2021 സിനിമകളെ സംബന്ധിച്ചിടത്തോളം മികച്ച വര്‍ഷങ്ങളില്‍ ഒന്നായിരുന്നു. തിയേറ്ററുകള്‍ കൂടുതല്‍ സമയം അടച്ചുകിടന്നെങ്കിലും ഒ.ടി.ടിയിലൂടെ നിരവധി ചിത്രങ്ങള്‍ റിലീസാവുകയും കുടുതല്‍ ആളുകളിലേക്ക് എളുപ്പത്തില്‍ എത്തുകയും ചെയ്ത ഒരു വര്‍ഷം കൂടിയായിരുന്നു ഇത്.
90ഓളം ചിത്രങ്ങളാണ് ഈ വര്‍ഷം റിലീസ് ചെയ്തത്. റിലീസ് ചെയ്ത പല ചിത്രങ്ങളും ഒ.ടി.ടിയുടെ വരവോടുകൂടി പാന്‍ ഇന്ത്യന്‍ ലെവലില്‍ ചര്‍ച്ചയാവുകയും ചെയ്തു.
പരിചയ സമ്പന്നരായ പല സംവിധായകര്‍ക്കും കാലിടറിയപ്പോള്‍ മികച്ച ഒരൂകൂട്ടം പുതുമുഖ സംവിധായകരെ മലയാളത്തിന് ലഭിച്ച വര്‍ഷം കൂടിയായിരുന്നു 2021.
2021 അവസാനിക്കുമ്പോള്‍. ഈ വര്‍ഷം കൈയ്യടി നേടിയ പത്ത് സംവിധായകരെ നോക്കാം. (ലിസ്റ്റ് അക്ഷരമാല ക്രമത്തില്‍)
ബേസില്‍ ജോസഫ് (മിന്നല്‍ മുരളി)
2021 അവസാനിക്കുമ്പോള്‍ ഏറ്റവും കൈയ്യടി നേടിയ സംവിധായകരില്‍ ഒരാളാണ് ബേസില്‍. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത മിന്നല്‍ മുരളി ലോക വ്യാപകമായി ഇപ്പോള്‍ ചര്‍ച്ച വിഷയമായിരിക്കുകയാണ്. ടൊവിനോ നായകനായ ഈ ചിത്രത്തില്‍ ഗുരു സോമസുന്ദരമാണ് പ്രതിനായക വേഷത്തില്‍ എത്തുന്നത്.
ഡിസംബര്‍ 24 നായിരുന്നു മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളി നെറ്റ്ഫ്ളിക്സിലൂടെ റീലീസ് ചെയ്തത്. കുറുക്കന്‍ മൂലയുടെ സൂപ്പര്‍ ഹീറോ ആയ മിന്നല്‍ മുരളിയുടെ കഥ പറഞ്ഞ ബേസിലിന്റെ ബ്രില്ല്യന്‍സുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
ചിദംബരം (ജാന്‍-എ-മന്‍)
തിയേറ്ററുകളില്‍ എത്തി ഒരു സര്‍പ്രൈസ് ഹിറ്റ് ആയ ചിത്രമായിരുന്നു ജാന്‍ എ മന്‍. കുറഞ്ഞ ബഡ്ജറ്റില്‍ തീര്‍ത്ത ചിത്രം റെക്കോര്‍ഡ് കളക്ഷനാണ് തിയേറ്ററില്‍ നിന്ന് നേടിയത്.
വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ തിയേറ്ററിലെത്തിയ ചിത്രം മികച്ച കോമഡി എന്റര്‍ടെയ്‌നറായിരുന്നു. ജയരാജ്, രാജീവ് രവി, കെ.യു. മോഹനന്‍ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറും അസിസ്റ്റന്റ് ക്യാമറാമാനും ആയിരുന്ന ചിദംബരത്തിന്റെ ആദ്യ സംവിധാന സംരഭമായിരുന്നു ഇത്.
ചിദംബരവും നടന്‍ ഗണപതിയും, സപ്നേഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, പ്രാപ്തി എലിസബത്ത്, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ എന്നിവരാണ് ജാന്‍.എ.മനില്‍ അണിനിരക്കുന്നത്. ലാലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
വികൃതി എന്ന സിനിമക്ക് ശേഷം ചീര്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍, സജിത്ത് കൂക്കള്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
ഡോണ്‍ പാലത്തറ (സന്തോഷത്തിന്റെ ഒന്നാം രഹസ്യം)
മാധ്യമ പ്രവര്‍ത്തകയായ മരിയയുടെയും (റിമ കല്ലിങ്ങല്‍) തിയേറ്റര്‍ ആക്ടര്‍ ആയ ജിതിന്റെയും (ജതിന്‍ പുത്തഞ്ചേരി) ഒരു ദിവസത്തെ കഥ പറഞ്ഞ ചിത്രം സിഗിള്‍ ഷോട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
എന്നാല്‍ ഒരിക്കല്‍ പോലും ഒരു പരീക്ഷണ ചിത്രമാണ് എന്ന നിലയിലേക്ക് പ്രേക്ഷകന് തോന്നാത്ത തരത്തില്‍ മികച്ച അനുഭവമാണ് ചിത്രം നല്‍കിയത്. 2021 ല്‍ വലിയ കയ്യടി അര്‍ഹിക്കുന്ന സംവിധായകരില്‍ മുന്‍പന്തിയില്‍ ഡോണ്‍ പാലത്തറയും ഉണ്ടാകും.
