| Saturday, 10th September 2022, 10:34 pm

ഇത്രയും യുവാവായ ബേസില്‍ എനിക്കൊപ്പമെത്തിയില്ലെന്ന് ജോണി ആന്റണി; ഇനി അതുകൂടെ എന്റെ തലയില്‍ ഇട്ടോയെന്ന് ബേസില്‍; ചിരിപ്പിച്ച് പാല്‍തു ജാന്‍വര്‍ ടീം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബേസില്‍ ജോസഫ് നായകനായെത്തിയ ചിത്രം പാല്‍തു ജാന്‍വര്‍ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.
നവാഗതനായ സംഗീത് പി രാജന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജോണി ആന്റണി, ഇന്ദ്രന്‍സ്, ശ്രുതി, ഉണ്ണിമായ പ്രസാദ്, ഷമ്മി തിലകന്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരു മൃഗാശുപത്രിയുടെയും അവിടെ ജോലിക്കെത്തുന്ന ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടറുടെയും കഥ പറഞ്ഞ ചിത്രം ഒരു മികച്ച ഫീല്‍ഗുഡ് എന്റര്‍ടെയിനറാണെന്നാണ് അഭിപ്രായമുയരുന്നത്.

ചിത്രത്തില്‍ ഒറ്റ ഷോട്ടില്‍ ഒരു കുന്നിന്‍ മുകളിലേക്ക് ഓടിക്കയറുന്ന സീന്‍ ഷൂട്ട് ചെയ്തതിന്റെ അനുഭവവും പറയുകയാണ് പ്രൊമോഷന്‍ പരിപാടിയില്‍ വെച്ച് ബേസിലും ജോണി ആന്റണിയും.

ബേസില്‍ കാരണം ആ ഷോട്ട് രണ്ടാമത് എടുക്കേണ്ടി വന്നുവെന്ന് ജോണി ആന്റണി പറയുമ്പോള്‍, ജോണിചേട്ടന്‍ ഓടിയ പോക്ക് കണ്ടപ്പോഴേ എനിക്ക് തോന്നി ഇത് നല്ലതിനല്ല. ജോണിചേട്ടാ മെല്ലെ പോ, കുന്നാണ് നിങ്ങടെ ഈ ആവേശമൊന്നും വേണ്ട, എന്ന് ഞാന്‍ പറഞ്ഞിരുന്നു എന്നാണ് ബേസിലിന്റെ കമന്റ്.

”ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. ഒരു കുന്നിന്റെ മുകളിലൊക്കെയായിരുന്നു ഷൂട്ട്. ഒറ്റ ഷോട്ടില്‍ പത്തിരുന്നൂറ് മീറ്റര്‍ ഓടിക്കയറുന്നുണ്ട്.

ഞാനത് ആദ്യത്തെ ടേക്കില്‍ തന്നെ ഓടി, ഒരുതരത്തില്‍ രക്ഷപ്പെട്ടു, എന്ന് വിചാരിച്ചപ്പോള്‍ പറഞ്ഞു, ഒന്നുകൂടെ എടുക്കണം എന്ന്. എന്താ കാരണമെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു, ബേസില്‍ എനിക്കൊപ്പം ഓടിയെത്തിയില്ല, എന്ന്.

ഇത്രയും യുവാവായ ബേസില്‍ എനിക്കൊപ്പം ഓടിയെത്തിയില്ലെങ്കില്‍… പിന്നല്ല, ഞാന്‍ സത്യം പറയും.

പിന്നെ പോട്ടെ, പയ്യനല്ലേ, എന്ന് വിചാരിച്ച് ഞാന്‍ ഒന്നുകൂടെ ഓടി. അങ്ങനെ ഒരുപാട് കഷ്ടപ്പെട്ട് എടുത്ത സിനിമയാണ്,” ജോണി ആന്റണി പറഞ്ഞു.

”അങ്ങനെ ഇത് അതും എന്റെ തലയില്‍ ഇട്ടോ. ഓടാന്‍ പറഞ്ഞപ്പോള്‍ ജോണിചേട്ടന്‍ ഓടിയ പോക്ക് കണ്ടപ്പോഴേ എനിക്ക് തോന്നി ഇത് നല്ലതിനല്ല. ജോണിചേട്ടാ മെല്ലെ പോ മെല്ലെ പോ വലിയ കുന്നാണ് നിങ്ങടെ ഈ ആവേശമൊന്നും വേണ്ട, എന്ന് ഞാന്‍ പിറകില്‍ നിന്ന് പറഞ്ഞിരുന്നു.

അങ്ങനെ ഒന്നുകൂടെ ടേക്ക് പോയി. ജോണിചേട്ടന്‍ ഓടി മലയുടെ മേലെ എത്തി. പിന്നെ അടുത്തതായി കാണുന്നത് ജോണിചേട്ടന്‍ നിന്ന് കിതക്കുന്നതാണ്,” എന്നാണ് ബേസില്‍ ചിരിച്ചുകൊണ്ട് ഇതിന് മറുപടി നല്‍കിയത്.

”ആ കുന്നുമായൊക്കെ വളരെ പരിചിതനായ മനുഷ്യനാണ് ഞാന്‍ സിനിമയില്‍. ആ ഞാന്‍ പയ്യെ ഓടാന്‍ പറ്റുമോ. ഞാനേതായാലും കഥാപാത്രമായി, ആത്മാര്‍ത്ഥത. ബേസില്‍ പക്ഷേ ന്യൂ ജനറേഷന്‍, എനിക്കൊപ്പമെത്തിയില്ല സ്വാഭാവികം.

പിന്നെ രണ്ടാമത്തെ ടേക്ക്, അത് കഴിഞ്ഞപ്പോഴേക്ക് ഞാന്‍ വീണുപോയി,” ജോണി ആന്റണി ബേസിലിന് മറുപടിയായി പറഞ്ഞു.

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് പാല്‍തു ജാന്‍വര്‍ നിര്‍മിച്ചിരിക്കുന്നത്.

Content Highlight: Basil Joseph and Johny Antony’s funny conversations during the promotion of Palthu Janwar movie

We use cookies to give you the best possible experience. Learn more