| Wednesday, 15th November 2023, 1:07 pm

ആര്‍.ഡി.എക്‌സില്‍ കണ്ടുപിടിച്ച മിസ്റ്റേക്കും നെഗറ്റീവും; ബേസിലിന്റെ മറുപടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആര്‍.ഡി.എക്‌സ് ഏറ്റവും എന്‍ജോയ് ചെയ്ത് കണ്ട പടമാണെന്ന് പറയുമ്പോഴും ആ സിനിമയില്‍ ചില കാര്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലെന്ന് താന്‍ ആഗ്രഹിച്ചിട്ടുണ്ടെന്ന് പറയുകയാണ് സംവിധായകനും നടനുമായ ബേസില്‍ ജോസഫ്.

ആര്‍.ഡി.എക്‌സില്‍ കണ്ടുപിടിച്ച മിസ്റ്റേക്ക് ഏതാണെന്ന ചോദ്യത്തിനായിരുന്നു ബേസിലിന്റെ മറുപടി. ആര്‍.ഡി.എക്‌സില്‍ താന്‍ അങ്ങനെ ഒരു മിസ്റ്റേക്കും കണ്ടുപിടിച്ചിട്ടില്ലെന്നും എന്നാല്‍ ചില സീന്‍ കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിലെന്ന് താന്‍ ആഗ്രഹിച്ചിരുന്നെന്നാണ് ബേസില്‍ പറഞ്ഞത്. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ നമ്മള്‍ ആയിട്ട് ആര്‍.ഡി.എക്‌സിന് ഇനി കുറ്റവുംകുറവും കണ്ടുപിടിക്കേണ്ടതില്ല. എങ്കിലും ആര്‍.ഡി.എക്‌സിലെ അവസാനത്തെ സീനില്‍ ബാബു ആന്റണി ചേട്ടന്റെ ആക്ഷന്‍ രംഗങ്ങള്‍ കുറച്ചുകൂടി ഉണ്ടായിരുന്നതെങ്കില്‍ എന്ന് എനിക്ക് തോന്നിയിരുന്നു. പക്ഷേ അതിന് തീര്‍ച്ചയായും അതിന്റേതായ ബുദ്ധിമുട്ടുകളുണ്ടെന്ന് അറിയാം. സീനിയര്‍ ആര്‍ടിസ്റ്റാണ്. ആക്ഷന്‍ ചെയ്യുന്നതിനൊക്കെ പ്രശ്‌നങ്ങളുണ്ട്. ആ സിനിമ കണ്ട് ഇഷ്ടപ്പെട്ട ഒരു ഓഡിയന്‍സിന്റെ പേര്‍സ്‌പെക്ടീവില്‍ തോന്നിയതാണ്. അദ്ദേഹത്തിന്റെ ആക്ഷന്‍ രംഗം ഇത്തിരി നേരം കൂടി ഉണ്ടായിരുന്നെങ്കിലെന്ന്. മേലെ നിന്ന് പറന്നുവരുന്ന നെഞ്ചക്ക് പിടിച്ചപ്പോള്‍ ‘അടിക്കെടാ’ എന്ന തോന്നല്‍ ഉണ്ടായിരുന്നു,’ ബേസില്‍ പറഞ്ഞു.

ബാബു ചേട്ടന്‍ ആ ടീമിന്റെ കൂടെ സപ്പോര്‍ട്ടായി ഉണ്ടായാല്‍ മതിയെന്നായിരുന്നു തന്റെയൊരു ആഗ്രഹമെന്നും കാരണം പുള്ളി ഇറങ്ങി അടിക്കാനാണെങ്കില്‍ ഈ പടം നേരത്തേ തീര്‍ന്നേനെ എന്നുമായിരുന്നു ഇതിനോടുള്ള നഹാസിന്റെ മറുപടി. ഞാനത് അത്രയും മതിയെന്ന് ഉറപ്പിച്ചിരുന്നു. പിള്ളേരെ വിട്ടിട്ട് ആശാന്‍ പിറകെ നിന്നാല്‍ മതിയെന്ന മൈന്‍ഡായിരുന്നു എനിക്ക്, നഹാസ് പറഞ്ഞു.

പടം ഇറങ്ങിക്കഴിഞ്ഞപ്പോള്‍ താന്‍ ഒരു കാര്യം നഹാസിനോട് പറഞ്ഞിരുന്നെന്നും കുഞ്ഞിനെ ഉപദ്രവിച്ച ആള്‍ക്ക് തല്ലുകൊടുക്കുന്ന സീനുമായി ബന്ധപ്പെട്ട കാര്യമായിരുന്നു അതെന്നും ബേസില്‍ പറഞ്ഞു.

‘ആ സിനിമയില്‍ കൊച്ചിനെ ഉപദ്രവിച്ച ഒരാളുണ്ടല്ലോ, കുഞ്ഞിന്റെ കഴുത്തില്‍ നിന്നും ചെയിന്‍ വലിച്ചുപൊട്ടിക്കുന്ന ആള്‍. അയാളെ ഇവര്‍ പോയി അടിച്ചത് കുറഞ്ഞുപോയെന്ന തോന്നല്‍ എനിക്കുണ്ടായിരുന്നു. അവിടെ എന്നിലെ അച്ഛന്‍ ഉണര്‍ന്നു (ചിരി). അവനെ പിടിച്ച് റോട്ടിലിട്ട് ഉരച്ചു വലിച്ചെറിയണമെന്ന് തോന്നി. ഒരു സൈക്കോ അച്ഛന്‍ (ചിരി). എന്നെ വെറുതെ വിടൂ എന്നൊക്കെ പറഞ്ഞ് അയാള്‍ കരയുന്ന സീനൊക്കെ വേണമെന്ന് തോന്നി. ഇവര്‍ അവന്റെ മുഖത്ത് നാലഞ്ച് ഇടികൊടുത്ത് അവനെ വിടുകയാണല്ലോ,’ ബേസില്‍ പറഞ്ഞു.

Content Highlight: Basil Joseph about RDX Movie Mistakes and Negatives

We use cookies to give you the best possible experience. Learn more