മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന വിശേഷണവുമായാണ് ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളി പ്രദര്‍ശനത്തിനെത്തിയത്. റിലീസിന് ശേഷം ആഗോളതലത്തില്‍ തന്നെ ചിത്രം ചര്‍ച്ചയായിരുന്നു. മിന്നല്‍ മുരളിയെ പറ്റിയുള്ള ബേസിലിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സൂപ്പര്‍ഹീറോ ലോകത്ത് നിന്നും മിന്നല്‍ മുരളിയുമായി കൊളാബ് ചെയ്യാന്‍ ക്ഷണങ്ങള്‍ വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നാണ് ബേസില്‍ മറുപടി പറഞ്ഞത്.
‘വന്നിട്ടുണ്ട്. ചെയ്യണം, എന്തെങ്കിലും ചെയ്യണമെന്നുള്ള ആഗ്രഹമുണ്ട്. മിന്നല്‍ മുരളി 2 ചെയ്യുന്നില്ലേ എന്ന് ടൊവി ചോദിക്കാറുണ്ട്. ചെയ്യാമെന്ന് ഞാന്‍ പറയും.
ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
മിന്നല്‍ മുരളിയെ പറ്റി ആദ്യം ടൊവിനോയോട് സംസാരിക്കുമ്പോള്‍ മിന്നലടിച്ചിട്ട് സൂപ്പര്‍ പവര്‍ കിട്ടുന്ന ഒരാള്‍ എന്ന് മാത്രമാണ് പറഞ്ഞത്. ബാക്കി വില്ലനെക്കുറിച്ചോ മറ്റ് വിവരങ്ങളോ ഒന്നും ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നില്ല. ഭയങ്കര കോമഡി ആയിരുന്നു വില്ലന്‍, നല്ല ബോറടിപ്പിക്കുന്ന കഥയായിരുന്നു തുടക്കത്തില്‍ വില്ലന്റേത്. അന്ന് ഷിബു എന്ന കഥാപാത്രത്തിലേക്കൊന്നും എത്തിയിട്ടില്ല.
പക്ഷെ അന്നേ ടൊവിനോ ഓക്കെ ആയിരുന്നു. സൂപ്പര്‍ ഹീറോ പടം, പിന്നെ ഞങ്ങളൊക്കെയാണ് പടം ചെയ്യുന്നത്, അപ്പൊ ഓക്കേ, എപ്പോഴാണ് പ്ലാന്‍ ചെയ്യുന്നതെന്ന് പറഞ്ഞാല്‍ മതിയെന്ന രീതിയില്‍ ആയിരുന്നു അവന്‍.
അന്ന് പറഞ്ഞത് വളരെ ബോറന്‍ കഥയായിരുന്നു. വില്ലനൊക്കെ മറ്റെന്തൊക്കെയോ ആയിരുന്നു. നമ്മളോടുള്ള ഒരു വിശ്വാസത്തിന്റെ പുറത്താണ് അവന്‍ ഇത് ചെയ്യാമെന്ന് പറഞ്ഞത്. സൂപ്പര്‍ ഹീറോ ആണെങ്കില്‍ പിന്നെ ഒരു സംശയവും ഇല്ല. ഗോദ ഒക്കെ ചെയ്തതിന്റെ ബന്ധം ഉണ്ടല്ലോ. രാത്രി ഒരുമണിക്കാണ് ഞാന്‍ പടത്തിന്റെ കഥ പറയുന്നത്. അവന്‍ എന്തൊക്കെയോ പരിപാടികള്‍ ഒക്കെ കഴിഞ്ഞ് റെസ്റ്റ് എടുക്കാന്‍ വന്നതാ,’ ബേസില്‍ പറഞ്ഞു.
ഇതുവരെ ചെയ്തതില്‍ കരിയറിനെ മാറ്റിയ കഥാപാത്രങ്ങളെ പറ്റിയും ബേസില്‍ സംസാരിച്ചു. ‘ടൈപ്പ് കാസ്റ്റഡ് ഹ്യൂമര്‍ കഥാപാത്രങ്ങളാണ് ആ സമയം കൂടുതല്‍ ചെയ്തുകൊണ്ടിരുന്നത്. എന്നെക്കൊണ്ട് വേറെയും കഥാപാത്രങ്ങള്‍ ചെയ്യിക്കാന്‍ പറ്റുമെന്ന് സംവിധായകര്‍ക്ക് തോന്നിയത് ആ കഥാപാത്രം വന്നതിന് ശേഷമാണ്. കരിയറില്‍ വലിയൊരു മാറ്റം തന്നത് ജോജിയിലെ കഥാപാത്രം തന്നെയാണ്. അതിന് ശേഷമാണ് പല തരത്തിലുള്ള റോളുകള്‍ വരാന്‍ തുടങ്ങിയത്.
ഏറ്റവും കൂടുതല്‍ അഭിനന്ദനം കിട്ടിയത് ജയ ജയ ജയ ജയഹേക്കാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ മെസേജയക്കുകയും വലിയ ആക്ടേഴ്‌സ് അഭിപ്രായം പറയുകയും ചെയ്തത് ജയഹേക്കാണ്. കേരളത്തിന് പുറത്തേക്കും ആ സിനിമക്ക് റീച്ച് കിട്ടി. ഒരുപാട് ആളുകള്‍ ആ സിനിമ കാണുകയും ഡിസ്‌കസ് ചെയ്യുകയും ചെയ്തു,’ ബേസില്‍ പറഞ്ഞു.
Content Highlight: basil joseph about super hero colab with minnal murali