| Thursday, 3rd November 2022, 8:00 pm

എലിസബത്ത് ഈസ് നെവര്‍ റോങ്, അവളില്ലായിരുന്നെങ്കില്‍ ഞാന്‍ ഒരു ജാഡതെണ്ടിയായേനെ: ബേസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീവിതപങ്കാളിയായ എലിസബത്തിനോടുള്ള ബഹുമാനത്തെ കുറിച്ചും അവര്‍ക്ക് തന്റെ ജീവിതത്തിലുള്ള പ്രാധാന്യത്തെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. ഒരുപാട് കുറവുകളുള്ള വ്യക്തിയാണ് താനെന്നും എന്നാല്‍ എലിസബത്ത് അങ്ങനെയല്ലെന്നും ബേസില്‍ പറയുന്നു.

ജീവിതത്തിലെ ഏതൊരു പ്രതിസന്ധിഘട്ടത്തിലും എലിസബത്തിനെയാണ് വിളിക്കാറുള്ളതെന്നും വളരെ പക്വമായ തീരുമാനങ്ങളാണ് അവരുടെ ഭാഗത്ത് നിന്നും വരാറുള്ളതെന്നും ബേസില്‍ പറഞ്ഞു. വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രണയത്തെയും ജീവിതപങ്കാളിയെയും കുറിച്ച് ബേസില്‍ സംസാരിക്കുന്നത്.

‘എന്റെയും എലിസബത്തിന്റെയും പ്രോപ്പര്‍ കോളേജ് റൊമാന്‍സായിരുന്നു. അവള്‍ക്ക് പതിനെട്ടും എനിക്ക് ഇരുപതുമായിരുന്നു പ്രായം. അതുകൊണ്ട് തന്നെ ഒരുപാട് ആലോചിച്ച് ഉറപ്പിച്ച് പക്വമായി തുടങ്ങിയ പ്രണയമൊന്നുമായിരുന്നില്ല. അന്നേരത്തെ ഒരു ഇന്‍ഫാക്‌ച്ച്വേഷനെന്നോ ഇഷ്ടമെന്നോ വിളിക്കാം.

പിന്നീട് വളരുന്നതിന് അനുസരിച്ച് നമ്മള്‍ ഇവോള്‍വായി. അവളുടെ കുറെ സ്വഭാവം എനിക്കും എന്റെ കുറെ സ്വഭാവം അവള്‍ക്കും കിട്ടി. പ്രേമിച്ചു തുടങ്ങിയപ്പോഴേ കല്യാണം കഴിക്കാമെന്ന് തന്നെയായിരുന്നു മനസില്‍.

ജസ്റ്റ് ഒരു റൊമാന്‍സ് പിന്നീട് കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കാം എന്നായിരുന്നില്ല. ഒരുപക്ഷെ അതിനു പോലുമുള്ള ബുദ്ധിയില്ലായിരിക്കാം. കാണുന്നു, ഇഷ്ടപ്പെടുന്നു, കല്യാണം കഴിക്കുന്നു എന്ന ലൈനായിരുന്നു.

ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പരസ്പരം നന്നായിട്ട് അറിയാം. എനിക്ക് ഒരുപാട് കുറവുകളുണ്ട്. അവള്‍ അങ്ങനെയല്ല. എല്ലാ കാര്യത്തിലും എനിക്ക് അവളെ വലിയ ബഹുമാനമാണ്.

ഷീ ഈസ് നെവര്‍ റോങ് എന്നാണ് എനിക്ക് ഫീല്‍ ചെയ്തിട്ടുള്ളത്. എന്ത് പ്രശ്‌നമുണ്ടെങ്കിലും അവളെ വിളിക്കും. ഞാന്‍ വലിയ ടെന്‍ഷനിലാണെന്ന് പറയുമ്പോള്‍ ‘ചില്‍, ഞാനൊന്ന് ആലോചിക്കട്ടെ’ എന്ന് പറയും. എന്നിട്ട് വളരെ പക്വമായ മറുപടികള്‍ തരും.

അവള്‍ പറയുന്ന അഭിപ്രായം കറക്ടായിരിക്കും. അതുകൊണ്ട് എനിക്ക് അവളെ വലിയ വിശ്വാസമാണ്. അവള്‍ക്ക് എന്തെങ്കിലും കുറവുള്ളതായി എനിക്ക് തോന്നിയിട്ടില്ല. എനിക്ക് ഒരുപാട് കുറവുകളുണ്ടൈന്ന് എനിക്കറിയാം.

ഞങ്ങള്‍ രണ്ട് പേരും രണ്ട് പ്രൊഫഷനിലാണ്. പരസ്പരം ബഹുമാനമുണ്ട്. ഞാന്‍ അവളേക്കാള്‍ പണം ഉണ്ടാക്കുന്നുണ്ടാകാം. പക്ഷെ അതിന്റെ പേരിലുള്ള പ്രശ്‌നങ്ങളുണ്ടാകാറില്ല. അവളും നല്ലൊരു പൊസിഷനിലാണ്.

നമ്മുടെ പ്രൊഫൈലും സ്വഭാവവുമെല്ലാം മാറുമ്പോഴും എനിക്ക് അവളോടുള്ള റെസ്‌പെക്ട് മാറിയിട്ടില്ല. പരസ്പരവും അങ്ങനെയാണ്. അവള്‍ എന്ത് പറഞ്ഞാലും എനിക്ക് ഓക്കെയാണ്. എന്നെ ഭൂമിയില്‍ തന്നെ നിറുത്തുന്നത് അവളാണ് അല്ലേല്‍ ഞാനൊരു ജാഡത്തെണ്ടിയായി മാറിയേനെ,’ ബേസില്‍ പറയുന്നു.

Content Highlight: Basil Joseph about his life partner Elizabeth

Latest Stories

We use cookies to give you the best possible experience. Learn more