| Wednesday, 1st January 2025, 8:56 am

ആ നടിയെ പോലൊരു അയൽവാസി എനിക്കുണ്ടായിരുന്നു, അവളുമായി എന്നും അടിയായിരുന്നു: ബേസിൽ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുഞ്ഞിരാമായണം എന്ന ആദ്യ സിനിമയിലൂടെ തന്നെ സിനിമ പ്രേമികൾക്കിടയിൽ വലിയ ശ്രദ്ധ നേടിയ സംവിധായകനാണ് ബേസിൽ ജോസഫ്. പുതുമയുള്ള വ്യത്യസ്‍ത അവതരണ ശൈലിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ ബേസിൽ ജോസഫിന് കഴിഞ്ഞു.

അടുത്ത ചിത്രങ്ങളായ ഗോദയും മിന്നൽ മുരളിയും വലിയ വിജയമായതോടെ മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായി ബേസിൽ മാറി. ഇന്ന് തിരക്കുള്ള നടന്മാരിൽ ഒരാളാണ് ബേസിൽ. നായകനായി എത്തിയ ഭൂരിഭാഗം ചിത്രങ്ങളും ബേസിലിന് സൂപ്പർഹിറ്റാക്കാൻ കഴിഞ്ഞിട്ടുണ്ട്.

അവസാനമിറങ്ങിയ സൂക്ഷ്മ ദർശനി എന്ന ചിത്രം മിന്നുന്ന വിജയമാണ് നേടിയത്. മലയാളത്തിൽ മുമ്പ് പറയാത്ത കഥയാണ് സിനിമയിൽ അവതരിപ്പിച്ചത്. ഒരു ഇടവേളക്ക് ശേഷം നസ്രിയ നസിം അഭിനയിച്ച സിനിമയാണ് സൂക്ഷ്മ ദർശിനി. സിനിമയിൽ ബേസിലിന്റെ അയൽവാസിയായിട്ടാണ് നസ്രിയ എത്തിയത്. ചെറുപ്പത്തിലെ തന്റെ അയൽവാസികളെ കുറിച്ച് സംസാരിക്കുകയാണ് ബേസിൽ.

സൂക്ഷ്മ ദർശിനിയിലെ നസ്രിയയെ പോലെ പണ്ട് തനിക്കൊരു അയൽവാസി ഉണ്ടായിരുന്നുവെന്നും അവളുമായി എന്നും അടിയായിരുന്നുവെന്നും ബേസിൽ പറഞ്ഞു. അവളുടെ സഹോദരൻ തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും അന്ന് സ്ഥിരമായി കണ്ടം ക്രിക്കറ്റ് കളിക്കുമായിരുന്നുവെന്നും ബേസിൽ പറഞ്ഞു. റേഡിയോ സുനോയോട് സംസാരിക്കുകയായിരുന്നു ബേസിൽ

‘എന്റെ അയൽവാസികളൊക്കെ നല്ല ആളുകളായിരുന്നു. പിന്നെ എന്റെ വീടിന്റെ അപ്പുറത്ത് നസ്രിയയെ പോലൊരാൾ ഉണ്ടായിരുന്നു. അവളുമായിട്ട് എന്നും അടിയായിരുന്നു. പ്രത്യേകിച്ച് കാരണമൊന്നും വേണ്ടായിരുന്നു അടിക്ക്. സ്കൂളിലൊക്കെ പഠിക്കുമ്പോൾ കൊച്ച് പിള്ളേരുടെ ചില അലമ്പുകൾ ഉണ്ടാവില്ലേ. അതുപോലെയാണ്.

എന്റെ ഷൂ എടുത്ത് കനാലിൽ കൊണ്ടുകളയുന്ന പോലുള്ള ചെറിയ പ്രശ്നങ്ങൾ, ഞാൻ അതിനപ്പുറത്തെ കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്നതാണ് വേറെ കാര്യം. പക്ഷെ അത് ഞാൻ പറയില്ല. എപ്പോഴും കച്ചറയായിരുന്നു. അല്ലാതെ വേറൊന്നുമില്ല. അവളുടെ സഹോദരൻ എന്റെ അടുത്ത സുഹൃത്തായിരുന്നു.

ഞങ്ങൾ കുറെ സ്ഥലത്ത് ക്രിക്കറ്റ് കളിക്കാനൊക്കെ പോവുമായിരുന്നു. കണ്ടം ക്രിക്കറ്റെന്ന് പറയില്ലേ. കണ്ടം ക്രിക്കറ്റിന്റെ ചാമ്പ്യൻസായിരുന്നു ഞങ്ങൾ. റബ്ബർ ബോളിനൊക്കെ വേണ്ടി ഞങ്ങൾ മത്സരം നടത്തിയിട്ടുണ്ട്. അന്നൊക്കെ അങ്ങനെയായിരുന്നു,’ബേസിൽ പറയുന്നു.

Content Highlight: Basil Joseph About His Neighbors And Nazriya

We use cookies to give you the best possible experience. Learn more