ജീത്തു ജോസഫ് ( ദൃശ്യം 2 )
രാജ്യം മുഴുവന്‍ സംസാര വിഷയമായ ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം, മലയാളത്തിന് പുറമെ രണ്ട് വിദേശ ഭാഷകളിലേക്കും ഹിന്ദി, തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലേക്കും റീമേക്ക് ചെയ്ത ചിത്രം, ഇത്തരമൊരു ചിത്രത്തിന്റെ രണ്ടാം ഭാഗം. ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളിയാണ് ഇത്തരമൊരു ചിത്രത്തിന്റെ രണ്ടാം ഭാഗം.
എന്നാല്‍ ഒന്നാം ഭാഗത്തിന്റെ അതേ ത്രില്ലോടെ രണ്ടാം ഭാഗം സംവിധാനം ചെയ്യുക. അതാണ് ദൃശ്യം 2വിലൂടെ ജീത്തു ജോസഫ് എന്ന സംവിധായകന്‍ ചെയ്തത്. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ദൃശ്യം 2 ഒ.ടി.ടിയിലൂടെയാണ് റിലീസ് ചെയ്തത്.
ജോര്‍ജ് കുട്ടിയും കുടുംബവും വീണ്ടുമെത്തിയപ്പോള്‍ പ്രേക്ഷകന് മറ്റൊരു മികച്ച അനുഭവം കൂടി ലഭിച്ചു.
ജിയോ ബേബി ( ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ )
പുരുഷാധിപത്യത്തെ കുറിച്ചും അടുക്കള പറയുന്ന രാഷട്രീയത്തെ കുറിച്ചും കൃത്യമായി സംസാരിച്ച ചിത്രമായിരുന്നു ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിന് കേരളത്തിന് പുറത്തും ധാരാളം ആരാധകരുണ്ട്. അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങളടക്കം ചിത്രത്തെ തേടിയെത്തി.
ഒരു സ്ത്രീയുടെ വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ നടക്കുന്ന കാര്യങ്ങളെ വളരെ റിയലിസ്റ്റിക്കായി കൈകാര്യം ചെയ്യാന്‍ സംവിധായകനായി.
സമൂഹത്തിലെ ആണധികാരത്തെയും സ്ത്രീ വിരുദ്ധതയേയും ചോദ്യം ചെയ്തുകൊണ്ട് യാഥാര്‍ത്ഥ്യത്തിന്റെ ഇരുപക്ഷത്തു നിന്നും പ്രേക്ഷകനെ ചിന്തിപ്പിച്ച സിനിമയായിരുന്നു ഇത്.
ലിജോ ജോസ് പെല്ലിശ്ശേരി (ചുരുളി)
ചുരുളി എന്ന സിനിമയിലൂടെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനമികവ് ഒരിക്കല്‍ കൂടി ചര്‍ച്ചയായിരുന്നു. ജല്ലിക്കട്ടിലൂടെ മനുഷ്യന്റെ ഉള്ളിലെ അക്രമസ്വഭാവവും അത്തരം വികാരങ്ങളും തുറന്നു കാണിച്ചെങ്കില്‍ ചുരുളിയില്‍ അല്‍പം കൂടി ഭ്രമ്ാത്മാകമായ ഒരു ലോകത്തില്‍ നിന്നുകൊണ്ടുള്ള കഥപറച്ചിലിലേക്കാണ് ലിജോ കടക്കുന്നത്.
ആദ്യം തന്നെ പറഞ്ഞുവെക്കുന്ന തിരുമേനിയുടെയും മാടന്റെയും കഥ മനോഹരമായ സങ്കീര്‍ണതകളിലൂടെയാണ് ലിജോ പറയുന്നത്. ചുരുളി എന്ന പ്രദേശത്തെയും അവിടുത്തെ മനുഷ്യരെയും ഒരു പ്രത്യേക തരം ടൈംലൂപ്പിലൂടെ അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു.
