മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമായിരുന്നു മിന്നല്‍ മുരളി. കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവിനോയാണ് ടൈറ്റില്‍ റോളിലെത്തിയത്. കണ്ടുശീലിച്ച സൂപ്പര്‍ഹീറോ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ അനുഭവമായിരുന്നു മിന്നല്‍ മുരളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.
കുറുക്കന്‍മൂല എന്ന ഗ്രാമത്തിന്റെ രക്ഷകനായ മിന്നല്‍ മുരളിയുടെ കഥ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം ഒ.ടി.ടി റിലീസായാണ് മിന്നല്‍ മുരളി പ്രേക്ഷകരിലേക്കെത്തിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി കന്നഡ ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെ ടൊവിനോ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധിക്കപ്പെട്ടു.
കോമഡിയും മാസും ഇമോഷനും ചേര്‍ത്ത ചിത്രത്തിന്റെ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് മിസ്സായതില്‍ സങ്കടപ്പെടുന്നവര്‍ ഒരുപാടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ബേസില്‍ ജോസഫ്. ചിത്രത്തില്‍ ടൊവിനോ ഉത്സവപ്പറമ്പില്‍ വളയമെറിയുന്ന സീന്‍ ഷൂട്ട് ചെയ്ത സീന്‍ ശരിക്ക് ചെയ്തതാണെന്ന് ബേസില്‍ പറഞ്ഞു.
ആ സീനില്‍ ടൊവിനോ വേറൊരാളുടെ മുഖത്ത് നോക്കിയാണ് വളയം എറിയുന്നതെന്നും കറക്ടായി കിട്ടിയില്ലെങ്കില്‍ വി.എഫ്.എക്‌സ് ചെയ്യാമെന്ന് പറയുകയും ചെയ്‌തെന്ന് ബേസില്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഷോട്ടിന് മുമ്പ് പൊസിഷനൊക്കെ നോക്കിയ ശേഷം ആക്ഷന്‍ പറഞ്ഞപ്പോള്‍ കൃത്യമായി വളയും പുട്ടുകുറ്റിയില്‍ വീണെന്നും അത് കണ്ടപ്പോള്‍ ടൊവിനോക്ക് ശരിക്കും സൂപ്പര്‍ പവര്‍ ഉണ്ടോയെന്ന് തോന്നിയെന്നും ബേസില്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ബേസില്‍.
‘ആ വളയമെറിയുന്ന സീന്‍ ഗ്രാഫിക്‌സല്ല, ടൊവിനോ ശരിക്ക് ചെയ്തതാണ്. ആ സീനില്‍ ചേച്ചിയുടെ അടുത്ത് സംസാരിച്ചോണ്ടാണ് വളയമെറിയുന്നത്. നോക്കി എറിഞ്ഞാല്‍ പോലും പലര്‍ക്കും കൃത്യമായി കൊള്ളിക്കാന്‍ പറ്റില്ല. ടേക്ക് ശരിയായില്ലെങ്കില്‍ വി.എഫ്.എക്‌സില്‍ വളയം ക്രിയേറ്റ് ചെയ്ത് ത്രീ.ഡി എഫക്ട് ഇട്ടാലും ആ ഒരു ഭാഗം മുഴച്ചുനില്‍ക്കും. എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നപ്പോള്‍ ‘എറിഞ്ഞ് നോക്കാം’ എന്ന് ടൊവി പറഞ്ഞു.
ഷോട്ടിന് മുമ്പ് പൊസിഷന്‍ നോക്കി എങ്ങനെ എറിഞ്ഞാല്‍ കറക്ടായി കൊള്ളുമെന്ന് മനസില്‍ കാല്‍ക്കുലേറ്റ് ചെയ്തിട്ട് അവന്‍ റെഡിയായി നിന്നു. ആക്ഷന്‍ പറഞ്ഞപ്പോഴേക്ക് ‘ചേച്ചിക്കെന്താ വേണ്ടത്, പുട്ടുകുറ്റിയോ?’ എന്ന് ഡയലോഗ് പറഞ്ഞ് അതിന്റെ കൂടെ തന്നെ വളയം എറിഞ്ഞു. അത് കറക്ടായി പുട്ടുകുറ്റിയില്‍ പോയി വീഴുകയും ചെയ്തു. ഇനിയെങ്ങാനും അവന് ശരിക്കും സൂപ്പര്‍പവര്‍ ഉണ്ടോ എന്ന് ആ സമയത്ത് ചിന്തിച്ചു,’ ബേസില്‍ പറഞ്ഞു.
Content Highlight: Basil Joseph about the shooting experience of Minnal Murali