ടൊവിനോയോട് ആദ്യം മിന്നൽ മുരളിയുടെ കഥ പറഞ്ഞപ്പോൾ വില്ലൻ കഥാപാത്രം രൂപപ്പെടുത്തിയിട്ടിലായിരുന്നെന്ന് സംവിധായകൻ ബേസിൽ ജോസഫ്. വളരെ ബോറടിപ്പിക്കുന്ന കഥയായിരുന്നു താൻ ആദ്യം പറഞ്ഞതെന്നും തന്നോടുള്ള വിശ്വാസത്തിലാണ് ചിത്രം ചെയ്യാമെന്ന് സമ്മതിച്ചതെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബേസിൽ.
‘മിന്നലടിച്ചിട്ട് സൂപ്പർ പവർ കിട്ടുന്ന ഒരാൾ എന്ന് മാത്രമാണ് മിന്നൽ മുരളിയെപ്പറ്റി ടോവിയോട് പറഞ്ഞത്. ബാക്കി വില്ലനെക്കുറിച്ചോ മറ്റ് വിവരങ്ങളോ ഒന്നും ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നില്ല. ഭയങ്കര കോമഡി ആയിരുന്നു വില്ലൻ, നല്ല ബോറടിപ്പിക്കുന്ന കഥയായിരുന്നു തുടക്കത്തിൽ വില്ലന്റേത്. അന്ന് ഷിബു എന്ന കഥാപാത്രത്തിലേക്കൊന്നും എത്തിയിട്ടില്ല.
പക്ഷെ അന്നേ ടൊവിനോ ഓക്കേ ആയിരുന്നു. സൂപ്പർ ഹീറോ പടം, പിന്നെ ഞങ്ങളൊക്കെയാണ് പടം ചെയ്യുന്നത്, അപ്പൊ ഓക്കേ, എപ്പോഴാണ് പ്ലാൻ ചെയ്യുന്നതെന്ന് പറഞ്ഞാൽ മതിയെന്ന രീതിയിൽ ആയിരുന്നു അവൻ.
അന്ന് പറഞ്ഞത് വളരെ ബോറൻ കഥയായിരുന്നു. വില്ലനോക്കെ മറ്റെന്തൊക്കെയോ ആയിരുന്നു. നമ്മളോടുള്ള ഒരു വിശ്വാസത്തിന്റെ പുറത്താണ് അവൻ ഇത് ചെയ്യാമെന്ന് പറഞ്ഞത്. സൂപ്പർ ഹീറോ ആണെങ്കിൽ പിന്നെ ഒരു സംശയവും ഇല്ല. ഗോദ ഒക്കെ ചെയ്‌തതിന്റെ ബന്ധം ഉണ്ടല്ലോ. രാത്രി ഒരുമണിക്കാണ് ഞാൻ പടത്തിന്റെ കഥ പറയുന്നത്. അവൻ എന്തൊക്കെയോ പരിപാടികൾ ഒക്കെ കഴിഞ്ഞ് റെസ്റ്റ് എടുക്കാൻ വന്നതാ,’ ബേസിൽ പറഞ്ഞു.
അഭിനയത്തിൽ ഒരു സംശയം വന്നാൽ താൻ ആദ്യം ടൊവിനോയെയാണ് വിളിക്കുന്നതെന്നും ടൊവിനോ ധാരാളം ടിപ്പുകൾ പറഞ്ഞ് തരുമെന്നും ബേസിൽ പറഞ്ഞു.
‘ആക്ടിങ്ങിൽ എന്തെങ്കിലും ടിപ്പ് വേണ്ടി വരികയാണെങ്കിൽ ഇപ്പോഴത്തെ ഒരു സാഹചര്യത്തിൽ ഞാൻ ആദ്യം വിളിക്കുന്നത് ടൊവിനോയെ ആയിരിക്കും. അവൻ ടിപ്സിന്റെ ആളാണ് (ചിരിക്കുന്നു),’ ബേസിൽ പറഞ്ഞു.