| Tuesday, 23rd May 2023, 4:48 pm

വളരെ കണ്‍ഫ്യൂസ്ഡ് ആയൊരു സ്റ്റേജിലാണ് നില്‍ക്കുന്നത്: ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനയവും സംവിധാനവും കുടുംബ ജീവിതവും ഒന്നിച്ചുകൊണ്ടുപോകുന്നത് അത്ര എളുപ്പമല്ലെന്ന് പറയുകയാണ് ബേസില്‍ ജോസഫ്. ഓരോ സിനിമകള്‍ കഴിയുമ്പോളും സ്വയം മെച്ചപ്പെടുത്താന്‍ കഴിയുന്നതില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും ബേസില്‍ പറഞ്ഞു.

ക്രിയേറ്റീവായി താന്‍ കണ്‍ഫ്യൂസ്ഡ് അല്ലെന്നും എന്നാല്‍ അഭിനയവും സംവിധാനവും, കുടുംബജീവിതവും ഒന്നിച്ച് മാനേജ് ചെയ്യുന്നതില്‍ കണ്‍ഫ്യൂഷനുണ്ടെന്നുമായിരുന്നു ബേസില്‍ പറഞ്ഞത്.

‘ഇനിയങ്ങോട്ട് എത്ര സിനിമകള്‍ കമ്മിറ്റ് ചെയ്യണമെന്നോ ഡയറക്ട് ചെയ്യുന്ന സിനിമകള്‍ എപ്പോള്‍ തുടങ്ങണമെന്നതിനെക്കുറിച്ചൊന്നും എനിക്കൊരു ഐഡിയയുമില്ല. ഇതൊക്കെ പ്ലാന്‍ ചെയ്യുന്നതിനൊക്കെ ഒരു പരിധിയുണ്ട്. എന്റെ കയ്യില്‍ മാത്രം ഒതുങ്ങുന്നതല്ല കാര്യങ്ങള്‍. അഭിനയവും സംവിധാനവും ഒന്നിച്ച് കൊണ്ടുപോകാന്‍ കുറച്ച് പാടാണ്.

ഡേറ്റുകള്‍ തമ്മില്‍ ക്ലാഷ് ആയാലൊക്കെ വളരെ ബുദ്ധിമുട്ടാണ്. ഇതിനൊക്കെയിടയില്‍ ഫാമിലിക്കു വേണ്ടിയും യാത്രകള്‍ക്കുവേണ്ടിയും സമയം കണ്ടെത്തണമെന്നുമുണ്ട്. എന്നില്‍ ആളുകള്‍ പ്രതീക്ഷ വെക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവരുടെ പ്രതീക്ഷകള്‍ക്കൊത്ത് വര്‍ക്ക് ചെയ്യാന്‍ ശ്രമിക്കാറുണ്ട്. പ്രത്യേകിച്ചും ഡയറക്ട് ചെയ്യുമ്പോള്‍.

അഭിനയിക്കുന്ന സിനിമകളുടെ നിയന്ത്രണം പൂര്‍ണമായും എന്റെ കയ്യിലല്ല, എന്നാല്‍ സംവിധാനം ചെയ്യുമ്പോള്‍ അതല്ല സ്ഥിതി. സംവിധാനം ചെയ്യുമ്പോള്‍ നല്ല പ്രഷറുണ്ടെനിക്ക്. എന്നാല്‍ ആ ഒരു പ്രഷര്‍ കൊണ്ട് എനിക്ക് കുറച്ചുകൂടി നന്നായി വര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നുണ്ട്. പ്രഷര്‍ ഉണ്ടാവുമ്പോള്‍ നമ്മള്‍ കുറച്ചുകൂടി കോണ്‍ഷ്യസ് ആകും.

വര്‍ക്കൊക്കെ അധികമാവുമ്പോള്‍ ആരോഗ്യം കാര്യമായി ശ്രദ്ധിക്കാന്‍ കഴിയാറില്ല. കഴിഞ്ഞ വര്‍ഷം ന്യൂമോണിയ ബാധിച്ച് രണ്ടു മൂന്നാഴ്ച ഹോസ്പിറ്റലിലൊക്കെയായിരുന്നു. തുടര്‍ച്ചയായി വര്‍ക്ക് ചെയ്യുമ്പോളുണ്ടാവുന്നൊരു ബുദ്ധിമുട്ടാണത്. അതിനു ശേഷം ഞാന്‍ കുറച്ചുകൂടി ആരോഗ്യം ശ്രദ്ധിക്കാന്‍ തുടങ്ങി.

എന്തൊക്കെ സാഹചര്യങ്ങളുണ്ടാവുകയാണെങ്കിലും ഓരോ ദിവസവും സിനിമയെക്കുറിച്ച് പുതുതായെന്തെങ്കിലും പഠിക്കാനും സിനിമകള്‍ കാണാനും ഞാന്‍ സമയം കണ്ടെത്തിയിരുന്നു. അതില്‍ എനിക്ക് അഭിമാനമുണ്ട്.

ഓരോ സിനിമകള്‍ കഴിയുമ്പോളും ഞാന്‍ എന്നെ മെച്ചപ്പെടുത്തുന്നുണ്ട്. അതെനിക്ക് നല്ല കോണ്‍ഫിഡന്‍സ് തരുന്നുണ്ട്. ക്രിയേറ്റീവായി ഞാന്‍ കണ്‍ഫ്യൂസ്ഡ് അല്ല. എന്നാല്‍ അഭിനയം, സംവിധാനം, കുടുംബജീവിതം ഇതൊക്കെ മാനേജ് ചെയ്യുന്നതില്‍ എനിക്ക് നല്ല കണ്‍ഫ്യൂഷനുണ്ട്’, ബേസില്‍ പറഞ്ഞു.

‘കഠിന കഠോരമീ കണ്ഡകടാഹം’ ആണ് ബേസിലിന്റെ ഒടുവിലിറങ്ങിയ ചിത്രം. നവാഗതനായ മുഹസിനാണ് ചിത്രത്തിന് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഇന്ദ്രന്‍സും ജാഫര്‍ ഇടുക്കിയുമാണ് മറ്റു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Content Highlights: Basil Joseph about acting and direction

We use cookies to give you the best possible experience. Learn more