ദേഷ്യം വരുമ്പോള്‍ സാധനങ്ങളൊന്നും വലിച്ചെറിയുന്ന വ്യക്തിയല്ല താനെന്ന് ബേസില്‍ ജോസഫ്. തനിക്ക് ദേഷ്യം വരുന്ന സാഹചര്യങ്ങളൊക്കെ പ്രെഡിക്റ്റ് ചെയ്യാന്‍ തന്റെ പങ്കാളിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ബേസില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ദേഷ്യം വരുമ്പോള്‍ ഞാന്‍ സാധനങ്ങളൊന്നും വലിച്ചെറിയില്ല. അത്രക്കൊന്നും എന്റെ ദേഷ്യം പോകാറില്ല. എന്റെ ദേഷ്യമൊക്കെ വൈഫിന് പ്രെഡിക്റ്റ് ചെയ്യാന്‍ സാധിക്കും. പിന്നെ ഞാന്‍ അത്ര പ്രശ്നമൊന്നും ഉണ്ടാക്കാറില്ല. ഈ പറയുന്നതുപോലെ രാജേഷൊന്നും ആകാറില്ല. ഞാന്‍ രാജേഷായാല്‍ അവള്‍ ജയ ആകുമെന്ന് എനിക്ക് അറിയാം,’ ബേസില്‍ ജോസഫ് പറഞ്ഞു.
സ്‌കൂള്‍ കോളേജ് കാലഘട്ടത്തെ കുറിച്ചും ആ കാലത്തെ തന്റെ സിനിമാ സ്വപ്നങ്ങളെ കുറിച്ചുമൊക്കെ അഭിമുഖത്തില്‍ ബേസില്‍ സംസാരിച്ചു. കോളേജിലൊക്കെ പഠിക്കുമ്പോള്‍ എല്ലാ പരിപാടികളിലും താന്‍ പങ്കെടുക്കുമായിരുന്നുവെന്നും ബേസില്‍ പറഞ്ഞു.
‘കൂട്ടുകാരൊക്കെ ഒരുമിച്ച് ഇരിക്കുമ്പോള്‍ അതിന്റെ നടുക്കിരുന്ന് തള്ള് കഥയൊക്കെ പറയുന്ന ഒരാളായിരുന്നു ഞാന്‍. അങ്ങനത്തെ കഥകളൊക്കെ പറഞ്ഞ് അവന്മാരെയും ഇവന്മാരെയുമൊക്കെ കളിയാക്കി, അവന്മാര്‍ എന്നെയും കളിയാക്കി വഴിയെ പോകുന്നവന്മാരെയൊക്കെ വെറുതെ തല്ലിയും പണിപിടിച്ച് വാങ്ങുകയുമൊക്കെ ചെയ്യുന്ന ഒരു മൂഡായിരുന്നു അന്നൊക്കെ.
ആ സമയത്ത് തന്നെ സ്‌കിറ്റ് പോലെയുള്ള കാര്യങ്ങളൊക്കെ ചെയ്യുമായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോഴും എല്ലാ പരിപാടികളിലും പങ്കെടുക്കുമായിരുന്നു. ഇന്ന പരിപാടി എന്നൊന്നുമില്ല, എല്ലാ പരിപാടികളിലും പോയി പങ്കെടുക്കുമായിരുന്നു. പിന്നെ സിനിമയൊക്കെ ഭയങ്കര ഇഷ്ടമായിരുന്നു. പക്ഷെ ഒരു പുരോഹിതന്റെ മകനായതുകൊണ്ട് ഒരുപാട് സിനിമയൊന്നും കാണാന്‍ സാധിച്ചിരുന്നില്ല,’ ബേസില്‍ പറഞ്ഞു.