|

മയ്യനാട് പണ്ട് ഞങ്ങടെ പഞ്ചായത്ത് ആയിരുന്നെന്ന് അജു, ഞങ്ങളങ്ങെടുത്തെന്ന് ബേസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ജയ ജയ ജയ ജയ ഹേ മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ തുടരുകയാണ്. ഒക്ടോബര്‍ 28ന് എത്തിയ സിനിമക്ക് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.

ചിത്രം ഗംഭീര പ്രതികരണം നേടുന്നതിനിടക്ക് ബേസില്‍ ജോസഫ് പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്. അജു വര്‍ഗീസിനും ദര്‍ശനക്കുമൊപ്പം ഇരിക്കുന്ന ചിത്രത്തിനൊപ്പമാണ് പോസ്റ്റ് പങ്കുവെച്ചത്.

‘ദീപു സര്‍: ‘മയ്യനാട് പണ്ട് ഞങ്ങടെ പഞ്ചായത്ത് ആയിരുന്നു.’
രാജേഷ്: ‘ഇപ്പ ഞങ്ങള്‍ എടുത്ത് ‘
ദീപു സര്‍: ‘തിരിച്ചു പിടിക്കും ‘
രാജേഷ്: ‘ഓ കാണാം,’ എന്നാണ് പോസ്റ്റിനൊപ്പം ബേസില്‍ കുറിച്ചത്.

നായികയായ ജയയെ പഠിപ്പിക്കുന്ന മാഷായാണ് അജു ചിത്രത്തിലെത്തിയത്. പുരോഗമന വക്താവ് എന്ന പേരില്‍ പഠിപ്പിച്ച് തുടങ്ങുന്ന ദീപു മാഷ് ചിത്രത്തിലെ രസകരമായ കഥാപാത്രങ്ങളിലൊന്നായിരുന്നു.

വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.

അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ജയ ജയ ജയ ജയ ഹേയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലക്ഷ്മി മേനോന്‍, ഗണേഷ് മേനോന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റിന്റെ ബാനറിലാണ് ജയ ജയ ജയ ജയ ഹേയുടെ നിര്‍മാണം. അമല്‍ പോള്‍സനാണ് സഹ നിര്‍മാണം. നിര്‍മാണ നിര്‍വഹണം പ്രശാന്ത് നാരായണന്‍.

നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച സ്റ്റണ്ട് മാസ്റ്റര്‍ ഫെലിക്‌സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.

Content Highlight: basil joseph funny instagram post with darshana and basil joseph