ഗോദയിലെ ആ ഡയലോഗ് ബൈജു ചേട്ടന്റെയാണെന്ന് ഈയിടെയാണ് ഞാന്‍ അറിഞ്ഞത്: ബേസില്‍ ജോസഫ്
Entertainment
ഗോദയിലെ ആ ഡയലോഗ് ബൈജു ചേട്ടന്റെയാണെന്ന് ഈയിടെയാണ് ഞാന്‍ അറിഞ്ഞത്: ബേസില്‍ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th August 2024, 9:33 pm

വിനീസ് ശ്രീനിവാസന്റെ അസിസ്റ്റന്റായി മലയാളസിനിമയിലേക്ക് കടന്നുവന്നയാളാണ് ബേസില്‍ ജോസഫ്. 2015ല്‍ റിലീസായ കുഞ്ഞിരാമായണത്തിലൂടെയാണ് ബേസില്‍ സ്വതന്ത്രസംവിധായകനാകുന്നത്. പിന്നീട് ടൊവിനോയെ നായകനാക്കി ഗോദ, മിന്നല്‍ മുരളി എന്നീ ചിത്രങ്ങള്‍ ബേസില്‍ സംവിധാനം ചെയ്തു. സംവിധാനത്തോടൊപ്പം അഭിനയവും തനിക്ക് വഴങ്ങുമെന്ന് ബേസില്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

ഗോദയില്‍ വാമിക ഗബ്ബി നാട്ടിന്‍പുറത്തെ ഗുണ്ടകളെ തല്ലുന്നതിന് മുമ്പ് ടൊവിനോ പറയുന്ന ഡയലോഗ് തനിക്ക് ട്രോള്‍ പേജുകളില്‍ കമന്റില്‍ നിന്നാണ് കിട്ടിയതെന്ന് ബേസില്‍ പറഞ്ഞു. എന്നാല്‍ ആ ഡയലോഗ് ആദ്യം പറഞ്ഞത് നടന്‍ ബൈജുവാണെന്നും അത് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ ഡയലോഗാണെന്ന് മനസിലായത് ഈയടുത്താണെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു.

ആ സമയത്ത് പല ട്രോളിന്റെയും കമന്റില്‍ സ്ഥിരം കണ്ടുകൊണ്ടിരുന്ന ഡയലോഗ് മനസില്‍ പതിഞ്ഞെന്നും ഗോദയില്‍ എന്തെങ്കിലും പഞ്ചായിട്ട് ഇടണമെന്ന അവസ്ഥ വന്നപ്പോള്‍ മനസില്‍ കിടന്ന ആ ഡയലോഗ് എടുത്ത് ഇടുകയായിരുന്നുവെന്നും ബേസില്‍ പറഞ്ഞു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ബേസില്‍ ഇക്കാര്യം പറഞ്ഞത്.

‘ഗോദയില്‍ വാമികയെ രണ്ട് ഗുണ്ടകള്‍ തല്ലുന്ന സീനില്‍ ടൊവിനോ അവരോട് ‘നീ തീര്‍ന്നെടാ.. നീ തീര്‍ന്ന്’ എന്ന പറയുന്നുണ്ട്. ആ ഡയലോഗ് ബൈജു ചേട്ടന്റെയാണെന്ന ഈയിടക്കാണ് ഞാന്‍ അറിഞ്ഞത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റില്‍ ബൈജു ചേട്ടന്‍ ഇന്ദ്രജിത്തിനോട് പറയുന്ന ഡയലോഗാണ് അത്. പക്ഷേ ഈ ഡയലോഗ് ഞാന്‍ ആദ്യം കാണുന്നത് ട്രോള്‍ പേജുകളിലെ കമന്റ് ബോക്‌സിലാണ്.

പല ട്രോളിന്റെയും കമന്റ് ബോക്‌സില്‍ ‘നീ തീര്‍ന്നെടാ’ എന്ന് കമന്റിട്ടിരിക്കുന്നത് കണ്ടിട്ടുണ്ട്. അതില്‍ രു ഹ്യൂമര്‍ എലമെന്റ് ഉണ്ടെന്ന് അപ്പോള്‍ തന്നെ മനസിലായി. എപ്പോഴെങ്കിലും ഉപയോഗിക്കാമെന്ന് വിചാരിച്ച് എടുത്തുവെച്ചു. ഗോദയില്‍ ആ സീനില്‍ ഒരു പഞ്ച് വേണം എന്ന ചിന്ത വന്നപ്പോള്‍ ഈ ഡയലോഗ് ആ സീനിലേക്ക് എടുത്തിടുകയായിരുന്നു,’ ബേസില്‍ ജോസഫ് പറഞ്ഞു.

Content Highlight: Basil Joseph about Tovino Thomas’s dialouge in Godha and actor Baiju