ഗുരുവായൂര്‍ അമ്പല നടയില്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ലഭിച്ച ഒരു കിടിലന്‍ കോമ്പിനേഷനായിരുന്നു ബേസിലിന്റേയു പൃഥ്വിരാജിന്റേയും. കോമഡിയുടെ കാര്യത്തില്‍ പൃഥ്വി ബേസിലിന് മുന്‍പില്‍ എങ്ങനെ പിടിച്ചുനില്‍ക്കുമെന്ന് പ്രേക്ഷകര്‍ ചിന്തിച്ചെങ്കിലും ബേസിലിന്റെ പ്രകടനത്തെ നിഷ്പ്രഭമാക്കുന്ന തരത്തില്‍ കോമഡി കൈകാര്യം ചെയ്യാന്‍ ചിത്രത്തില്‍ പൃഥ്വിരാജിന് സാധിച്ചിരുന്നു.
ആനന്ദേട്ടനും വിനുവുമായി ചിത്രത്തിലുടനീളം മത്സരിച്ചഭിനയിക്കുകയായിരുന്നു ഇരുവരും. ആനന്ദേട്ടനെപ്പോലുള്ള ടോക്‌സിക് അളിയന്‍മാരെ കുറിച്ചും പൃഥ്വരാജിനൊപ്പമുള്ള അഭിനയമുഹൂര്‍ത്തങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് റേഡിയോ മാംഗോയുടെ ഫാന്‍ഫെസ്റ്റ് പരിപാടിയില്‍ ബേസില്‍. ആനന്ദേട്ടനെപ്പോലെ റിയല്‍ ലൈഫിലും ഒരു ടോക്‌സിക് അളിയന്‍ ഉണ്ടായിരുന്നെങ്കില്‍ ലൈഫ് അല്‍പ്പം കൂടി കളറാകുമെന്നാണ് ബേസില്‍ പറയുന്നത്. റിയല്‍ ലൈഫില്‍ തനിക്ക് കിട്ടിയത് ഉസ്താദ് സിനിമയിലെ ചേട്ടനേയും പെങ്ങളേയുമാണെന്നും ബേസില്‍ പറയുന്നു.
‘ ടോക്‌സിക് ആയിട്ടുള്ള അളിയനാണല്ലോ ആനന്ദേട്ടന്‍. അതിലെ ഒരു സീനുണ്ടല്ലോ ഐ ഫോണ്‍ ഗിഫ്റ്റ് കൊടുക്കുമ്പോള്‍ എന്റെ ജീവിതത്തില്‍ കിട്ടിയ രണ്ടാമത്തെ ഗിഫ്റ്റാണ് ഇത് എന്ന് ആനന്ദേട്ടന്‍ പറയും. ആദ്യത്തേത് ഏതായിരുന്നു എന്ന് ചോദിക്കുമ്പോള്‍ നീ എന്ന് പറഞ്ഞ് എന്നെ ചൂണ്ടുന്ന സീന്‍.
അതുപോലെ ഫോണിലൂടെ കള്ളുകുടിക്കുന്ന അളിയന്മാരാണ് അവര്‍ രണ്ടുപേരും. ആ രംഗങ്ങളൊക്കെ ഷൂട്ട് ചെയ്യുമ്പോള്‍ തന്നെ നല്ല രസമായിരുന്നു. ഞങ്ങള്‍ തമ്മില്‍ കോമ്പിനേഷന്‍ കുറവായിരുന്നു. ഫോണിലൂടെയൊക്കെയാണല്ലോ കൂടുതല്‍ രംഗങ്ങളും.
അദ്ദേഹത്തെപ്പോലെ ഒരു ആക്ടറിനൊപ്പം അഭിനയിക്കുന്നത് തന്നെ എക്‌സൈറ്റ്‌മെന്റായിരുന്നു. അളിയാ എന്നൊക്കെ വിളിച്ച് കവിളൊക്കെ പിടിച്ചു തിരിക്കുന്ന ഒരളിയന്‍. റിയല്‍ ലൈഫിലും അത്രയും ടോക്‌സിക് ആയിട്ടുള്ള അളിയനെ കിട്ടിയിരുന്നെങ്കില്‍ നല്ല രസമായേനെ. എപ്പോഴും ചിരിച്ചോണ്ട് ഇരിക്കാലോ.
എന്റെ റിയല്‍ ലൈഫിലെ അളിയന്മാര്‍ അത്ര ടോക്‌സിക്കല്ല. സാധാരണക്കാരാണ്. ഇത്തരക്കാരാണെങ്കില്‍ അല്‍പം കൂടി എന്റര്‍ടൈന്‍മെന്റ് ഉണ്ടാകും. കോളേജില്‍ പഠിക്കുമ്പോള്‍ ഞാന്‍ എലിസബത്തിനെ പ്രൊപ്പോസ് ചെയ്തപ്പോള്‍ അവള്‍ ഓക്കെ പറയാന്‍ കുറച്ച് സമയം എടുത്തു. കാരണം അവള്‍ അവളുടെ ചേട്ടന്റെ അടുത്താണ് ആദ്യം ഇക്കാര്യം ചോദിച്ചത്. ഓക്കെ പറയട്ടേ എന്ന് ചേട്ടനോടാണ് ആദ്യം ചോദിച്ചത്. അങ്ങനെ പുള്ളി എന്നെ വിളിച്ചു. അവള്‍ ഇങ്ങനെയൊക്കെ പറയുന്നുണ്ട്. കാര്യങ്ങള്‍ അറിയാന്‍ വേണ്ടി വിളിച്ചതാണെന്ന് പറഞ്ഞു.
പിന്നെ എന്നോട് അവള്‍ ഓക്കെ പറഞ്ഞു, ചേട്ടന് ഇഷ്ടപ്പെട്ടു എന്നാണ് പറഞ്ഞത്. ഉസ്താദ് സിനിമയിലെ ചേട്ടനും അനിയത്തിയും തമ്മിലുള്ള റിലേഷനില്ലേ അങ്ങനത്തെ ചേട്ടനും പെങ്ങളുമാണ്. പ്രൊപ്പോസ് ചെയ്യുമ്പോള്‍ പോലും ചേട്ടനോട് ചോദിച്ചിട്ടാണ് അവള്‍ മറുപടി പറഞ്ഞത്,’ ബേസില്‍ പറഞ്ഞു.
Content Highlight: Basil Joseph about Prithviraj Character on Guruvayoorambalanadayil and real life brother