| Monday, 28th August 2023, 7:18 pm

ജൂസ് കടയിലെ ജോലിയില്‍ നിന്ന് ഹിറ്റ് സംവിധായകനിലേക്ക്; നഹാസ് ഹിദായത്തിനെ കുറിച്ച് ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ വമ്പന്‍ തരംഗമായി മുന്നേറുകയാണ് നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍.ഡി. എക്സ്. ബേസില്‍ ജോസഫിന്റെ അസിസ്റ്റന്റ് ആയി സിനിമാ രംഗത്തേക്കെത്തിയ ആളാണ്
നഹാസ്.

ഇപ്പോഴിതാ തന്റെ ആദ്യ ചിത്രത്തിലേക്കുള്ള യാത്രയില്‍ നഹാസിന്റെ നിശ്ചയദാര്‍ഢ്യത്തെക്കുറിച്ച് പറയുകയാണ് ബേസില്‍ ജോസഫ്. ആര്‍.ഡി.എക്‌സ് കണ്ടതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ബേസില്‍ ജോസഫ് നഹാസിനെക്കുറിച്ച് പറയുന്നത്.

ഗോദയുടെ പ്രീ പ്രൊഡക്ഷന്‍ സമയത്താണ് നഹാസ് തന്നെ ആദ്യമായി കാണാന്‍ വരുന്നതെന്നും അന്ന് സ്വന്തം ചിലവ് കണ്ടെത്താന്‍ ജ്യൂസ് കടയില്‍ ജോലി ചെയ്യുകയായിരുന്നു നഹാസ് എന്നും ബേസില്‍ കുറിപ്പില്‍ പറയുന്നു.

സ്വന്തമായി പോര്‍ട്ട് ഫോളിയോ ഉണ്ടാക്കാന്‍ താനാണ് നഹാസിനോട് പറയുന്നതെന്നും അത് അനുസരിച്ച് നഹാസ് ഉണ്ടാക്കിയ ഷോര്‍ട്ട് ഫിലിം കണ്ട ശേഷമാണ് ഗോധയുടെ അസിസ്റ്റന്റ് ഡയറക്ടറായി നഹാസിനെ എടുത്തതെന്നും ബേസില്‍ കൂട്ടിച്ചേര്‍ക്കുന്നു.

ബേസില്‍ ജോസഫ് പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

2016 ല്‍ എന്റെ രണ്ടാം ചിത്രമായ ഗോദയുടെ പ്രീ പ്രൊഡക്ഷന്‍ നടക്കുന്ന സമയത്താണ് ഞങ്ങളുടെ ഡയറക്ഷന്‍ ടീമിന്റെ ഭാഗമാവാനുള്ള ആഗ്രഹം അറിയിച്ച് ഈ ചെറുപ്പക്കാരന്‍ എന്നെ സമീപിക്കുന്നത്.

ഒരു ചലച്ചിത്രകാരന്‍ ആവാനുള്ള തന്റെ തീവ്രാഭിലാഷത്തെക്കുറിച്ച് പറഞ്ഞതിനൊപ്പം സാമ്പത്തികവും വ്യക്തിപരവുമായുള്ള ജീവിതപ്രയാസങ്ങളെക്കുറിച്ചും അയാള്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി എന്ന ചെറിയ പട്ടണത്തില്‍ നിന്നും അയാള്‍ കൊച്ചിയില്‍ എത്തിയതിന് പിന്നില്‍ നിശ്ചയദാര്‍ഢ്യം മാത്രമായിരുന്നു.

ചെലവിനുള്ള പണം കണ്ടെത്താനായി ഒരു ജ്യൂസ് കടയില്‍ ജോലി ചെയ്യുകയായിരുന്നു അയാള്‍ അന്ന്. സ്വന്തം കഴിവ് ബോധ്യപ്പെടുത്താനായി ഒരു ഷോര്‍ട്ട് ഫിലിം ചെയ്യാന്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.

എന്റെ ഉപദേശം ഹൃദയത്തില്‍ ഏറ്റുവാങ്ങിയ അദ്ദേഹം അവിടെനിന്ന് പോയി. അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ഷോര്‍ട്ട് ഫിലിമുമായി കുറച്ച് ആഴ്ചകള്‍ക്ക് ശേഷം തിരിച്ചുവന്നു. ജ്യൂസ് ഷോപ്പിലെ ജോലിയില്‍ നിന്ന് മിച്ചം പിടിച്ച തുകയും ഒപ്പം സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങിയ പണവും ഉപയോഗിച്ചാണ് അദ്ദേഹം അതിനുള്ള ബജറ്റ് കണ്ടെത്തിയത്.

