| Saturday, 21st January 2023, 12:46 pm

പച്ച പിടിക്കാതെ പോയ അസിസ്റ്റന്‍റ് ഡയറക്ടര്‍ ടൊവിനോ തോമസിന് ആശംസകള്‍ നേര്‍ന്ന് ബേസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ ടൊവിനോക്ക് ജന്മദിനാശംസകള്‍ നേരുകയാണ് സിനിമാലോകം. അഭിനേതാക്കളും സംവിധായകരുമെല്ലാം ടൊവിനോക്ക് ആശംസകളുമായി എത്തുന്നുണ്ട്.

ഇക്കൂട്ടത്തില്‍ ഏറ്റവും വെറെെറ്റിയായ ഒരു ആശംസയാണ് സംവിധായകനും നടനും സുഹൃത്തുമായ ബേസില്‍ ജോസഫ് പങ്കുവെച്ചിരിക്കുന്നത്. ഗോദ സിനിമയില്‍ ഇടക്കെല്ലാം ടൊവിനോ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തിരുന്നുവെന്നാണ് ആശംസയില്‍ ബേസില്‍ പറയുന്നത്, അതിനൊപ്പം കിടിലനായി ട്രോളുന്നുമുണ്ട്.

‘നീ ഡയറക്ഷനില്‍ പച്ച പിടിച്ചില്ലെങ്കിലും വല്യ ഒരു നടന്‍ ആയല്ലൊ. അതുകൊണ്ട് Happy birthday അളിയാ,’ ബേസില്‍ പറയുന്നു. ഗോദയുടെ ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള ചിത്രവും ഇതോടൊപ്പമുണ്ട്.

ഇതിലും മികച്ച ബര്‍ത്ത്‌ഡേ വിഷ് സ്വപ്‌നങ്ങളില്‍ മാത്രമെന്നാണ് പോസ്റ്റിന് കമന്റുകള്‍ വരുന്നത്. നടനും സംവിധായകനുമായി ഒരുപോലെ തിളങ്ങി നില്‍ക്കുന്ന ബേസില്‍ ടൊവിനോക്ക് ഒരു കുത്ത് കൊടുത്തതല്ലേ എന്ന് ചിരിയോടെ ചോദിക്കുന്നവരുമുണ്ട്.

പരസ്പരം ട്രോളിക്കൊണ്ട് പോസ്റ്റ് ഇടുന്ന സിനിമാ സൗഹൃദങ്ങളില്‍ മുന്‍പന്തിയിലാണ് ടൊവിനോയുടെയും ബേസിലിന്റെയും സ്ഥാനം. ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള ബേസിലിന്റെ പല തമാശ വീഡിയോകളും ടൊവിനോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്.

മിന്നല്‍ മുരളി ഷൂട്ടിനിടയില്‍ പഴം തിന്നുന്ന ബേസിലിന്റെ വീഡിയോ ഇക്കൂട്ടത്തില്‍ ഏറെ വൈറലായിരുന്നു. ഇരുവരുടെയും സിനിമകളെ പ്രൊമോട്ട് ചെയ്യാനും ട്രോള്‍ തന്നെയാണ് രണ്ട് പേരും തെരഞ്ഞെടുക്കാറുള്ളത്.

തല്ലുമാലയിലെ പാത്തു പാട്ട് വെച്ച് പാല്‍തു ജാന്‍വര്‍ ഇറങ്ങിയ സമയത്ത് ബേസിലും ടൊവിനോയും എഴുതിയ പോസ്റ്റുകള്‍ വലിയ ചിരി പടര്‍ത്തിയിരുന്നു.

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഗോദയിലും മിന്നല്‍ മുരളയിലും ടൊവിനോ തോമസായിരുന്നു നായകന്‍. ഇരുവരുടെയും കരിയറില്‍ നിര്‍ണായകമായ സ്ഥാനമുള്ള ചിത്രങ്ങളാണിത്.

അതേസമയം, ടൊവിനോയുടെ ജന്മദിനത്തില്‍ താരം നായകനാകുന്ന നീലവെളിച്ചം, അജയന്റെ രണ്ടാം മോഷണം എന്നീ ചിത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു. ആവേശപൂര്‍വമാണ് ആരാധകര്‍ ഈ പോസ്റ്ററുകളെ സ്വീകരിച്ചത്.

Content Highlight: Basil Joseph’s funny birthday wish for Tovino Thomas

Latest Stories

We use cookies to give you the best possible experience. Learn more