| Tuesday, 3rd May 2022, 10:57 am

ചിദുവും ഗണുവും വന്ന് കഥ പറഞ്ഞു; കേള്‍ക്കാനൊക്കെ രസമുണ്ട്, പക്ഷെ ഇത് നൂറ് ദിവസം ഓടും എന്നൊന്നും സത്യം പറഞ്ഞാല്‍ വിചാരിച്ചില്ല: ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബേസില്‍ ജോസഫ്, ഗണപതി, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ലാല്‍, സിദ്ധാര്‍ത്ഥ് മേനോന്‍, റിയ സൈറ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ചിദംബരം സംവിധാനം ചെയ്ത സിനിമയായിരുന്നു ജാന്‍ എ മന്‍.

ചിദംബരവും സഹോദരനും നടനുമായ ഗണപതിയും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

ചെറിയ സിനിമയായെത്തി വന്‍ ആഘോഷമായി മാറിയ ജാന്‍ എ മന്‍ തിയേറ്ററില്‍ 100 ദിവസം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ 100 ഡേയ്സ് സെലിബ്രേഷനും കഴിഞ്ഞ ദിവസം നടന്നിരുന്നു.

സിനിമയുടെ കഥ കേട്ടപ്പോള്‍ നന്നായി തോന്നിയെന്നും എന്നാല്‍ 100 ദിവസമൊക്കെ ഓടുമെന്ന് വിചാരിച്ചില്ലെന്നുമാണ് ആഘോഷത്തില്‍ പങ്കെടുത്തുകൊണ്ട് ജാന്‍ എ മന്‍ നായകന്‍ ബേസില്‍ ജോസഫ് പറഞ്ഞത്.

ഒരു സംവിധായകനെന്ന നിലക്ക് തനിക്ക് മിന്നല്‍ മുരളി എങ്ങനെയാണോ അതുപോലെയാണ് അഭിനേതാവെന്ന നിലയില്‍ ജാന്‍ എ മന്‍ എന്നും താരം പറഞ്ഞു.

”എന്നെക്കുറിച്ച് പറയാന്‍ എനിക്ക് അവസരം തന്നില്ലായിരുന്നു. അത് ആദ്യം പറഞ്ഞിട്ട് തുടങ്ങാം.

ഒരു സംവിധായകനെന്ന നിലക്ക് എനിക്ക് മിന്നല്‍ മുരളി എങ്ങനെയാണോ അതുപോലെയാണ് അഭിനേതാവെന്ന നിലയില്‍ എനിക്ക് ജാന്‍ എ മന്‍.

അതെനിക്ക് ഒരുക്കിത്തന്നത് ചിദംബരവും ഗണപതിയുമാണ്. ഗണപതിയാണ് ആദ്യം എന്നെ വിളിക്കുന്നത്. ഗണപതി എന്ന ആക്ടറിനെ മാത്രമേ ഏതുവരെ എനിക്ക് അറിയുമായിരുന്നുള്ളൂ, ഗണപതി എന്ന എഴുത്തുകാരനെ അറിയില്ലായിരുന്നു.

അത് കേട്ടിട്ട് ഞാന്‍ ഓക്കെ പറഞ്ഞു. ചിദുവും ഗണുവും കൂടെ വന്ന് കഥയൊക്കെ പറഞ്ഞു. കഥയൊക്കെ കേള്‍ക്കാന്‍ രസമുണ്ട്. പക്ഷെ ഇത് ഇത്രയും നന്നായി വരും, നൂറ് ദിവസം ഓടും എന്നൊന്നും സത്യം പറഞ്ഞാല്‍ ഞാന്‍ വിചാരിച്ചില്ല.

ഭയങ്കരമായ ഒരു ടെക്‌നിക്കല്‍ ടീമും ഇത്രയും നല്ല പെര്‍ഫോമേഴ്‌സും ഒക്കെക്കൂടെ വന്നിട്ട് സംഭവിക്കുന്നതാണിത്. എല്ലാ സിനിമയിലും ഇത് സംഭവിക്കില്ല.

ഓരോ സിനിമക്കും അതിന്റേതായ വിധിയുണ്ട്. ഈ സിനിമക്ക് എല്ലാം ഭയങ്കര യോഗവും ഭാഗ്യവുമാണ്. ഉഗ്രന്‍ ടീമായിരുന്നു. സിനിമയുടെ ഔട്ട്പുട്ടില്‍ അത് കാണാമായിരുന്നു. നമ്മടെ പൊളി ടീംസ്,” ബേസില്‍ പറഞ്ഞു.

വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ഡിയര്‍ ഫ്രണ്ട്, വിപിന്‍ദാസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ജയ ജയ ജയ ജയഹേ എന്നിവയാണ് ബേസില്‍ അഭിനയിച്ച റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍

രണ്ട് സിനിമകളിലും ബേസിലിനൊപ്പം നടി ദര്‍ശന രാജേന്ദ്രനും എത്തുന്നുണ്ട്.

ഡിയര്‍ ഫ്രണ്ടില്‍ ടൊവിനോ തോമസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈജു കുറുപ്പിനെ നായകനാക്കി അന്താക്ഷരി എന്ന ത്രില്ലറൊരുക്കിയ വിപിന്‍ ദാസിന്റെ രണ്ടാമത്തെ ചിത്രമായിരിക്കും ജയ ജയ ജയ ജയഹേ.

Content Highlight: Basil Joseph about the success of Jan.E.Man movie, at 100 days celebration

We use cookies to give you the best possible experience. Learn more