മലയാളി സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനാവുന്ന മിന്നല്‍ മുരളി. ഡിസംബര്‍ 24ന് നെറ്റ്ഫ്‌ളിക്‌സ് വഴിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇടിമിന്നലേറ്റ ശേഷം സൂപ്പര്‍പവര്‍ ലഭിക്കുന്ന ഒരു നാട്ടുമ്പുറത്തുകാരന്റെ കഥയാണ് മിന്നല്‍ മുരളി.
ചിത്രത്തില്‍ സൂപ്പര്‍ ഹീറോയായി അഭിനയിച്ചഭിനയിച്ച് സ്വയം ഒരു സൂപ്പര്‍ ഹീറോയായി തോന്നിത്തുടങ്ങിയിരുന്നോ എന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി എത്തുകയാണ് ടൊവിനോ. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ.
സൂപ്പര്‍ഹീറോ ആയിരുന്നെങ്കില്‍ എത്ര നന്നായേനെയെന്ന് ഇടക്കിടെ തോന്നുമായിരുന്നെന്നും അങ്ങനെ ആയിരുന്നെങ്കില്‍ എത്ര നന്നായി അഭിനയിക്കാന്‍ കഴിഞ്ഞേനെ എന്നായിരുന്നു തോന്നിയതെന്നുമായിരുന്നു ചിരിച്ചുകൊണ്ടുള്ള ടൊവിനോയുടെ മറുപടി.
ബില്‍ഡിങ്ങിന്റെ മുകളില്‍ നിന്നൊക്കെ ഏതെങ്കിലും ആളുകളെ രക്ഷിക്കാനുണ്ടെങ്കില്‍ ഇനി ടൊവിനോയെ വിളിച്ചാല്‍ മതിയെന്നും നമ്പര്‍ വേണമെങ്കില്‍ തരാമെന്നുമായിരുന്നു ഇതിനോടുള്ള ബേസിലിന്റെ മറുപടി. അതിനുള്ള എല്ലാ പരിശീലനവും ടൊവിനോയ്ക്ക് കൊടുത്തുവിട്ടിട്ടുണ്ടെന്നു ബേസില്‍ പറയുന്നു.
എന്തുകൊണ്ട് ‘ഇടിമിന്നല്‍’ എന്ന ഒരു ആശയത്തിലേക്ക് പോയി എന്ന ചോദ്യത്തിന് നാട്ടിന്‍പുറത്ത് നമ്മളെ സംബന്ധിച്ച് ഏറ്റവും ഈസിലി ആക്‌സസബിള്‍ ആയ സൂപ്പര്‍ പവര്‍ എന്ന് പറയുന്നത് ഇടിമിന്നലാണെന്നും വേറെ എത് സോഴ്‌സ് വെച്ചാലും അത് അവിടെ ശരിയാവില്ലെന്നുമായിരുന്നു ബേസിലിന്റെ മറുപടി.
ഇടിമിന്നല്‍ എന്ന് പറഞ്ഞാല്‍ ലോകത്ത് എവിടെയാണെങ്കിലും ഉണ്ടാവും. അതുകൊണ്ടാണ് ഇടിമിന്നല്‍ എന്ന ആശയത്തിലേക്ക് പോവുന്നത്. അത് ആളുകള്‍ക്ക് കുറച്ചുകൂടി റിലേറ്റ് ആവുകയും അവര്‍ക്ക് കണ്‍വിന്‍സിങ് ആവുകയും ചെയ്യും, ബേസില്‍ പറഞ്ഞു.
‘കാഴ്ചക്കാര്‍ക്ക് വൈകാരിക തലത്തില്‍ സംവേദിക്കാനും ബന്ധപ്പെടാനും കഴിയുന്ന ഒരു സൂപ്പര്‍ ഹീറോയെ സൃഷ്ടിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. ഒരു സൂപ്പര്‍ ഹീറോ സിനിമയുടെ പ്രധാന ഘടകങ്ങള്‍ ആക്ഷനും ചടുലതയും ആണെങ്കിലും ശക്തമായൊരു ആഖ്യാനത്തിലൂന്നി കഥ പറയുവാനായിരുന്നു ഞങ്ങള്‍ കൂടുതല്‍ ശ്രമിച്ചത്.
ചിത്രം വളരെ ആവേശകരമായ ഒന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റിലീസിനായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുകയാണ്. ഇത് ഞങ്ങള്‍ മുഴുവന്‍ ടീമിന്റെയും സ്വപ്ന സിനിമയാണ്. ചിത്രം നെറ്റ്ഫ്ലിക്സ് പോലെയുള്ള ഒരു ലോകോത്തര പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്.’, ബേസില്‍ പറഞ്ഞു.
വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് മിന്നല്‍ മുരളി നിര്‍മിച്ചത്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്‌മാന്‍. ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത് ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്‌ളാഡ് റിംബര്‍ഗാണ്. വി എഫ് എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി.എഫ്.എക്സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസാണ്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുക. വിവിധ ഭാഷകളിലെ സിനിമയുടെ പേരുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