റോജിന്‍ തോമസ് (ഹോം)
2021 ല്‍ റിലീസ് ചെയ്ത സിനിമകളില്‍ വളരെയധികം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ഒന്നായിരുന്നു ഹോം. സിനിമയും സിനിമയിലെ കഥാപാത്രങ്ങളും ഒരുപോലെ ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു.
കഥാപാത്രങ്ങളും സിനിമയ്ക്കുമൊപ്പം ചിത്രത്തിന്റെ ആര്‍ട് വര്‍ക്കും ഏറെ ശ്രദ്ധിക്കപ്പെട്ടു. ആഗസ്റ്റ് 19നായിരുന്നു ഹോം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. സിനിമയില്‍ ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് തന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോര്‍മെന്‍സിലൂടെ ഇന്ദ്രന്‍സ് ഒരിക്കല്‍ക്കൂടി ആരാധകരുടെ ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ചത്.
ഇന്ദ്രന്‍സ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നസ്‌ലന്‍, കൈനകരി തങ്കരാജ് തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
സാനു വര്‍ഗീസ് ജോണ്‍ (ആര്‍ക്കറിയാം)
മലയാള സിനിമയില്‍ ആദ്യമായി കൊവിഡ് കാലത്തെ രേഖപ്പെടുത്തിയ ചിത്രമാണ് ആര്‍ക്കറിയാം. ബിജു മേനോന്റെ വ്യത്യസ്തമായ മേക്ക് ഓവര്‍ കൊണ്ട് റിലീസിന് മുമ്പ് തന്നെ ചര്‍ച്ചയായ ചിത്രം കൂടിയായിരുന്നു ഇത്.
ഛായാഗ്രഹകനായ സാനു വര്‍ഗീസ് ജോണിന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു ആര്‍ക്കറിയാം എന്ന ചിത്രം. പാര്‍വതിയുടെയും ഷറഫുദ്ദീന്റെയും മികച്ച പ്രകടനവും ഏറെ ചര്‍ച്ചയായിരുന്നു.
സെന്ന ഹെഗ്ഡെ ( തിങ്കളാഴ്ച്ച നിശ്ചയം )
മലയാളത്തില്‍ ഏറെ ചര്‍ച്ചയായ സിനിമയാണ് ‘തിങ്കളാഴ്ച നിശ്ചയം’. ഒരു സര്‍പ്രൈസ് ഹിറ്റ് എന്ന് തീര്‍ത്ത് പറയാവുന്ന ചിത്രം സംവിധാനം ചെയ്തത് സെന്ന ഹെഗ്‌ഡെയാണ്. കാസര്‍ഗോഡ് പശ്ചാത്തലമാക്കിയെടുത്ത ഈ സിനിമയിലൂടെ കഴിവുറ്റ ഒരുപിടി പുതുമുഖങ്ങളെയാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്.
പുതുമുഖങ്ങളാണെന്ന് ഒരിക്കല്‍ പോലും തോന്നാത്ത തരത്തില്‍ അഭിനേതാക്കളെ അഭിനയിപ്പിക്കാന്‍ സെന്ന ഹെഗ്‌ഡെയ്ക്ക് കഴിഞ്ഞു. അന്‍പത്തിയൊന്നാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച രണ്ടാമത്തെ സിനിമയ്ക്കും മികച്ച കഥയ്ക്കുമുള്ള പുരസ്‌കാരവും തിങ്കളാഴ്ച നിശ്ചയം നേടിയിരുന്നു.
തരുണ്‍ മൂര്‍ത്തി ( ഓപ്പറേഷന്‍ ജാവ )
2021 വര്‍ഷത്തില്‍ റിലീസ് ചെയ്ത് തിയേറ്ററില്‍ വന്‍ വിജയമായ ആദ്യ ചിത്രമായിരുന്നു ഓപ്പറേഷന്‍ ജാവ. നവാഗതനായ തരുണ്‍ മൂര്‍ത്തിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്.
കേരളത്തിലും തമിഴ്‌നാട്ടിലും നടന്ന സുപ്രധാനമായ പല സൈബര്‍ കേസുകളെയും അടിസ്ഥാനമാക്കിയാണ് ഓപ്പറേഷന്‍ ജാവ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരു വര്‍ഷക്കാലത്തോളം നീണ്ട റിസേര്‍ച്ചുകള്‍ക്കൊടുവിലാണ് പൂര്‍ത്തിയാക്കിയത്.
വാസ്തവം, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വി.സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്മ ഉദയ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ് അലി, വിനായകന്‍, ഷൈന്‍ ടോം ചാക്കോ, പ്രശാന്ത് അലക്‌സാണ്ടര്‍, ദീപക് വിജയന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Basil Joseph, Chidambaram, Jeethu Joseph 10 Best Malayalam Film Directors in 2021