| Saturday, 30th October 2021, 6:51 pm

2021ലെ മികച്ച സിനിമകളിലൊന്ന്; തിങ്കളാഴ്ച നിശ്ചയത്തെ പുകഴ്ത്തി ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനടക്കം രണ്ട് പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമാണ് ‘തിങ്കളാഴ്ച നിശ്ചയം’. ചിത്രം കഴിഞ്ഞ ദിവസം സോണി ലീവിലൂടെ പ്രേക്ഷകരിലെത്തിയിരുന്നു. മികച്ച പ്രതികരണമാണ് സാമൂഹ്യ മാധ്യമങ്ങളിലടക്കം സിനിമക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ബേസില്‍ ജോസഫ്. 2021ലിറങ്ങിയ മികച്ച സിനിമകളിലൊന്നാണ് തിങ്കളാഴ്ച നിശ്ചയമെന്ന് ബേസില്‍ ഫേസ്ബുക്കില്‍ എഴുതി.

‘2021ലെ മികച്ച മലയാളം സിനിമകളില്‍ ഒന്ന്. മികച്ച രീതിയില്‍ നിര്‍മ്മിച്ചത്. കാസ്റ്റിംഗ്, ഛായാഗ്രഹണം, സംഗീതം, സൗണ്ട് ഡിസൈന്‍, രചന, എല്ലാം മികച്ചതായിരുന്നു. സിനിമയിയുടെ ഭാഗമായ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. തീര്‍ച്ചയായും കാണേണ്ട സിനിമ,’ ബേസില്‍ പറഞ്ഞു.

പുതുമയുള്ള കാസ്റ്റിംഗും മികച്ച പ്രകടനങ്ങളുമുള്ള ഒരു സമ്പൂര്‍ ഫാമിലി എന്റര്‍ടെയ്നറാണ് തിങ്കളാഴ്ച നിശ്ചയമെന്നാണ് നടന്‍ സണ്ണി വെയ്ന്‍ പറഞ്ഞത്.

മികച്ച കഥയെ നര്‍മ്മത്തില്‍ പൊതിഞ്ഞ് സാമൂഹിക-രാഷ്ട്രീയ ചുറ്റുപാടിലൂടെ അവതരിപ്പിക്കുകയും, സംവിധായകന്‍ പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് സിനിമയെ എത്തിക്കുകയും ചെയ്‌തെന്ന് സണ്ണി വെയ്ന്‍ പറഞ്ഞു.

‘മേഡ് ഇന്‍ കാഞ്ഞങ്ങാട്’ എന്ന ടാഗ്‌ലൈനില്‍ എത്തുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ആ നാട്ടുകാരന്‍ കൂടിയായ സെന്ന ഹെഗ്‌ഡെ ആണ്. പ്രാദേശിക ഭാഷയില്‍ സംഭാഷണങ്ങളുള്ള ചിത്രത്തില്‍ ആ നാട്ടുകാര്‍ തന്നെയാണ് വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നതും.

നേരത്തെ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ വലിയ പ്രേക്ഷക പ്രീതിയാണ് ചിത്രത്തിന് ലഭിച്ചത്. ഇത്തവണത്തെ സംസ്ഥാന അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനൊപ്പം മികച്ച കഥയ്ക്കുള്ള പുരസ്‌കാരവും ഈ ചിത്രത്തിനായിരുന്നു.

അനഘ നാരായണന്‍, ഐശ്വര്യ സുരേഷ്, അജിഷ പ്രഭാകരന്‍, അനുരൂപ് പി, അര്‍ജുന്‍ അശോകന്‍, അര്‍പിത് പി.ആര്‍, മനോജ് കെ.യു, രഞ്ജി കാങ്കോല്‍, സജിന്‍ ചെറുകയില്‍, സുനില്‍ സൂര്യ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.

പുഷ്‌കര്‍ ഫിലിംസിന്റെ ബാനറില്‍ പുഷ്‌കര മല്ലികാര്‍ജുനയ്യയാണ് നിര്‍മ്മാണം. ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രന്‍, സംഗീതം മുജീബ് മജീദ്, എഡിറ്റിംഗ് ഹരിലാല്‍ കെ. രാജീവ്, സെന്ന ഹെഗ്‌ഡെയ്‌ക്കൊപ്പം ശ്രീരാജ് രവീന്ദ്രനും ചേര്‍ന്നാണ് തിരക്കഥ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHT:  Basil Joseph praises new Malayalan movie Thingalayicha Nishchayam

We use cookies to give you the best possible experience. Learn more