| Saturday, 22nd October 2022, 4:33 pm

മമ്മൂക്കയെ വെച്ചുള്ള പടം ഉടനെ ഉണ്ടാകുമോ; മറുപടിയുമായി ബേസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടനായും സംവിധായകനായും മലയാള സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് ബേസില്‍ ജോസഫ്. കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി എന്നീ സിനിമകളിലൂടെ സംവിധായകനായും പാല്‍തൂ ജാന്‍വര്‍, ഡിയര്‍ ഫ്രണ്ട്, ജാന്‍ എ മന്‍, കക്ഷി അമ്മിണിപ്പിള്ള, ജോജി തുടങ്ങീ ചിത്രങ്ങളിലൂടെ നടനായും ബേസില്‍ പ്രേക്ഷക ശ്രദ്ധ നേടി.

മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഇപ്പോള്‍ ബേസില്‍. നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ജയ ജയ ജയ ജയഹേയുടെ പ്രൊമോഷന്റെ ഭാഗമായി ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മമ്മൂക്കയെ വെച്ച് ഒരു സിനിമ ഉടനെ ഉണ്ടാകുമോ എന്ന അവതാരകയുടെ ചോദ്യത്തിന് ‘ആലോചനയിലാണ്’ എന്നായിരുന്നു ബേസിലിന്റെ മറുപടി.

”അങ്ങനെയൊന്നും ഉറപ്പിച്ചിട്ടില്ല. ആലോചനയിലാണ്, പ്രതീക്ഷിക്കാം,” ബേസില്‍ പറഞ്ഞു.

അതേസമയം, ദര്‍ശന രാജേന്ദ്രനാണ് ബേസിലിനൊപ്പം ജയ ജയ ജയ ജയഹേയില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ജയഭാരതി എന്ന പെണ്‍കുട്ടിയുടെ ജീവിതകഥയാണ് ചിത്രത്തില്‍ പറയുന്നത്. ടൈറ്റില്‍ റോളിലാണ് ദര്‍ശന ചിത്രത്തിലെത്തുന്നത്.

വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ജയ ജയ ജയ ജയഹേ ഒക്ടോബര്‍ 28നാണ് തിയേറ്ററുകളിലെത്തുന്നത്. ഡിയര്‍ ഫ്രണ്ട് എന്ന സിനിമക്ക് ശേഷം ദര്‍ശനയും ബേസിലും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

Content Highlight: Basil Joseph openss up about directing a movie with Mammootty as its central character

We use cookies to give you the best possible experience. Learn more