മലയാള സിനിമയിലെ ഓൾ റൗണ്ടറിൽ ഒരാളാണ് ബേസിൽ ജോസഫ്. തിര എന്ന വിനീത് ശ്രീനിവാസൻ സിനിമയിലൂടെ സഹ സംവിധായകനായി കടന്നുവന്ന ബേസിൽ ഇന്ന് മലയാള സിനിമയ്ക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു അവിഭാജ്യ ഘടകമാണ്.
കുഞ്ഞിരാമായണം എന്ന സിനിമയിലൂടെ സംവിധായകനായി കഴിവ് തെളിയിച്ച ബേസിൽ ഗോദ, മിന്നൽ മുരളി എന്നീ സിനിമകളിലൂടെ മലയാളത്തിലെ മുൻനിര സംവിധായകനായി അദ്ദേഹം മാറി.
ബേസിൽ നായകനായി എത്തിയ ചിത്രങ്ങളെല്ലാം ഈ വർഷം ബോക്സ് ഓഫിസിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവയിൽ ഏറ്റവും അവസാനത്തേതായിരുന്നു എം.സി ജിതിൻ സംവിധാനം ചെയ്ത സൂക്ഷ്മദർശനി എന്ന ചിത്രം.
സൂക്ഷ്മദർശിനിയുടെ കഥയും കാസ്റ്റിങ്ങുമാണ് തന്നെ ആകർഷിച്ച പ്രധാന ഘടകമെന്നും താൻ ചെയ്‌തിട്ടുള്ള ലീഡ് റോളിലെത്തിയ സിനിമകളിൽ എനിക്ക് ഏറ്റവും പ്രതീക്ഷയുണ്ടായിരുന്ന സിനിമയാണ് അതെന്നും ബേസിൽ പറഞ്ഞു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു ബേസിൽ.
‘സൂക്ഷ്‌മദർശിനിയിൽ എന്നെ ആവേശംകൊള്ളിച്ചത് രണ്ട് കാര്യങ്ങളാണ്, ഒന്ന് കഥ, പിന്നെ പ്രതീക്ഷിക്കാത്തൊരു കാസ്റ്റിങ് കോമ്പോ. ഇതുവരെ ഞാൻ ചെയ്‌തിട്ടുള്ള ലീഡ് റോളിലെത്തിയ സിനിമകളിൽ എനിക്ക് ഏറ്റവും പ്രതീക്ഷയുണ്ടായിരുന്ന സിനിമയാണ് സൂക്ഷ്‌മദർശിനി. എന്റെ കംഫർട്ട് സോണിന് പുറത്തു നിൽക്കുന്ന കഥാപാത്രം. ഈ സിനിമ ഏറ്റെടുക്കാനുള്ള പ്രധാനകാരണം തന്നെ അതാണ്. സിനിമയുടെ തുടക്കംതൊട്ട് ഞാൻ കൂടെയുണ്ടായിരുന്നു.
മിന്നൽമുരളിയുടെ സിനിമാട്ടോഗ്രഫർ സമീർ താഹിർ ആയിരുന്നു. അപ്പോൾ അദ്ദേഹവും ഷൈജുഖാലിദും ചേർന്ന് നിർമിക്കുന്ന സിനിമ എന്ന നിലയിൽ പല പ്രാവശ്യം സൂക്ഷ്മദർശിനിയെപ്പറ്റി കേട്ടിട്ടുണ്ട്. സംവിധായകൻ എം.സി.യെയും തിരക്കഥാകൃത്തുക്കളായ ലിബിനെയും അതുലിനെയും ഞാൻ ഷോർട്ട് ഫിലിം ചെയ്യുന്ന കാലംതൊട്ടേ അറിയും.
പക്ഷേ, അതിനുശേഷം പല ആർട്ടിസ്റ്റുമാരും മാറിമറിഞ്ഞുവന്നു. മൂന്നുനാല് വർഷത്തിനുശേഷം, ഈ കഥയിലേക്ക് ഒരു നടനായി ഞാനെത്തുമെന്ന് സങ്കല്പത്തിൽപോലും കരുതിയതല്ല. എനിക്കുവേണ്ടി ആലോചിച്ചുണ്ടാക്കിയ കഥയുമല്ലല്ലോ. നല്ല പ്രതികരണങ്ങൾ കേട്ടപ്പോൾ സന്തോഷമുണ്ട്,’ബേസിൽ ജോസഫ് പറയുന്നു.
Content Highlight: Basil Joseph About Sookshmadharshini