'സത്യന്‍ അന്തിക്കാടിന്റെ ഏതെങ്കിലും സിനിമ റീമേക്ക് ചെയ്യാന്‍ അവസരം കിട്ടിയാല്‍ ആ സിനിമയാകും ഞാന്‍ തെരഞ്ഞെടുക്കുക': ബേസില്‍ ജോസഫ്
Entertainment
'സത്യന്‍ അന്തിക്കാടിന്റെ ഏതെങ്കിലും സിനിമ റീമേക്ക് ചെയ്യാന്‍ അവസരം കിട്ടിയാല്‍ ആ സിനിമയാകും ഞാന്‍ തെരഞ്ഞെടുക്കുക': ബേസില്‍ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th February 2024, 8:57 pm

സ്വാഭാവികമായ നര്‍മങ്ങള്‍ ചേര്‍ത്ത് സിനിമയെടുക്കുന്ന സംവിധായകനാണ് ബേസില്‍ ജോസഫ്. ആദ്യ സിനിമയായ കുഞ്ഞിരാമായണത്തിലും പിന്നീട് വന്ന ഗോദയിലും അത് കാണാന്‍ സാധിച്ചു. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമായ മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടാനും ബേസിലിനായി. സംവിധാനത്തോടൊപ്പം അഭിനയവും തനിക്ക് വഴങ്ങുമെന്നും ബേസില്‍ തെളിയിച്ചു. ജയ ജയ ജയ ജയ ഹേ, ഫാലിമി, കഠിനകഠോരമീ അണ്ഡകടാഹം എന്നീ സിനിമകള്‍ ബേസിലിലെ നടനെ അടയാളപ്പെടുത്തിയ സിനിമകളായിരുന്നു.

മാതൃഭൂമി നടത്തുന്ന ‘ക’ അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാടിനോടൊപ്പമുള്ള സെഷനില്‍ സത്യന്‍ അന്തിക്കാടിന്റെ ഏതെങ്കിലുമൊരു സിനിമ ഒന്നുകൂടെ ചെയ്യാന്‍ അവസരം ലഭിച്ചാല്‍ ഏത് സിനിമയാവും ചെയ്യുക എന്ന ചോദ്യത്തിന് ബേസിലിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘അങ്ങനെയൊരു അവസരം ലഭിച്ചാല്‍ സത്യന്‍ സാറിന്റെ പിന്‍ഗാമി എന്ന സിനിമയായിരിക്കും ഞാന്‍ ചെയ്യുക. അന്ന് ആ സിനിമയിലൂടെ സാറിന് നേടാന്‍ പറ്റാത്തത് ചിലപ്പോള്‍ ഞാന്‍ നേടും,’ ബേസില്‍ പറഞ്ഞു.

മോഹന്‍ലാലിനെ നായകനാക്കി 1994ല്‍ സത്യന്‍ അന്തിക്കാട് ചെയ്ത ചിത്രമാണ് പിന്‍ഗാമി. തന്റെ അച്ഛന്റെ മരണത്തിന് കാരണമായവരെ അന്വേഷിച്ചിറങ്ങുന്ന മകന്റെ കഥയാണ് ചിത്രത്തിന്റേത്. അതുവരെ കുടുംബ സിനിമകള്‍ മാത്രം ചെയ്തുകൊണ്ടിരുന്ന സത്യന്‍ അന്തിക്കാട് തന്റെ ശൈലിയില്‍ നിന്ന് മാറി ചെയ്ത സിനിമയായിരുന്നു അത്. പ്രതീക്ഷിച്ചത്ര വിജയം അന്ന് സിനിമക്ക് നേടാന്‍ സാധിച്ചില്ലെങ്കിലും പില്‍ക്കാലത്ത് സത്യന്‍ അന്തിക്കാടിന്റെ മികച്ച സിനിമകളിലൊന്നായി പിന്‍ഗാമി മാറി. മോഹന്‍ലാലിനെക്കൂടാതെ തിലകന്‍, ജഗതി, സുകുമാരന്‍, ഇന്നസെന്റ് എന്നിവരും ചിത്രത്തിലുണ്ടായിരുന്നു.

Content Highlight: Basil Joseph reveals the one Sathyan Anthikkad movie that he want to remake