Advertisement
Entertainment news
പിറന്നാളിന് ലുഡോ കളിച്ച് തോറ്റ വീഡിയോ, ആനിവേഴ്‌സറിക്ക് പൂച്ച പിടിക്കാന്‍ വരുന്ന വീഡിയോ; എന്റെ കരിയര്‍ അവസാനിപ്പിക്കാനുള്ള വീഡിയോകള്‍ അവരുടെ കയ്യിലുണ്ട്: ബേസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Sep 04, 10:24 am
Sunday, 4th September 2022, 3:54 pm

നവാഗതനായ സംഗീത് പി. രാജന്‍ സംവിധാനം ചെയ്ത ചിത്രം പാല്‍തു ജാന്‍വര്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. സംവിധായകന്‍ കൂടിയായ ബേസില്‍ ജോസഫാണ് ചിത്രത്തില്‍ നായകനായി എത്തിയിരിക്കുന്നത്.

പാല്‍തു ജാന്‍വറിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ തന്റെ സ്വകാര്യ ജീവിതത്തിലെ ചില രസകരമായ കാര്യങ്ങളെ കുറിച്ച് കൂടി സംസാരിക്കുകയാണ് ബേസില്‍. നടന്‍ ടൊവിനോ തോമസുമായുള്ള സൗഹൃദത്തെ കുറിച്ചും ടൊവിനോയും തന്റെ ഭാര്യ എലിസബത്തും തന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുന്നതിനെ കുറിച്ചുമൊക്കെയാണ് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബേസില്‍ സംസാരിക്കുന്നത്.

ടൊവിനോയും ബേസിലും പരസ്പരം നല്ല ട്രോള്‍ ആണല്ലോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. ”ഞാനങ്ങനെ അവനെ ട്രോള്‍ ചെയ്യാറൊന്നുമില്ല. അവനാണ് എന്നെ തേജോവധം ചെയ്യുന്നത്.

അവന്‍ ഫുള്‍ടൈം ക്യാമറ ഓണാക്കി വെച്ചിരിക്കും. അവനും അതെ, എന്റെ ഭാര്യയും അതുപോലെ തന്നെയാണ്. ആ പൂച്ചയുടെ വീഡിയോ ഒക്കെ എടുത്തിട്ടത് അവളാണ്.

അവളുടെ തൊട്ടുമുമ്പത്തെ വീഡിയോയും അതുപോലെ ഒന്നായിരുന്നു. ലുഡോയില്‍ തോറ്റിട്ട്… അല്ലെങ്കില്‍ വേണ്ട ഒന്നുമില്ല. ഞാന്‍ അതിലേക്കൊന്നും കൂടുതല്‍ പോകുന്നില്ല.

ലുഡോയില്‍ തോറ്റ് കഴിഞ്ഞപ്പോള്‍ അവര്‍ എന്നെ കളിയാക്കുന്ന വീഡിയോ എടുത്തിട്ടാണ് എന്റെ പിറന്നാളിന് പോസ്റ്റ് ചെയ്തത്. ബര്‍ത്ത്‌ഡേക്ക് ഇങ്ങനെയുള്ള വീഡിയോ ഇടും ആനിവേഴ്‌സറിക്ക് പൂച്ച പിടിക്കാന്‍ വരുന്ന വീഡിയോ ഇടും. അങ്ങനെ കുറേ കളക്ഷനുണ്ടാക്കി വെച്ചിട്ടുണ്ട്.

ലുഡോ വീഡിയോയുടെ അടിയില്‍ ഞാന്‍ പോയി കമന്റിട്ടു, ‘നീ തീര്‍ന്നെടീ തീര്‍ന്ന്’, എന്ന്. ‘ഓ കൂടുതല്‍ അഹങ്കരിക്കണ്ട, അടുത്ത വീഡിയോ ഇപ്പോ വരും’ എന്നാണ് അവള് പറഞ്ഞത്.

സുശിന്റെ പട്ടിയുമായുള്ള ഒരു എന്‍കൗണ്ടറുണ്ട്, സൗണ്ട് ഡിസൈനര്‍ നിറ്റ്‌സന്റെ പട്ടിയുമായുള്ള ഒരു എന്‍കൗണ്ടറിന്റെ വീഡിയോ… അങ്ങനെ കുറേ ഉണ്ട് അവളുടെ കയ്യില്‍. അതുകൊണ്ട് കൂടുതല്‍ വെല്ലുവിളിക്കാന്‍ പോയാല്‍, ടൊവിനോ ആയാലും അവളായാലും രണ്ട് പേരുടെയും കയ്യില്‍ എന്റെ കരിയര്‍ തന്നെ അവസാനിപ്പിക്കാന്‍ പോന്ന വീഡിയോകളുണ്ട്.

അതുകൊണ്ട് ഇവരുടെ അടുത്തൊന്നും അഹങ്കരിക്കാതിരിക്കുന്നതാണ് നല്ലത്. എല്ലാം ഏറ്റുവാങ്ങുക,” ബേസില്‍ ജോസഫ് പറഞ്ഞു.

ഭാര്യയുമൊത്ത് റീല്‍സ് ചെയ്യുന്ന വീഡിയോകളെല്ലാം ബേസില്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. മിന്നല്‍ മുരളിയുടെ ലൊക്കേഷനില്‍ വെച്ച് ബേസില്‍ പഴം കഴിക്കുന്നതിന്റെ ഒരു വീഡിയോ ടൊവിനോ പുറത്തുവിട്ടതും വൈറലായിരുന്നു.

അതേസമയം പാല്‍തു ജാന്‍വറിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍, ജോണി ആന്റണി, ശ്രുതി സുരേഷ്, ഉണ്ണിമായ പ്രസാദ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Basil Joseph about his wife Elizabeth and Tovino Thomas