| Friday, 10th November 2023, 4:55 pm

കയ്യില്‍ പൈസയില്ല, കാര്യങ്ങള്‍ കയ്യില്‍ നിന്ന് പോയി: ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ച ഷൂട്ട് മാസങ്ങള്‍ നീണ്ടു: ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമക്കിടയില്‍ അപ്രതീക്ഷിതമായി വരുന്ന ഷെഡ്യൂള്‍ ബ്രേക്കുകളെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ബേസില്‍ ജോസഫ്. താന്‍ സംവിധാനം ചെയ്ത ഗോദയ്ക്കും മിന്നല്‍ മുരളിക്കും അപ്രതീക്ഷിതമായ ഷെഡ്യൂള്‍ ബ്രേക്കുകള്‍ വന്നിരുന്നെന്നും എന്തു ചെയ്യുമെന്ന് അറിയാത്ത അവസ്ഥയില്‍ ആയിപ്പോയെന്നുമാണ് ബേസില്‍ പറയുന്നത്.

ഫിലിം കമ്പാനിയന് സംഘടിപ്പിച്ച ‘എ ഇയര്‍ ഓഫ് ഹോപ്’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബേസില്‍.

ഗോദയ്ക്ക് ആറ് മാസം ഷെഡ്യൂള്‍ ബ്രേക്ക് വന്നിരുന്നു. സിനിമയിലെ നായികയായ വാമിഖയ്ക്ക് ക്ലൈമാക്‌സ് ഷൂട്ടിനിടെ ഒരു അപകടം പറ്റി. ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചതാണ്. പിന്നെ തുടങ്ങിയത് ആറ് മാസം കഴിഞ്ഞിട്ടാണ്.

അന്ന് കാര്യങ്ങള്‍ നമ്മുടെ കയ്യില്‍ നിന്ന് പോയിട്ടുണ്ടായിരുന്നു. അന്നൊക്കെ വല്ലാത്ത ഫ്രെസ്‌ട്രേഷനും ടെന്‍ഷനുമെല്ലാം ചേര്‍ന്ന അവസ്ഥയിലായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അനിശ്ചിതാവസ്ഥ. കയ്യില്‍ പൈസയില്ല, ഫുള്‍ ദാരിദ്ര്യം. എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്നൊന്നും ഒരു ഐഡിയയും ഇല്ല.

മിന്നല്‍ മുരളി വന്നപ്പോഴേക്കും അത് ഇരട്ടിച്ചു. മിന്നല്‍ മുരളി ഷെഡ്യൂള്‍ ബ്രേക്കാവുന്നത് കൊവിഡ് വന്നിട്ടാണ്. കൊവിഡിന്റെ ഇടയില്‍ ഇത്രയും വലിയ ക്ലൈമാക്‌സ് ഷൂട്ടിന് മുന്‍പായിട്ടാണ് ബ്രേക്ക് ചെയ്യേണ്ടി വരുന്നത്.

ക്ലൈമാക്‌സ് ഇനി കൊവിഡ് കഴിഞ്ഞിട്ടേ എടുക്കാന്‍ പറ്റുള്ളൂ എന്നാണ് പറയുന്നത്. പക്ഷേ ഇത്രയും ജൂനിയര്‍ ആര്‍ടിസ്റ്റുകളെ എവിടെ നിന്ന് കൊണ്ടുവരും.

20 പേര്‍ക്ക് തന്നെ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയില്‍ എങ്ങനെയാണ് 1000 പേരെ വെച്ച് ഷൂട്ട് ചെയ്യുക. ആകെ അനിശ്ചിതാവസ്ഥയിലായി. ഗോദയുടെ സമയത്ത് നേരിട്ട എല്ലാ പ്രശ്‌നങ്ങളും അപ്പോഴും സംഭവിച്ചു.

പിന്നെ എന്തൊക്കെയോ കാര്യങ്ങള്‍ ആലോചിച്ച് ഒരു പോയിന്റിലേക്ക് ഫോക്കസ്ഡ് ആയി. എന്തായാലും ഈ പ്രശ്‌നങ്ങള്‍ എപ്പോഴെങ്കിലും തീരും, എല്ലാം തുറക്കുമെന്നൊരു ആത്മവിശ്വാസം കൈവരിച്ചു.

ആ സമയത്ത് ആളുകള്‍ ഒ.ടി.ടിയില്‍ ലോകത്തെമ്പാടുമുള്ള സിനിമകള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അങ്ങനയൊരു സാഹചര്യമാണ്. പിന്നെ എന്തായാലും കൊവിഡ് കഴിഞ്ഞ് എന്നെങ്കിലും ആളുകള്‍ പുറത്തിറങ്ങുമല്ലോ.

അന്ന് അവര്‍ എന്നേക്കാളും മുന്‍പിലായി കഴിഞ്ഞാല്‍ ഞാന്‍ ഫിലിം മേക്കറായി നില്‍ക്കുന്നതില്‍ കാര്യമില്ല. എങ്ങനെയെങ്കിലും മരിച്ച് ഇതിന് വേണ്ടി നില്‍ക്കുക എന്ന് ഉറപ്പിച്ചു. കാര്യങ്ങള്‍ പഠിക്കാന്‍ തുടങ്ങി. പിന്നെ അതില്‍ ഡിസ്ട്രാക്ടഡ് ആയി. എല്ലാം ശരിയാകുമെന്നൊരു പ്രതീക്ഷയായിരുന്നു അന്ന്. അതുകൊണ്ട് കൂടിയാണ് ഞാന്‍ എന്റെ കൊച്ചിന് ഹോപ്പ് എന്ന പേരിട്ടത്,’ ബേസില്‍ പറഞ്ഞു.

Content Highlight: Basil Joseph About Minnal murali and Godha Schedule Break

Latest Stories

We use cookies to give you the best possible experience. Learn more