|

ടൊവിയെ കളിയാക്കാന്‍ വേണ്ടിയാണ് ആ കമന്റ് ഇട്ടത്, പക്ഷേ, അതിനെ എ.ഐ. വീഡിയോ ആക്കുമെന്ന് കരുതിയില്ല: ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബേസില്‍ ജോസഫിന്റെയും ടൊവിനോയുടെയും സൗഹൃദം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറുണ്ട്. ഇരുവരും തമ്മില്‍ നടത്തുന്ന രസകരമായ കൊടുക്കല്‍ വാങ്ങലുകള്‍ പ്രേക്ഷകരെ ചിരിപ്പിക്കാറുണ്ട്. എമ്പുരാന്റെ ടീസര്‍ ലോഞ്ചുമായി ബന്ധപ്പെട്ട് ടൊവിനോ ഇട്ട പോസ്റ്റില്‍ ബേസിലിന്റെ കമന്റ് വലിയ ചര്‍ച്ചയായിരുന്നു.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പിന്നിലിരിക്കുന്ന ടൊവിനോയുടെ ഫോട്ടോയ്ക്ക് ‘മുട്ട പഫ്‌സിലെ മുട്ട’ എന്നായിരുന്നു ബേസില്‍ കമന്റിട്ടത്. ഇതോടെ ടൊവിനോയുടെ പോസ്റ്റും ബേസിലിന്റെ കമന്റും വൈറലായി. എമ്പുരാന്റെ ടീസര്‍ ലോഞ്ചിനിടെ മുട്ട പഫസ് കഴിക്കുന്ന മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ, ബേസില്‍ എന്നിവരുടെ വീഡിയോ എ.ഐ ഉപയോഗിച്ചത് നിര്‍മിച്ചത് വൈറലാവുകയും എല്ലാവരെയും അമ്പരപ്പിക്കുകയും ചെയ്തിരുന്നു.

താന്‍ അത് തമാശക്കിട്ട കമന്റായിരുന്നെന്ന് പറയുകയാണ് ബേസില്‍ ജോസഫ്. കൂട്ടുകാര്‍ വഴിയാണ് താന്‍ സോഷ്യല്‍ മീഡിയയിലെ പുതിയ ഫോട്ടോകള്‍ കാണാറുള്ളതെന്ന് ബേസില്‍ പറഞ്ഞു. അങ്ങനെ ഒരാള്‍ അയച്ചുതന്നപ്പോഴാണ് ടൊവിനോയുടെ പോസ്റ്റ് കണ്ടതെന്നും അപ്പോള്‍ മനസില്‍ തോന്നിയതാണ് ആ കമന്റെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു.

ടൊവിനോയെ ചുമ്മാ തളര്‍ത്താന്‍ വേണ്ടി ആ കമന്റ് ഇട്ടെന്നും എന്നാല്‍ എ.ഐ ഉപയോഗിച്ച് താനും ടൊവിനോയും മമ്മൂട്ടിയും മോഹന്‍ലാലും മുട്ട പഫസ് കഴിക്കുന്ന വീഡിയോ ഉണ്ടാക്കുമെന്ന് കരുതിയില്ലെന്നും ബേസില്‍ പറഞ്ഞു. വളരെ രസകരമായ വീഡിയോയാണ് അതെന്നും താന്‍ അത് കണ്ട് കുറേ ചിരിച്ചെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. പൊന്മാന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബേസില്‍ ജോസഫ്.

‘ചുമ്മാ ഒരു തമാശക്കാണ് ആ കമന്റിട്ടത്. പലപ്പോഴും എന്റെ കൂട്ടുകാരാണ് ഓരോ വീഡിയോസും ഫോട്ടോസുമൊക്കെ അയച്ചുതരുന്നത്. അവര്‍ അയച്ചുതരുമ്പോഴാണ് ഇതൊക്കെ ഞാന്‍ അറിയുന്നത്. അങ്ങനെയാണ് ലാലേട്ടന്റെയും മമ്മൂക്കയുടെയും പുറകില്‍ അവന്‍ ഇരിക്കുന്ന ഫോട്ടോ കണ്ടത്. ചുമ്മാ ഒരു കമന്റ് ഇട്ട് തളര്‍ത്താം എന്ന് വിചാരിച്ചാണ് ‘മുട്ട പഫ്‌സിനിടയിലെ മുട്ട’ എന്ന് കമന്റ് ചെയ്തത്.

അത് വൈറലായി. അതിനെക്കാള്‍ ഞെട്ടിച്ചത് ആ കമന്റിനെ ബേസ് ചെയ്ത് വന്ന വീഡിയോയാണ്. ഞാന്‍ നോക്കുമ്പോള്‍ ലാലേട്ടനും മമ്മൂക്കയും ടൊവിയും ഞാനുമിരുന്ന് മുട്ട പഫ്‌സ് കഴിക്കുന്നു. വളരെ രസകരമായിട്ടാണ് ആ വീഡിയോ എ.ഐയില്‍ ക്രിയേറ്റ് ചെയ്തതെന്ന് മനസിലായി. ഞാന്‍ അത് കണ്ടിട്ട് ഒരുപാട് ചിരിച്ചു’ ബേസില്‍ ജോസഫ് പറയുന്നു.

Content Highlight: Basil Joseph about the AI Video of him and Tovino

Video Stories