹ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: basil joseph’s reply in an interview gains attension