| Sunday, 17th November 2024, 8:24 pm

രാജുവേട്ടന്റെ ടീമിലെ കളിക്കാരനായിരുന്നു അവന്‍, എന്നെ കാണാത്തതുകൊണ്ടാണ് കൈ തരാതെ പോയത്: ബേസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞദിവസം വലിയരീതിയില്‍ ചര്‍ച്ചയായ സംഭവമായിരുന്നു കേരള സൂപ്പര്‍ ലീഗ് ഫൈനല്‍. പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫോഴ്‌സ കൊച്ചിയും ബേസില്‍ ജോസഫ് ബ്രാന്‍ഡ് അംബാസഡറായ കാലിക്കറ്റ് എഫ്.സിയുമായിരുന്നു ഫൈനലില്‍ കൊമ്പുകോര്‍ത്തത്. എന്നാല്‍ മത്സരത്തെക്കാള്‍ ചര്‍ച്ചയായത് ഫൈനലിന് ശേഷം നടന്ന മാച്ച് പ്രസന്റേഷനായിരുന്നു.

സമ്മാനദാന ചടങ്ങില്‍ പൃഥ്വിരാജും ബേസില്‍ ജോസഫും ഒന്നിച്ചുനില്‍ക്കുന്ന സമയത്ത് ഒരു കളിക്കാരന്‍ പൃഥ്വിരാജിന് മാത്രം കൈകൊടുത്ത് പോയത് സോഷ്യല്‍ മീഡിയ മുഴുവന്‍ നിറഞ്ഞുനിന്ന വാര്‍ത്തയായി. മുമ്പ് മരണമാസ് എന്ന ചിത്രത്തിന്റെ പൂജയുടെ സമയത്ത് ടൊവിനോക്ക് ഇതുപോലെ അബദ്ധം പറ്റിയപ്പോള്‍ ബേസില്‍ അതിനെ ട്രോളിയതുമായി ബന്ധപ്പെട്ടാണ് ഈ വിഷയം പലരും ചര്‍ച്ച ചെയ്തത്.

എന്നാല്‍ ആ സമയത്ത് കൈ തരാതെ പോയത് പൃഥ്വിയുടെ ടീമിലുള്ള പ്ലെയറാണെന്ന് പറയുകയാണ് ബേസില്‍ ജോസഫ്. പൃഥ്വിരാജിന്റെ ടീമിലെ കളിക്കാരനായിരുന്നു ആ ഫോട്ടോയില്‍ നിന്നതെന്നും അതുകൊണ്ടാണ് പൃഥ്വിക്ക് മാത്രം കൈകൊടുത്തതെന്നും ബേസില്‍ പറഞ്ഞു. അതുമാത്രമല്ല തന്റെ അപ്പുറത്തും ഇപ്പുറത്തും നിന്നത് നല്ല ഹൈറ്റുള്ള ആളുകളായിരുന്നെന്നും അതിനിടയില്‍ തന്നെ ശ്രദ്ധിച്ചില്ലെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു.

കുറച്ചുകൂടി ഉയരമുള്ള സ്ഥലത്ത് പോയി നിന്നിരുന്നെങ്കില്‍ തന്നെ കണ്ടേനെയെന്നും ഇനി പറഞ്ഞിട്ട് കാര്യമില്ലെന്നും ബേസില്‍ പറഞ്ഞു. പുതിയ ചിത്രമായ സൂക്ഷ്മദര്‍ശിനിയുടെ പ്രൊമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ബേസില്‍ ജോസഫ് ഇക്കാര്യം പറഞ്ഞത്.

‘ഫൈനല്‍ ജയിച്ചതിന് ശേഷം വന്ന വീഡിയോയില്‍ എനിക്ക് ഷേക്ക് ഹാന്‍ഡ് തരാതെ ഒരു കളിക്കാരന്‍ പോയതിനെ വെച്ച് എന്നെ ട്രോളിക്കൊണ്ടുള്ള പല വീഡിയോയും കണ്ടു. സത്യം പറഞ്ഞാല്‍ അത് രാജുവേട്ടന്റെ ടീമിലെ പ്ലെയറാണ്. അതുകൊണ്ടായിരിക്കാം അവന്‍ രാജുവേട്ടന്റെയടുത്ത് നിന്ന് മാത്രം ഷേക്ക് ഹാന്‍ഡ് വാങ്ങിയിട്ടുണ്ടാവുക. അങ്ങനെയാണോ എന്ന് അറിയില്ല.

അല്ലെങ്കില്‍ എന്നെ ചിലപ്പോള്‍ കണ്ടിട്ടുണ്ടാകില്ല. കാരണം, എന്റെ അപ്പുറത്ത് എന്നെക്കാള്‍ ഹൈറ്റുള്ള ഒരാളും, ഇപ്പുറത്ത് രാജുവേട്ടനും. ഇവരുടെ നടുക്കായിരുന്നു ഞാന്‍ നിന്നത്. അപ്പോള്‍ എന്നെ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. കുറച്ചുകൂടെ ഉയരമുള്ള ഏതെങ്കിലും സ്ഥലത്ത് പോയി നിന്നിരുന്നെങ്കില്‍ എന്നെ ചിലപ്പോള്‍ കണ്ടേനെ. ഇനിയിപ്പോള്‍ പറഞ്ഞിട്ട് കാര്യമില്ല,’ ബേസില്‍ ജോസഫ് പറയുന്നു.

Content Highlight: Basil Joseph explains about viral photo with Prithviraj

We use cookies to give you the best possible experience. Learn more