മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. ഒരുപാട് ഇഷ്ട കഥാപാത്രങ്ങൾ സമ്മാനിച്ച വ്യക്തിയാണ് ജഗദീഷ്. ഇപ്പോഴും സിനിമയിൽ സജീവമായിട്ടുള്ള നടനാണ് അദ്ദേഹം. നിതീഷ് സഹദേവ് സംവിധാനം ചെയ്ത് ഫാലിമിയാണ് ജഗദീഷിന്റെ പുതിയ ചിത്രം. ചിത്രത്തിൽ ബേസിലാണ് ജഗദീഷിന്റെ മകനായിട്ട് അഭിനയിച്ചത്.
ജഗദീഷിനെക്കുറിച്ചും അദ്ദേഹത്തിന്റെ എനർജിയെക്കുറിച്ചും സംസാരിക്കുകയാണ് ബേസിൽ ജോസഫ്. ജഗദീഷിന്റെ എനർജി ഡാം പൊട്ടുന്ന പോലെയാണെന്നും പ്രത്യേകതരം കഴിവാണെന്നും ബേസിൽ പറഞ്ഞു. ഒരാൾക്ക് ജീവിതത്തിൽ മുന്നോട്ട് പോകാൻ വേണ്ടത് എനർജിയാണെന്നും അത് അദ്ദേഹത്തിന് ഉണ്ടെന്നും ബേസിൽ കൂട്ടിച്ചേർത്തു. ജഗദീഷിന്റെ കൂടെ ഫാലിമി ചിത്രത്തിന്റെ വിശേഷങ്ങൾ കൗമുദി മൂവിസുമായി പങ്കുവെക്കുകയാണ് ബേസിൽ ജോസഫ്.
‘ജഗദീഷേട്ടന്റെ എനർജി പൊട്ടിക്കഴിഞ്ഞാൽ ഡാം പൊട്ടുന്ന പോലെയാണ്. എനർജി മേളയാണ് അങ്ങോട്ട്. പ്രത്യേക എനർജിയാണ്. മുൻപോട്ട് പോകാനുള്ള എനർജി അതാണല്ലോ. ലൊക്കേഷനിൽ അഭിനയിക്കുമ്പോഴും അല്ലാതെ പെട്ടെന്ന് അങ്ങോട്ട് പൊട്ടും പിന്നെ തിരിച്ചു വരും,’ ബേസിൽ പറയുന്നു.
ജഗദീഷ് എല്ലാ കാര്യങ്ങളിലും അപ്ഡേറ്റഡ് ആണെന്നും ബേസിൽ പറഞ്ഞു. ഒരു ജനറേഷൻ ഗ്യാപ് തോന്നുന്നില്ലെന്നും ബേസിൽ കൂട്ടിച്ചേർത്തു. ‘ജഗദീഷ് ചേട്ടന്റെ സെൻസിബിലിറ്റി വളരെ കറക്റ്റ് ആയിട്ട് എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്. ഞാൻ ഒരു സിനിമയുടെ കഥ വെറുതെ പറഞ്ഞപ്പോൾ ജഗദീഷ് ഏട്ടൻ പറഞ്ഞ ഫീഡ്ബാക്ക് കൃത്യമായിരുന്നു.
എനിക്ക് തോന്നിയ അതേ കാര്യങ്ങളാണ് ജഗദീഷ് ചേട്ടനും തോന്നിയത്. വെറുതെ ചായകുടിച്ചു കൊണ്ടിരിക്കുമ്പോൾ പറഞ്ഞതാണ്. പ്രോപ്പർ ഫീഡ്ബാക്ക് ആയിരുന്നു അത്. കറക്റ്റ് സെൻസിബിലിറ്റി, അപ്ഡേറ്റഡ് ആയിട്ട് ഇരിക്കുന്നത് വലിയ കാര്യമാണ്. ആ ഒരു ജനറേഷന്റെ ഗ്യാപ്പ് ഫീൽ ചെയ്യുന്നില്ല,’ ബേസിൽ കൂട്ടിച്ചേർത്തു.
നിതീഷ് സഹദേവ് സംവിധാനം ചെയ്ത് ബേസിൽ ജോസഫ്, മഞ്ജു പിള്ള, ജഗദീഷ്, സന്ദീപ് പ്രദീപ്, മീനരാജ് പള്ളുരുത്തി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ഫാലിമി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഒത്തിണക്കമില്ലാതെ സദാസമയവും കലഹിക്കുന്ന അഞ്ചംഗ കുടുംബം കാശിയിലേക്ക് പോകുന്ന കഥയാണ് ചിത്രം പറയുന്നത്.
ചിത്രത്തിൽ ഭാര്യാഭർത്താക്കന്മാരായാണ് മഞ്ജുവും ജഗദീഷും അഭിനയിക്കുന്നത്. ചിത്രത്തിലെ ഏറ്റവും രസകരമായ കോമ്പോയാണ് ഇരുവരും അവതരിപ്പിച്ച കഥാപാത്രങ്ങൾ. കേരളത്തിലെ ഒരു ശരാശരി ഭാര്യഭർത്താക്കന്മാരുടെ റെപ്രസെന്റേഷനാണ് ഇരുവരും.