ആ ഷോര്‍ട്ട് ഫിലിമിനേക്കാള്‍ ഉപരി എന്നെ ആകര്‍ഷിച്ചത് എല്ലാ പ്രതിസന്ധികള്‍ക്കിടയിലും അത് ചെയ്യാന്‍ അദ്ദേഹം കാണിച്ച നിശ്ചയദാര്‍ഢ്യമാണ്. അപ്പോഴാണ് ഗോദയിലെ അസിസ്റ്റന്റ് ഡയറക്ടറായി അദ്ദേഹം ഞങ്ങള്‍ക്കൊപ്പം ചേരുന്നത്.

വര്‍ഷങ്ങള്‍ കടന്നുപോയി, സോഷ്യല്‍ മീഡിയയില്‍ ജനപ്രീതി നേടിയ ഷോര്‍ട്ട് ഫിലിമുകളും മ്യൂസിക് വീഡിയോകളുമൊക്കെ അദ്ദേഹം ചെയ്തു. പിന്നീട് ആദ്യ ചിത്രം ആരംഭിച്ചു. നിര്‍ഭാഗ്യവശാല്‍ കൊവിഡ് മഹാമാരിയും മറ്റ് കാരണങ്ങളാലും ചിത്രം പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടിവന്നു.

പിന്നീടാണ് അദ്ദേഹം ആര്‍.ഡി.എക്‌സിനുവേണ്ടി സോഫിയ പോളിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. അതിന്റെ ഷൂട്ടിങ് സമയത്തും അദ്ദേഹത്തിന്റെ പ്രതിസന്ധികള്‍ തുടര്‍ന്നു, അനുകൂലമല്ലാത്ത കാരണങ്ങളാല്‍ ചിത്രം വാര്‍ത്തകള്‍ സൃഷ്ടിച്ചു. നിര്‍മാതാവിനും അഭിനേതാക്കള്‍ക്കും മറ്റ് അണിയറക്കാര്‍ക്കും നന്ദി. അവരുടെ പിന്തുണയോടെ അവസാനം അദ്ദേഹം ഷൂട്ട് പൂര്‍ത്തീകരിച്ചു. റിലീസിന് തലേന്നും അദ്ദേഹം എന്നെ വിളിച്ചു, വലിയ പരിഭ്രമത്തോടെ.

ഇന്ന് അദ്ദേഹത്തിന്റെ ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുകയാണ്. നഹാസ് ഹിദായത്ത് എന്ന പേര് കാണുമ്പോള്‍ പ്രേക്ഷകര്‍ ആവേശപൂര്‍വ്വം കൈയടിക്കുന്നു. ഇന്ന് ആര്‍.ഡി.എക്‌സ് കാണാന്‍ ഞാന്‍ തിയേറ്ററില്‍ പോയപ്പോള്‍ ചിത്രം കാണാനെത്തിയ കുറച്ച് ചെറുപ്പക്കാരെ കണ്ടു.

പടം എങ്ങനെയുണ്ടെന്ന എന്റെ ചോദ്യത്തിന് ?ഗംഭീരം എന്നായിരുന്നു അവരുടെ പ്രതികരണം. അഭിമാനത്തോടെയും സന്തോഷത്തോടെയുമായിരുന്നു അവരത് പറഞ്ഞത്. നഹാസ് ആണ് ഇതിന്റെ സംവിധായകന്‍, ഒരിക്കല്‍ അദ്ദേഹം എന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു, അത് പറഞ്ഞപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു.

പ്രിയ നഹാസ്, ആശംസകള്‍. ഈ വിജയവും മുന്നോട്ടുള്ള നിരവധി വിജയങ്ങളും നീ അര്‍ഹിക്കുന്നു. ഒരു ?ഗംഭീര കരിയറിന്റെ തുടക്കമാവട്ടെ ഇത്, നിന്റെ സിനിമ പോലെ തന്നെ.

ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് ആര്‍.ഡി.എക്‌സിന്റെ തിരക്കഥ. കെ.ജി.എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍ബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എഡിറ്റര്‍ – ചമന്‍ ചാക്കോ, ഛായാഗ്രഹണം – അലക്‌സ് ജെ. പുളിക്കല്‍, സംഗീതസംവിധാനം – സാം സി. എസ്.

Content Highlight: Basil joseph about the life story of rdx movie director Nahas Hidayath

We use cookies to give you the best possible experience. Learn more