| Thursday, 30th December 2021, 4:24 pm

ഓസ്‌കാര്‍ കമ്മിറ്റിക്ക് പരിശോധിക്കാനായി മിന്നല്‍ മുരളിയിലെ ഒരു സീന്‍ തെരഞ്ഞെടുത്ത് നല്‍കാന്‍ പറഞ്ഞാല്‍ ഏതെടുക്കും; മറുപടിയുമായി ബേസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊവിഡ് ലോക്ക്ഡൗണ്‍ മൂലം ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സിന് നല്‍കിയതിലൂടെ ചിത്രത്തിന് ഒട്ടേറെ ഗുണങ്ങളാണ് ലഭിച്ചത്. ഒരു പക്ഷേ കേരളത്തില്‍ മാത്രം ഒതുങ്ങി പോവുമായിരുന്ന ചിത്രമാണ് നെറ്റ്ഫ്‌ളിക്‌സിലൂടെ രാജ്യമെങ്ങും പ്രസിദ്ധി നേടിയത്.

സിനിമ റിലീസ് ചെയ്തുകഴിഞ്ഞപ്പോള്‍ ഏറ്റവുമധികം ചര്‍ച്ചയായത് വില്ലനായ ഷിബുവിന്റെ പ്രണയമായിരുന്നു. തനിക്കും ഏറ്റവും പ്രിയപ്പെട്ട രംഗമായി ബേസില്‍ തെരഞ്ഞെടുത്തതും ഷിബുവും ഉഷയും തമ്മിലുള്ള പ്രണയരംഗങ്ങളായിരുന്നു.

നെറ്റ്ഫ്‌ളിക്‌സിന്റെ ഡയറക്ടേഴ്‌സ് റൗണ്ട് ടേബിളില്‍ പങ്കെടുക്കവേ, ഓസ്‌കാര്‍ കമ്മിറ്റിക്ക് പരിശോധിക്കാനായി സിനിമയില്‍ നിന്നും ഒരു സീന്‍ തെരഞ്ഞെടുത്ത് നല്‍കാന്‍ പറഞ്ഞാല്‍ ഏത് സീന്‍ തെരഞ്ഞെടുക്കുമെന്ന ചോദ്യത്തിനാണ് ബേസില്‍ ഷിബുവിനെ പറ്റി പറഞ്ഞത്.

‘സെക്കന്റ് ഹീറോയുടെ സീനായിരിക്കും ഞാന്‍ തെരഞ്ഞെടുക്കുക. ഞാന്‍ അദ്ദേഹത്തെ വില്ലന്‍ എന്ന് വിളിക്കില്ല. കാമുകിയെ ലഭിക്കാനായി അയാള്‍ അവളുടെ സഹോദരനെ കൊല്ലുകയാണ്. ആ സീനിലാണ് ഷിബു എന്ന കഥാപാത്രം അവളെ എത്രമാത്രം സ്‌നേഹിച്ചിരുന്നു എന്നും എത്ര മാത്രം ട്രോമയിലൂടെയാണ് അയാള്‍ കടന്നു പോയതെന്നും പറയുന്നത്.

പിന്നീട് അയാള്‍ നെഗറ്റീവ് ഷെയ്ഡിലേക്ക് പോവുകയാണ്. അവിടെയാണ് ഈ രംഗത്തിന്റെ വിചിത്രത വരുന്നത്. ആ സീനില്‍ ഷിബുവിനോടും ഉഷയോടും നമുക്ക് സഹാനുഭൂതി തോന്നും. അയാള്‍ കൊലപാതകിയാണെങ്കിലും എതിര് നില്‍ക്കാന്‍ നമുക്ക് തോന്നില്ല. ആ രംഗമാണ് ഈ സിനിമയിലെ ടേണിംഗ് പോയിന്റ്,’ ബേസില്‍ പറഞ്ഞു.

ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ ഷിബുവിനെ അവതരിപ്പിച്ച ഗുരു സോമസുന്ദരത്തിന് അഭിനന്ദന പ്രവാഹമായിരുന്നു. വില്ലന്റെ മാനസിക സംഘര്‍ഷം ആവിഷ്‌കരിച്ച അപൂര്‍വം മലയാളം സിനിമകളിലൊന്നായി മിന്നല്‍ മുരളി മാറി.

സിനിമയുടെ റിലീസിന് മുന്‍പ് വില്ലന്‍ കഥാപാത്രം ചെയ്യാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ടൊവിനോയും പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നെറ്റ്ഫ്‌ളിക്‌സിന്റെ ആക്ടേഴ്‌സ് റൗണ്ട് ടേബിളില്‍ ടൊവിനോയും പങ്കെടുത്തിരുന്നു.

കഴിഞ്ഞ 24 നായിരുന്നു മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സിലൂടെ റീലീസ് ചെയ്തത്. കുറുക്കന്‍ മൂലയുടെ സൂപ്പര്‍ ഹീറോ ആയ മിന്നല്‍ മുരളിയുടെ കഥയാണ് ചിത്രം പറയുന്നത്. നെറ്റ്ഫ്‌ളിക്സിന്റെ ഇന്ത്യന്‍ ട്രന്റിങ് ലിസ്റ്റില്‍ ഒന്നാമതായി തന്നെ തുടരുകയാണ് ചിത്രം ഇപ്പോഴും.

ഇംഗ്ലീഷ് ഉള്‍പ്പടെ ആറ് ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്‌ളിക്സില്‍ ലഭ്യമാക്കിയത്. നിരവധി ഭാഷകളില്‍ സിനിമ കാണാന്‍ സാധിച്ചത് തന്നെയാണ് ഇന്ത്യന്‍ മുഴുവന്‍ മിന്നല്‍ മുരളി ചര്‍ച്ചയാവാന്‍ ഉള്ള കാരണവും.

കേരളത്തിന് അകത്തും പുറത്തും നിന്നുമായി നിരവധി പേരാണ് മിന്നല്‍ മുരളി കണ്ട് സാമൂഹിക മാധ്യമങ്ങള്‍ വഴി അഭിനന്ദനങ്ങള്‍ അറിയിക്കുന്നത്.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയും തമിഴ് സംവിധായകന്‍ വെങ്കട് പ്രഭുവുമെല്ലാം മിന്നല്‍ മുരളിയെ അഭിനന്ദിച്ചെത്തിയിരുന്നു.

ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ പുറത്ത് വരുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. ടൊവിനോ തോമസ്-ബേസില്‍ കൂട്ട് കെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രവും. നേരത്തെ ഇരുവരും ഗോദയില്‍ ഒന്നിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: basil joseph reveals his favourite scene in minnal murali

We use cookies to give you the best possible experience. Learn more