| Saturday, 3rd September 2022, 8:25 am

ആറ്റിറ്റിയൂഡ് വേണമെന്ന് പറഞ്ഞപ്പോള്‍ ഫിങ്കര്‍ ഹാര്‍ട്ട് കാണിച്ചു, എന്താ സാധനമെന്ന് എനിക്ക് മനസിലായില്ല, ബി.ടി.എസിന്റെ സിമ്പലാണത്രേ: ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബേസില്‍ ജോസഫ് നായകനായ പാല്‍തു ജാന്‍വര്‍ സെപ്റ്റംബര്‍ രണ്ടിന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കുമൊപ്പം ജീവിതം മുന്നോട്ട് കൊണ്ടുപോവാന്‍ ശ്രമിക്കുന്ന പ്രസൂണ്‍ എന്ന ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറുടെ കഥയാണ് ചിത്രം പറയുന്നത്.

ചിത്രത്തിന്റെ റിലീസിന് മുമ്പേ പുറത്ത് വന്ന പാല്‍തു ജാന്‍വര്‍ ഫാഷന്‍ ഷോ എന്ന പാട്ട് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും വൈറലായ കുട്ടിതാരങ്ങളും വളര്‍ത്തുമൃഗങ്ങളുമായിരുന്നു പാട്ടില്‍ എത്തിയിരുന്നത്. ഈ പാട്ടിന്റെ ഷൂട്ടിങ് വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ബിഹൈന്‍ഡ് വുഡ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ബേസില്‍ ജോസഫ്.

‘പാല്‍തു ജാന്‍വര്‍ പാട്ടില്‍ അഭിനയിച്ച പിള്ളേരില്‍ പാത്തു, ജെസ്, അമേയ, ശിവ, വൃദ്ധി, ശങ്കരന്‍ ഇവരൊക്കെ ഉണ്ടായിരുന്നു. എല്ലാവരും അടിപൊളിയായിരുന്നു. അതുകൊണ്ട് നമുക്ക് വലിയ ടെന്‍ഷന്‍ ഒന്നുമുണ്ടായിരുന്നില്ല.

മൃഗങ്ങളാണ് ഇച്ചിരി ടെന്‍ഷന്‍ ഉണ്ടാക്കിയത്. പൂച്ച പറയുന്ന സമയത്ത് നില്‍ക്കില്ല. ഒന്നു നടക്കണമെങ്കില്‍ കാല് പിടിക്കണം. പൊന്നു പൂച്ചേ ഇതൊന്നു തീര്‍ത്തിട്ട് ഞങ്ങള്‍ക്ക് പോകണമെന്ന് പറഞ്ഞാലേ പൂച്ച നടക്കൂ. പട്ടിയും അങ്ങനെ തന്നെയായിരുന്നു. പക്ഷേ എനിക്ക് ഏറ്റവും അത്ഭുതം പന്നിയായിരുന്നു. പന്നി ഭയങ്കര കച്ചറയായിരിക്കും അലമ്പായിരിക്കും എന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷേ പന്നി നമ്മള്‍ പറഞ്ഞത് പോലെ പറഞ്ഞ സ്ഥലത്ത് വന്ന് പണി തീര്‍ത്തിട്ട് പോയി. പത്ത് മിനിട്ട് കൊണ്ട് ഒറ്റ ഷോട്ടില്‍ കാര്യം തീര്‍ത്തു,’ ബേസില്‍ പറഞ്ഞു.

‘പിള്ളേരാണെങ്കില്‍ അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടു ടൈപ്പ് സ്റ്റൈല്‍ പിടിക്കുമെന്നാണ് ഞാന്‍ വിചാരിച്ചത്. അങ്ങനെ പാട്ട് പാടണ്ടെന്ന് അവരോട് ഞാന്‍ ആദ്യമേ പറഞ്ഞു. കുറച്ച് ആറ്റിറ്റിയൂഡ് ഇടണം. ആറ്റിറ്റിയൂഡ് എന്നൊരു വാക്ക് ഞാന്‍ ഉപയോഗിച്ചതിന് ശേഷം ഒറ്റ സ്വിച്ച് ഇട്ടപോലെയായിരുന്നു എല്ലാവരും. അമേയ തുമ്പി ഒക്കെ എന്തൊരു ആറ്റിറ്റിയൂഡായിരുന്നു.

ജെസ് എന്നൊരു കുട്ടി ഉണ്ടായിരുന്നു. അവള്‍ ഫിങ്കര്‍ ഹാര്‍ട്ട് ഒക്കെ ഇട്ടു. ഇതെന്താ സാധനമെന്ന് എനിക്ക് മനസിലായില്ല. അമേയയോട് ഇതെന്താണെന്ന് ഞാന്‍ ചോദിച്ചു. മറ്റേ ബി.ടി.എസില്ലേ കൊറിയേടെ ബാന്റ്, ബി.ടി.എസിന്റെ സിമ്പലാണത്രേ എന്ന് അവള്‍ പറഞ്ഞു. പിന്നെന്തൊക്കെയാണ് നിങ്ങളൊക്കെ കേള്‍ക്കാറുള്ളത് എന്ന് ചോദിച്ചു. അപ്പോള്‍ ബി.ടി.എസും ബ്ലാക്ക് പിങ്കും ഒക്കെയുണ്ട്,’ ബേസില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം പാല്‍തു ജാന്‍വറിന് മികച്ച അഭിപ്രായമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. നവാഗതനായ സംഗീത് പി. രാജന്‍ സംവിധാനം ചെയ്ത ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്.

Content Highlight: Basil Joseph is sharing the experience of shooting palthu janwer fassion show song

We use cookies to give you the best possible experience. Learn more