കൊച്ചി: ‘മിന്നല്‍ മുരളി’യുടെ സെറ്റ് പൊളിച്ചുനീക്കിയത് ഞെട്ടിക്കുന്നതെന്ന് സംവിധായകന്‍ ബേസില്‍ ജോസഫ്. ഒരു മഹാമാരിയോടുള്ള വലിയൊരു പോരാട്ടം നടക്കുന്ന സമയത്ത്, ഒരുമിച്ചു നില്‍ക്കേണ്ട സമയത്ത് ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ലെന്ന് ബേസില്‍ പറഞ്ഞു.
‘എന്താ പറയേണ്ടത് എന്നറിയില്ല. ചിലര്‍ക്കിത് തമാശയാവാം,ട്രോള്‍ ആവാം, പബ്ലിസിറ്റി ആവാം, രാഷ്ട്രീയം ആവാം, പക്ഷെ ഞങ്ങള്‍ക്ക് ഇതൊരു സ്വപ്നം ആയിരുന്നു’, ബേസില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കാലടി ശിവരാത്രി മണപ്പുറത്തെ ക്ഷേത്രത്തിനു സമീപം നിര്‍മാണത്തിലിരുന്ന സെറ്റാണ് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ പ്രവര്‍ത്തകര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ബജ്‌റംഗദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിന്റെ നേതൃത്വത്തിലാണ് സെറ്റ് പൊളിച്ചത്.
സെറ്റ് പൊളിച്ചതായി അഖില ഹിന്ദു പരിക്ഷത്ത് ഹരി പാലോട് ആണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. കൊവിഡ് പശ്ചാത്തലത്തില്‍ സിനിമാ നിര്‍മാണം നിര്‍ത്തിവച്ചതിനാല്‍ പകുതിമാത്രമായി നിര്‍മാണം അവസാനിപ്പിക്കേണ്ടിവന്നു. 45 ലക്ഷം രൂപയോളം സെറ്റിനും അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ഇതിനോടകം ചിലവാക്കിയിട്ടുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
സെറ്റ് നിര്‍മ്മാണത്തിനായി അമ്പലകമ്മറ്റിയുടെയും ഇറിഗേഷന്‍ വിഭാഗത്തിന്റെയും അനുമതി വാങ്ങിച്ച ശേഷമാണ് സെറ്റ് നിര്‍മ്മാണം ആരംഭിച്ചത്.
ഗോദയ്ക്കു ശേഷം ബേസില്‍ ജോസഫ്-ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മിന്നല്‍ മുരളിയുടെ ആദ്യ ഘട്ട ചിത്രീകരണം വയനാട്ടില്‍ പൂര്‍ത്തിയായിരുന്നു. വയനാട് ഷെഡ്യൂളിന് ശേഷം കൊച്ചിയില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങാനിരിക്കുന്നതിനിടെയാണ് കൊവിഡ് ഭീഷണി ഉയര്‍ന്നത്.
കാലടി മണപ്പുറത്ത് ഇത്തരത്തില്‍ ഒരു സെറ്റ് ഉണ്ടാക്കിയത് ഹിന്ദുവിന്റെ അഭിമാനത്തിന് കോട്ടം ഉണ്ടാക്കിയെന്നും അതിനാലാണ് പൊളിച്ചതെന്നുമാണ് ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെ വിശദീകരണം.
ബേസിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
എന്താ പറയേണ്ടത് എന്നറിയില്ല. ചിലര്‍ക്കിത് തമാശയാവാം,ട്രോള്‍ ആവാം, പബ്ലിസിറ്റി ആവാം, രാഷ്ട്രീയം ആവാം, പക്ഷെ ഞങ്ങള്‍ക്ക് ഇതൊരു സ്വപ്നം ആയിരുന്നു. കഴിഞ്ഞ ദിവസം വരെ ഈ ഫോട്ടോ കാണുമ്പോള്‍ ഒരു ഇത് നമ്മളുടെ സിനിമയുടെ സെറ്റ് ആണല്ലോ എന്നോര്‍ത്തു അഭിമാനവും, ഷൂട്ടിങ്ങിനു തൊട്ടു മുന്‍പ് ലോക്ക്‌ഡൌണ്‍ സംഭവിച്ചതിനാല്‍ ‘ഇനി എന്ന്’ എന്നോര്‍ത്തു കുറച്ചു വിഷമവും ഒക്കെ തോന്നുമായിരുന്നു.ചെയ്യുന്നത് ഒരു ചെറിയ സിനിമ അല്ല എന്ന് ധാരണയുള്ളത് കൊണ്ട്, രണ്ടു വര്‍ഷമായി ഈ സിനിമക്ക് വേണ്ടി പണിയെടുക്കാന്‍ തുടങ്ങിയിട്ട്. ഒരുപാട് വിയര്‍പ്പൊഴുക്കിയിട്ടുണ്ട് ഇതിനു വേണ്ടി.
ആര്‍ട് ഡിറക്ടറും സംഘവും പൊരിവെയിലത്തു നിന്ന് ദിവസങ്ങളോളം പണിയെടുത്തതാണ്. പ്രൊഡ്യൂസര്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശാണ്. എല്ലാ പെര്‍മിഷനും ഉണ്ടായിരുന്നതാണ്. ഒരു മഹാമാരിയോടുള്ള വലിയൊരു പോരാട്ടം നടക്കുന്ന സമയത്ത് , എല്ലാവരും നിസ്സഹായരായി നില്കുന്ന സമയത്തു , ഒരുമിച്ചു നില്‍ക്കേണ്ട സമയത്തു , ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടില്ല,പ്രത്യേകിച്ച് നമ്മുടെ കേരളത്തില്‍. നല്ല വിഷമമുണ്ട്. ആശങ്കയും .
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക