വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റായി മലയാളസിനിമയിലേക്ക് കടന്നുവന്നയാളാണ് ബേസില്‍ ജോസഫ്. 2015ല്‍ റിലീസായ കുഞ്ഞിരാമായണത്തിലൂടെയാണ് ബേസില്‍ സ്വതന്ത്രസംവിധായകനാകുന്നത്. പിന്നീട് ടൊവിനോയെ നായകനാക്കി ഗോദ, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളും ബേസില്‍ സംവിധാനം ചെയ്തു. സംവിധാനത്തോടൊപ്പം അഭിനയവും തനിക്ക് വഴങ്ങുമെന്ന് ബേസില്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
നുണക്കുഴിയുടെ കഥ പറയാന്‍ വേണ്ടി ജീത്തു ജോസഫ് തന്നെ വിളിച്ചപ്പോള്‍ ദൃശ്യം പോലെ ഒരു ത്രില്ലറാണെന്നാണ് ആദ്യം വിചാരിച്ചതെന്ന് ബേസില്‍ പറഞ്ഞു. മോഹന്‍ലാലിന് ശേഷം താനാണെന്ന് കരുതിയെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. കൊലപാതകം ചെയ്തിട്ട് മറച്ചുവെക്കുന്ന ആളാണോ, അതോ ഏതെങ്കിലും കൊലപാതകം അന്വേഷിക്കുന്ന ആളാണോ എന്നൊക്കെ വിചാരിച്ചെന്നും ബേസില്‍ പറഞ്ഞു.
ജീത്തു ജോസഫ് ത്രില്ലര്‍ വിട്ട് കോമഡി സബ്ജക്ട് ചെയ്യുമ്പോള്‍ അതില്‍ വ്യത്യസ്തതയുണ്ടെന്നും ചെറിയ കഥാപാത്രം ചെയ്യുന്നത് പോലും സീനിയറായട്ടുള്ള ആര്‍ട്ടിസ്റ്റുകളായിരുന്നെന്നും ബേസില്‍ പറഞ്ഞു. 90 ശതമാനം സീനുകളും രാത്രി നടക്കുന്ന സിനിമയാണിതെന്നും ഈ കഥയില്‍ കണ്ട പോസിറ്റീവ് അതാണെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് ബേസില്‍ ഇക്കാര്യം പറഞ്ഞത്.
‘ജീത്തു ചേട്ടന്‍ എന്നെ വിളിച്ചിട്ട് ഒരു കഥയുണ്ടെന്ന് പറഞ്ഞപ്പോള്‍ ദൃശ്യത്തിനെപ്പോലെ ഒരു ത്രില്ലറാണെന്നാണ് ആദ്യം വിചാരിച്ചത്. മോഹന്‍ലാലിന് ശേഷം ആര് എന്ന് ചോദിക്കുമ്പോള്‍ എന്റെ പേര് വരുമെന്നൊക്കെ ആ സമയത്ത് ആലോചിച്ചു. കൊലപാതകം ചെയ്തിട്ട് അത് ഒളിപ്പിച്ചുവെക്കുന്ന ആളാണോ, അതോ കൊലപാതകം അന്വേഷിക്കുന്ന ആളാണോ എന്നൊക്കെ ചുമ്മാ ഇരുന്ന് ചിന്തിച്ചു.
അപ്പോഴാണ് ഇതിന്റെ റൈറ്റര്‍ കൃഷ്ണകുമാര്‍ ചേട്ടന്‍ വന്നിട്ട് ഇതൊരു കോമഡി സബ്ജക്ടാണെന്ന് പറഞ്ഞത്. ജീത്തു ചേട്ടന്‍ കോമഡി സബ്ജക്ട് ചെയ്യുമ്പോള്‍ അതിലൊരു പുതുമ ഉണ്ടാകും. ഈ സിനിമയില്‍ നോക്കിയാല്‍ സീനിയറായിട്ടുള്ള ഒരുപാട് ആള്‍ക്കാരുണ്ട്. സിദ്ദിഖിക്ക, മനോജ് കെ. ജയന്‍, ബൈജു ചേട്ടന്‍ അതുപോലെ പുതിയ ജെനറേഷനിലെ ഗ്രേസ്, അല്‍ത്താഫ്, ശ്യാം മോഹന്‍, അജു അങ്ങനെ ഈ സിനിമയിലെ ചെറിയ ക്യരക്ടര്‍ ചെയ്തിരിക്കുന്നത് പോലും സീനിയറായിട്ടുള്ള ആര്‍ട്ടിസ്റ്റുകളാണ്.
അത് മാത്രമല്ല, സിനിമയുടെ 90 ശതമാനം സീനും നടക്കുന്നത് നൈറ്റാണ്. ത്രില്ലര്‍, ഫാമിലി സബ്ജക്ടുകള്‍ ചെയ്തതിന് ശേഷം ജീത്തു ചേട്ടന്‍ ഒരു സിനിമ ചെയ്യുമ്പോള്‍ എന്താണ് വെറൈറ്റിയായി ചെയ്യാന്‍ പറ്റുന്നതെന്ന് ചിന്തിച്ചാല്‍ ഈ കാര്യമാണ് മനസില്‍ വരുന്നത്. ഈ സിനിമയെ ജീത്തു ചേട്ടന്റെ മറ്റ് സിനിമകളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന കാര്യം ഇതൊക്കെയാണ്,’ ബേസില്‍ പറഞ്ഞു.
Content Highlight: Basil Joseph about Nunakkuzhi movie and Jeethu Joseph