സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബേസില്‍ ജോസഫ്. അദ്ദേഹം നായകനായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മരണമാസ്സ്. നടന്‍ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകന്‍ ശിവപ്രസാദും ചേര്‍ന്നാണ്.
സിനിമയില്‍ സിജു സണ്ണിയും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. മരണമാസ്സില്‍ ബ്ലീച്ച് ചെയ്ത മുടിയും ജാക്കറ്റും വെട്ടുവീണ പുരികവുമായി ഇതുവരെ കാണാത്ത പുത്തന്‍ സ്‌റ്റൈലിഷ് ലുക്കിലാണ് ബേസില്‍ എത്തുന്നത്.
മരണമാസ് എന്ന സിനിമ സിജു ഒരുപാട് സ്‌ട്രെങ്ത് ഉപയോഗിച്ച് എഴുതിയ ഒന്നാണെന്നും സോഷ്യല്‍ മീഡിയയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സിനിമയാണ് മരണമാസ് എന്നും ബേസില്‍ ജോസഫ് പറയുന്നു. സമൂഹമാധ്യമങ്ങളിലും മറ്റും നമ്മള്‍ കാണുന്ന പാരഡികളും, സര്‍ക്കാസവുമൊക്കെ തന്നെയാണ് കഥയുടെ പ്രമേയമെന്നും ടീസറിലും ട്രയ്‌ലറിലുമൊക്കെ അത്തരത്തിലുള്ള സൂചനകളുണ്ടെന്നും ബേസില്‍ പറയുന്നു.
മൂവി വേള്‍ഡ് മീഡിയയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കഥാപാത്രത്തിന്റെ ഡെപ്പ്ത്, ഒരുപാട് ലേയര്‍സുളള സ്റ്റോറി അങ്ങനെയൊന്നുമല്ല ഈ സിനിമ. ഇത് കുറച്ചൂടെ സിജുവിന്റെ സ്‌ട്രെങ്ത് ഉപയോഗിക്കുന്ന തരത്തിലുള്ള എഴുത്താണ്. സോഷ്യല്‍ മീഡിയ, റീല്‍സ് പോലുള്ള അങ്ങനെത്തെ സ്‌പേയിസില്‍ നിന്ന് വന്ന ആളാണ് സിജു. അത്തരത്തിലുള്ള സീനുകളും പാരഡികളും സപൂഫ് സ്വഭാവവും സര്‍ക്കാസവും മറ്റ് പോപ്പ് കള്‍ച്ചര്‍ അങ്ങനെ നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്ന തരത്തിലുള്ള ചിലകാര്യങ്ങള്‍ സിനിമയിലുണ്ട്.
സിനിമയുടെ ട്രെയ്‌ലറിലും ടീസറിലുമൊക്കെ അത്തരത്തിലുളള സൂചനകള്‍ ഉണ്ട്. അങ്ങനെയൊക്കെയുള്ള സ്‌പേസില്‍ നില്‍ക്കുന്ന ഒരാളുടെ റൈറ്റിങ്ങാണ് ഇതില്‍. സിജുവിന്റെ സ്ട്രങ്ത് നന്നായി സിജു ഉപയോഗിച്ചിട്ടുണ്ട്,’ ബേസില്‍ പറയുന്നു.
മലയാള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരണമാസ്സ്. ബേസില്‍ ജോസഫ് നായകാനായെത്തുന്ന ചിത്രം നിര്‍മിക്കുന്നത് നടന്‍ ടൊവിനോ തോമസാണ്.
Content Highlight: Basil joseph about his upcoming movie Maranamass