ഇന്ത്യ എന്ന് പ്രഖ്യാപിക്കുന്നത് വരെ ജപ്പാന് അവാര്‍ഡ് കിട്ടുമെന്നാണ് വിചാരിച്ചത്: ബേസില്‍ ജോസഫ്
Film News
ഇന്ത്യ എന്ന് പ്രഖ്യാപിക്കുന്നത് വരെ ജപ്പാന് അവാര്‍ഡ് കിട്ടുമെന്നാണ് വിചാരിച്ചത്: ബേസില്‍ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 14th July 2023, 6:55 pm

മികച്ച സംവിധായകനുള്ള ഏഷ്യന്‍ അക്കാദമി അവാര്‍ഡ് വാങ്ങിയ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ബേസില്‍ ജോസഫ്. ഒരുപാട് രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകള്‍ അവാര്‍ഡ് ചടങ്ങിലേക്ക് എത്തിയിരുന്നുവെന്നും അവിടെ ചെന്നപ്പോഴാണ് അവാര്‍ഡ് കിട്ടുമെന്ന് ഉറപ്പില്ല എന്ന് മനസിലായതെന്നും ബേസില്‍ പറഞ്ഞു. ഇന്ത്യ എന്ന് ഒടുവില്‍ പ്രഖ്യാപിക്കുന്നത് വരെ കിട്ടില്ലെന്നാണ് വിചാരിച്ചതെന്നും ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ബേസില്‍ പറഞ്ഞു.

‘ചില അവാര്‍ഡിന് പോകുമ്പോള്‍ അവാര്‍ഡുണ്ടെങ്കില്‍ ആദ്യമേ പറയും. ഇത് പക്ഷേ അങ്ങനെയല്ലായിരുന്നു. ഒരു നോമിനേഷന്‍ ഉണ്ടെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. ഇത്രയും മെനക്കെട്ട് സിംഗപ്പൂര് വരെ പോവല്ലേ, അവാര്‍ഡ് കിട്ടുമെന്ന് വിചാരിച്ചാണ് പോവുന്നത്. പക്ഷേ കൂടെ ഇരുന്ന ആര്‍ക്കും അവാര്‍ഡ് കിട്ടുന്നില്ല. അവരും സ്യൂട്ടൊക്കെ ഇട്ട് ഇന്ത്യയില്‍ നിന്നും നമ്മുടെ കൂടെ വന്നതാണ്. ഈ അവാര്‍ഡ് അങ്ങനെ കിട്ടണമെന്ന് നിര്‍ബന്ധമില്ലെന്ന് എനിക്ക് മനസിലായി.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

എല്ലാ രാജ്യത്ത് നിന്നുമുള്ള ആളുകള്‍ അവിടെ ഉണ്ട്. അന്ന് രാവിലെ മികച്ച സംവിധായകനായി നോമിനേറ്റ് ചെയ്ത് ആളുകളുടെ ഒരു പാനല്‍ ചര്‍ച്ച ഉണ്ടായിരുന്നു. അവരെല്ലാം പല രാജ്യത്ത് നിന്നുമുള്ളവരാണ്. ഇവരൊക്കെ അവാര്‍ഡിന് വേണ്ടി വന്നവരാണ്.

ഞാന്‍ പ്രിപ്പയേര്‍ഡായിട്ടല്ല പോയത്. ഇവിടം വരെയെത്തിയല്ലോ, ഇത്രയും ആളുകളുമായി സംസാരിക്കുന്നു, ഇത്രയും ആളുകളുള്ള പാനലില്‍ ഇരുന്ന് ഗ്ലോബല്‍ സിനിമയെ പറ്റി സംസാരിക്കുന്നു എന്നൊക്കെ വിചാരിച്ച് എനിക്ക് ഭയങ്കര എക്‌സൈറ്റ്‌മെന്റായിരുന്നു. ഇംഗ്ലീഷ് മാത്രമല്ല. ചിലര്‍ക്ക് ഇംഗ്ലീഷ് അറിയില്ല. ജാപ്പനീസ് സംവിധായകന്‍ ട്രാന്‍സലേറ്റര്‍ വെച്ചാണ് സംസാരിക്കുന്നത്. ഈ പ്രോസസ് ഭയങ്കര ഇന്ററസ്റ്റിങ്ങായിരുന്നു.

ഇവിടം വരെയെത്തി, സിംഗപ്പൂരൊക്കെ ഒന്ന് കണ്ടു, തിരിച്ച് പോവാം എന്നൊക്കെ പറയുന്നത് പോലെയായിരുന്നു. അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യ എന്ന് പറയുന്നത് വരെ ജപ്പാന്‍ എന്നാണ് എന്റെ മനസില്‍ പൊയ്‌ക്കൊണ്ടിരുന്നത്. അവസാനം ഇന്ത്യ എന്ന് പറയുമ്പോള്‍ അയ്യോ എന്ന് പറഞ്ഞ് എഴുന്നേറ്റ് പോവുകയായിരുന്നു. അപ്പോഴാണ് പ്രസംഗിക്കണമല്ലോ എന്നൊക്കെ ചിന്തിക്കുന്നത്.

ഇനി അവാര്‍ഡ് കിട്ടിയില്ലെങ്കില്‍ സ്പീച്ച് പ്രിപ്പയര്‍ ചെയ്യുന്നതുകൊണ്ട് കാര്യമില്ലല്ലോ. കോട്ടൊക്കെ ഇട്ടുകൊണ്ട് പോയി അവിടെവെച്ച് കരയരുത് എന്ന് വൈഫ് പറഞ്ഞിരുന്നു. ഇന്ത്യ എന്ന് പറഞ്ഞ് കഴിഞ്ഞ് സ്റ്റേജിലേക്ക് ചിരിച്ചുകൊണ്ട് നടന്നുപോവുന്നുണ്ടെങ്കിലും മനസില്‍ എന്താ ഇപ്പോള്‍ പറയുക എന്ന് ചിന്തയായിരുന്നു. ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഓര്‍മയാണ്,’ ബേസില്‍ പറഞ്ഞു.

Content Highlight; basil joseph about the experience of asian academy award