| Tuesday, 25th April 2023, 1:11 pm

മിന്നല്‍ മുരളിയിലൂടെ മലയാള സിനിമയെ ഉയര്‍ത്താന്‍ മാത്രമല്ല, അയാള്‍ക്ക് മലയാളിയെ കരയിക്കാനും അറിയാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി എന്നീ സിനിമകള്‍ മാത്രം മതി മലയാള സിനിമക്ക് ബേസില്‍ ജോസഫ് ആരാണെന്ന് മനസിലാകാന്‍. അത്രയധികം സംഭാവനകള്‍ അയാള്‍ മലയാള സിനിമക്ക് നല്‍കിയിട്ടുണ്ട്. മിന്നല്‍ മുരളി എന്ന സിനിമയിലൂടെ മലയാളത്തെ പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് ഉയര്‍ത്താനും ബേസില്‍ എന്ന സംവിധായകന് സാധിച്ചു. ഇന്ത്യയൊട്ടാകെ മിന്നല്‍ മുരളി ചര്‍ച്ചയാകുകയും ചെയ്തു.

സംവിധാനം മാത്രമല്ല അഭിനയവും വശമുണ്ടെന്ന് പലയാവര്‍ത്തി ബേസില്‍ തെളിയിച്ചിട്ടുണ്ട്. കോമഡി റോളില്‍ അയാള്‍ തന്റേതായ അഭിനയ മികവ് കണ്ടെത്തിയിട്ടുണ്ട്. സ്വാഭാവിക അഭിനയമാണ് ബേസില്‍ എന്ന നടന്റെ മികവ്. ജാന്‍ എ മന്‍ പോലെയുള്ള സിനിമകളിലൂടെ അയാളിലെ നടനെ മലയാളിക്ക് കൂടുതല്‍ അറിയാന്‍ സാധിച്ചു. പിന്നെ ജയ ജയ ജയ ജയ ഹേ കൂടിയാകുമ്പോള്‍ ബേസില്‍ എന്ന സംവിധായകന് പുറമെ നടനും വലിയ രീതിയില്‍ അംഗീകരിക്കപ്പെട്ടു.

ഇപ്പോഴിതാ അഭിനയ മികവിന്റെ പുതിയ കാഴ്ചയുമായി എത്തിയിരിക്കുകയാണ് ബേസില്‍. മുഹഷിന്റെ സംവിധാനത്തില്‍ ഏപ്രില്‍ 21ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് കഠിന കഠോരമീ അണ്ഡകടാഹം. ചിത്രത്തില്‍ ബച്ചു എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് ബേസിലാണ്. തനിക്ക് ലഭിച്ച കഥാപാത്രത്തെ അതിന്റെ പൂര്‍ണതയിലെത്തിക്കാന്‍ ബേസിലിന് കഴിഞ്ഞു.

എടുക്കുന്ന ഓരോ തീരുമാനങ്ങളും ചെയ്യുന്ന ഓരോ പ്രവൃത്തിയും പരാജയമായി മാറുന്ന ജീവിത സാഹചര്യത്തിലൂടെയാണ് ബച്ചു നിരന്തരം കടന്നുപോകുന്നത്. അതിനെയൊക്കെ അതിജീവിച്ച് മുന്നോട്ട് പോകുന്ന അയാളിലേക്ക് പൊടുന്നെനെയാണ് ഒരു പ്രതിസന്ധി വന്നുചേരുന്നത്. അതിനെ മറികടക്കാന്‍ അയാള്‍ നടത്തുന്ന പരിശ്രമങ്ങളാണ് ഈ സിനിമ.

ആ കഥാപാത്രത്തിന് ജീവന്‍ നല്‍കാന്‍ ബേസിലിന് കഴിഞ്ഞു. സിനിമയുടെ ഒടുവില്‍ തകര്‍ന്നുപോകുന്ന ബെച്ചു പൊട്ടിക്കരയുന്ന ഒരു സീനുണ്ട്. തിയേറ്ററിലിരിക്കുന്ന ഓരോ പ്രേക്ഷകന്റെയും ഹൃദയം തകര്‍ക്കുന്ന നിമിഷമാണത്. ബേസില്‍ എന്ന നടന്റെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ബെച്ചുവെന്ന് നിസംശയം പറയാന്‍ സാധിക്കും.

content highlight: basil joseph’s performance in kadina kadoramee andakadaham movie

We use cookies to give you the best possible experience. Learn more