| Thursday, 30th December 2021, 12:51 pm

മിന്നല്‍ മുരളിയില്‍ ഐശ്വര്യ ലക്ഷ്മിയും; ആരും കണ്ടെത്താത്ത ബ്രില്യന്‍സ് പുറത്ത് വിട്ട് ബേസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിന്നല്‍ മുരളി തരംഗത്തിലാണ് തെന്നിന്ത്യയാകെ. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമെന്ന വിശേഷണത്തോടെ വന്ന മിന്നല്‍ മുരളി പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്കാണ് ടൊവിനോയെ എത്തിച്ചത്.

സിനിമ ഇറങ്ങിയതിന് പിന്നാലെ ബേസില്‍ ഒളിപ്പിച്ചു വെച്ച പല ബ്രില്യന്‍സുകളും പ്രേക്ഷകര്‍ കണ്ടത്തിയിരുന്നു. ജെയ്‌സന്റെ വളര്‍ത്തച്ഛനായ വര്‍ക്കിക്ക് ശബ്ദം നല്‍കിയത് നടന്‍ ഹരീഷ് പേരടിയാമെന്നുള്ള വിവരമൊക്കെ വൈകിയാണ് പലരും തിരിച്ചറിഞ്ഞത്.

ചിത്രത്തിന്റെ മുക്കും മൂലയും അരിച്ചുപെറുക്കി ബ്രില്യന്‍സിന്റെ പൊട്ടും പൊടിയും കണ്ടെത്തിയ പ്രേക്ഷകരുടെ കണ്ണില്‍ പെടാത്ത ഒരു രഹസ്യം പുറത്ത് വിടുകയാണ് ബേസില്‍ ജോസഫ്.

നടി ഐശ്വര്യ ലക്ഷ്മിയും ചിത്രത്തിന്റെ ഭാഗമായിരുന്നു എന്ന വിവരമാണ് ബേസില്‍ പുറത്ത് വിട്ടത്. എന്നാല്‍ അഭിനേതാവായല്ല, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായാണ് ഐശ്വര്യ സിനിമയുടെ ഭാഗമായത്.

ജോസ്‌മോന്റെ ടീച്ചര്‍ ക്ലാസില്‍ മിന്നലിനെ കുറിച്ച് പഠിപ്പിക്കുമ്പോള്‍, എഴുന്നേറ്റ് നിന്ന് ‘അപ്പോ മിന്നലടിച്ചിട്ട് മരിച്ചില്ലെങ്കിലോ ടീച്ചറേ’ എന്ന് സംശയം ചോദിക്കുന്ന കുട്ടിക്കാണ് ഐശ്വര്യ ശബ്ദം കൊടുത്തത്. ഐശ്യര്യ ഡബ്ബ് ചെയ്യുന്ന വീഡിയോയും ബേസില്‍ പങ്കുവെച്ചിട്ടുണ്ട്.

സിനിമയിലുള്ള ചെറിയ ഡീറ്റെയിലിങ് വരെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ബേസില്‍ ജോസഫ് ചിത്രം ആയതുകൊണ്ട് തന്നെ ബ്രില്യന്‍സുകള്‍ക്ക് പഞ്ഞം ഉണ്ടാകില്ല എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

കഴിഞ്ഞ 24 നായിരുന്നു മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളി നെറ്റ്ഫ്ളിക്സിലൂടെ റീലീസ് ചെയ്തത്. കുറുക്കന്‍ മൂലയുടെ സൂപ്പര്‍ ഹീറോ ആയ മിന്നല്‍ മുരളിയുടെ കഥയാണ് ചിത്രം പറയുന്നത്. നെറ്റ്ഫ്ളിക്‌സിന്റെ ഇന്ത്യന്‍ ട്രന്റിങ് ലിസ്റ്റില്‍ ഒന്നാമതായി തന്നെ തുടരുകയാണ് ചിത്രം ഇപ്പോഴും.

ഇംഗ്ലീഷ് ഉള്‍പ്പടെ ആറ് ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്ളിക്‌സില്‍ ലഭ്യമാക്കിയത്. നിരവധി ഭാഷകളില്‍ സിനിമ കാണാന്‍ സാധിച്ചത് തന്നെയാണ് ഇന്ത്യന്‍ മുഴുവന്‍ മിന്നല്‍ മുരളി ചര്‍ച്ചയാവാന്‍ ഉള്ള കാരണവും.

ഗ്രേറ്റ് ഖാലിയേയും യുവരാജ് സിംഗിനേയും എത്തിച്ച് നിര്‍മിച്ച വീഡിയോകളും എയിന്‍ ദുബായില്‍ പ്രൊമോ പ്രദര്‍ശിപ്പിച്ചും വമ്പന്‍ പ്രചാരണമാണ് മിന്നല്‍ മുരളിക്ക് നെറ്റ്ഫ്‌ളിക്‌സ് നല്‍കിയത്.

ഗുരു സോമസുന്ദരം അവതരിപ്പിച്ച ഷിബു എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. കേരളത്തിന് അകത്തും പുറത്തും നിന്നുമായി നിരവധി പേരാണ് മിന്നല്‍ മുരളി കണ്ട് സാമൂഹിക മാധ്യമങ്ങള്‍ വഴി അഭിനന്ദനങ്ങള്‍ അറിയിക്കുന്നത്.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയും തമിഴ് സംവിധായകന്‍ വെങ്കട് പ്രഭുവുമെല്ലാം മിന്നല്‍ മുരളിയെ അഭിനന്ദിച്ചെത്തിയിരുന്നു.

ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ പുറത്ത് വരുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. ടൊവിനോ തോമസ്-ബേസില്‍ കൂട്ട് കെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രവും. നേരത്തെ ഇരുവരും ഗോദയില്‍ ഒന്നിച്ചിരുന്നു.

ടൊവിനോ തോമസ്, അജു വര്‍ഗീസ്, ഗുരു സോമസുന്ദരം, മാമുക്കോയ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തിലെ നായിക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: basil joseph reveals that aiswarya lakshmi is part of minnal murali

We use cookies to give you the best possible experience. Learn more