| Friday, 19th November 2021, 3:53 pm

ജാന്‍ എ മന്‍ തിയേറ്ററില്‍ വിസിലടിച്ച് കാണാന്‍ പറ്റുന്ന സിനിമ; സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ച് ബേസില്‍ ജോസഫും ഗണപതിയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ബേസില്‍ ജോസഫ്, ഗണപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്യുന്ന സിനിമയാണ് ജാന്‍ എ മന്‍. മലയാളത്തിലെ യുവതാരങ്ങള്‍ക്ക് പുറമേ പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നവംബര്‍ 19നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്.

പുതിയ സിനിമയായ ‘ജാന്‍ എ മനിന്റെ’ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ബേസില്‍ ജോസഫും, ഗണപതിയും. ഏഷ്യനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും സംസാരിക്കുന്നത്.

ഏറെ നാളുകള്‍ക്ക് ശേഷം തിയേറ്ററുകളില്‍ സിനിമ ഇറങ്ങുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും കുടുംബത്തോടൊപ്പം പോയി കാണാന്‍ പറ്റുന്നൊരു സിനിമയാണ് ജാന്‍ എ മന്‍ എന്നും ബേസില്‍ പറയുന്നു. ‘ടിക്കറ്റ് കിട്ടാനില്ലാതെ പഴയപോലെ തിയേറ്ററിലെ ആള്‍ക്കാരെ വിളിച്ച് പറഞ്ഞ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ട സാഹചര്യം വീണ്ടും ഉണ്ടാവുക എന്നത് കേള്‍ക്കാന്‍ നല്ല സുഖമുള്ളൊരു കാര്യമാണ്. അക്കൂട്ടത്തിലേക്ക് നമ്മുടെ സിനിമകൂടെ ഇറങ്ങുന്നു എന്നത് വളരെ എക്സൈറ്റിങ് ആയിട്ടുള്ളൊരു കാര്യമാണ്. ജാന്‍ എ മന്‍ തിയേറ്ററിലേക്ക് ആളുകളെ എത്തിക്കാന്‍ പറ്റുന്നൊരു സിനിമയാണ്. ഫാമിലിയുടെ കൂടെയൊക്കെ പോയി വിസിലടിച്ച് കാണാന്‍ പറ്റുന്നൊരു സിനിമയാണ് ജാന്‍ എ മന്‍,”ബേസില്‍ പറയുന്നു.

ചേട്ടന്‍ ആദ്യമായി ഡയറക്ടര്‍ ആയ സിനിമയില്‍ തിരക്കഥയെഴുതി അഭിനയിക്കുന്നതിന്റെ വിശേഷം പങ്കുവെക്കുകയാണ് ഗണപതി. ‘സിനിമയുടെ ത്രെഡ് ചിദംബരത്തിന്റെ ഒരു ബെര്‍ത്ത്ഡേയില്‍ സംഭവിച്ചൊരു കാര്യമാണ്. ചിദംബരം അതിന് മുന്‍പും സ്‌ക്രിപ്റ്റ് എഴുതിയിരുന്നെങ്കിലും അതൊക്കെ വേറെ തരത്തിലുള്ള സ്‌ക്രിപ്റ്റ് ആയിരുന്നു.

അര്‍ജുന്‍ പറഞ്ഞിട്ടാണ് വികൃതിയുടെ പ്രൊഡ്യൂസര്‍മാരായ ഗണേഷേട്ടനോടും ലക്ഷ്മി ചേച്ചിയോടും ത്രെഡ് പറയാന്‍ പോകുന്നത്. ത്രെഡ് അവര്‍ക്ക് ഇഷ്ടപ്പെട്ടു, പിന്നെ ചിദു സ്‌ക്രിപ്റ്റ് എഴുതി തുടങ്ങിയപ്പോള്‍ ഞാനും ചില സജഷന്‍സ് ഒക്കെ പറഞ്ഞിരുന്നു. അങ്ങനെ ചിദു പറഞ്ഞു നീ ഇതിന്റെ കൂടെ റൈറ്ററായിട്ട് കൂടാന്‍,” ഗണപതി പറയുന്നു.

മിന്നല്‍ മുരളിയുടെ ഷൂട്ടിങ് അവസാനിക്കുന്നതിന് മുന്‍പാണ് ജാന്‍ എ മനില്‍ അഭിനയിക്കാന്‍ വരുന്നതെന്ന് ബേസില്‍ പറയുന്നു. ‘കൊവിഡ് ആണ് ഷൂട്ടിങ് നിര്‍ത്തിവെച്ചു, വീട്ടില്‍ ഇരിക്കാന്‍ പറ്റില്ല. മിന്നല്‍ മുരളിക്ക് ഒരുപാട് ആളുകളൊക്കെ വേണ്ട സീനുകള്‍ ആയിരുന്നു ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. അങ്ങനെയാണ് ഗവണ്‍മെന്റ് അമ്പത് പേരെ വെച്ച് ഷൂട്ടിങ് തുടങ്ങാം എന്ന് പറഞ്ഞത്. ആ സമയത്താണ് ജാന്‍ എ മനിലേക്ക് വരുന്നത്, ബേസില്‍ പറയുന്നു.

മലയാളത്തിലെ യുവതാരങ്ങളായ അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ എന്നിവരാണ് സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

ചിദംബരവും ഗണപതിയും, സപ്നേഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

വികൃതി’ എന്ന സിനിമക്ക് ശേഷം ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍, സജിത്ത് കൂക്കള്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Basil Joseph and Ganapathi about Jan E man

We use cookies to give you the best possible experience. Learn more