| Wednesday, 13th March 2024, 4:30 pm

കുഞ്ഞിരാമായണം ഹിറ്റായി; ഇല്ലെങ്കിൽ ഐ.ടി കമ്പനിയിലേക്ക് തന്നെ പോകാമെന്ന് കരുതി: ബേസിൽ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേക്ക് എത്തി പിന്നീട് തന്റേതായൊരിടം സൃഷ്‌ടിച്ച സംവിധായകനും നടനുമാണ് ബേസിൽ ജോസഫ്. ധ്യാൻ ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, അജു വർഗീസ് തുടങ്ങിയ താരങ്ങളെ അണിനിരത്തി ബേസിൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കുഞ്ഞിരാമായണം. 2015ൽ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

തന്റെ ആദ്യ ചിത്രം വിജയിച്ചു കഴിഞ്ഞപ്പോഴാണ് ടെൻഷൻ വന്നതെന്ന് പറയുകയാണ് ബേസിൽ ജോസഫ്. കുഞ്ഞിരാമായണം ഹിറ്റായപ്പോൾ ഇനി സിനിമ തന്നെയാണ് തന്റെ ജോലിയെന്ന് മനസിലായെന്നും. വിജയിച്ചില്ലെങ്കിൽ തന്റെ പഴയ ജോലിയായ ഐ.ടി കമ്പനിയിലേക്ക് തന്നെ പോകാമെന്ന് കരുതിയിരുന്നെന്നും ബേസിൽ പറഞ്ഞു.

മഹേഷ് നാരായണൻ, ദിലീഷ് പോത്തൻ, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയ ആളുകളുടെ കൂടെയാണ് താൻ പടമെടുക്കേണ്ടതെന്നും ബേസിൽ പറയുന്നുണ്ട്. ക്യൂ സ്റ്റുഡിയോയുടെ ഡയറക്ടേഴ്സ് റൗണ്ട് ടേബിളിൽ സംസാരിക്കുകയായിരുന്നു ബേസിൽ ജോസഫ്.

‘കുഞ്ഞിരാമായണം ജയിച്ചു കഴിഞ്ഞപ്പോൾ കുഴപ്പമില്ല. അപ്പോഴാണ് കൂടുതൽ ടെൻഷൻ ആയത്. സിനിമ ഹിറ്റായി, ഇനി ഇതു തന്നെയാണ് എന്റെ തൊഴിൽ. അത് ഫ്ലോപ്പ് ആയിരുന്നെങ്കിൽ അടുത്തത് ഐ.ടി കമ്പനിയിലേക്ക് തന്നെ പോകാമെന്ന് കരുതിയിരിക്കുകയായിരുന്നു. സിനിമ ഹിറ്റായി ഇനി ഇവിടെ നിൽക്കണമല്ലോ.

അപ്പോഴാണ് മഹേഷിന്റെ പ്രതികാരം ഇറങ്ങുന്നത്, ടേക്ക് ഓഫ് ഇറങ്ങുന്നത്. ലിജോ എല്ലാവരും പടം എടുക്കുന്നുണ്ട്. ഇവരുടെ കൂടെയാണ് ഞാൻ സിനിമ എടുക്കേണ്ടത്. ഇവരുടെ സിനിമയുടെ കൂടെയാണ് എന്റെ സിനിമയും ആളുകൾ ചെയ്യാൻ പോകുന്നത്.

അങ്ങനെ ഉള്ളപ്പോൾ ഞാൻ വെറുതെ ഇരുന്നിട്ട് കാര്യമില്ല. നമുക്ക് പറ്റാവുന്ന രീതിയിൽ ഒക്കെ ചെയ്യാൻ ശ്രമിക്കും. ക്രിട്ടിസിസം, ഫീഡ്ബാക്കുമെല്ലാം കൃത്യമായിട്ട് നോക്കിയിട്ട് തന്നെയാണ് മുന്നോട്ടുപോകുന്നത്. അതെന്നെ പ്രൊഡക്ടീവായിട്ട് ഹെൽപ്പ് ചെയ്തിട്ടുണ്ട്,’ ബേസിൽ ജോസഫ് പറഞ്ഞു.

കുഞ്ഞിരാമായണത്തിന് ശേഷം ടൊവിനോ തോമസ്, വാമിക ഗബ്ബി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബേസിൽ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു ഗോദ. അതിന് ശേഷം ടൊവിനോ തോമസിനെ തന്നെ നായകനാക്കി സംവിധാനം ചെയ്ത സൂപ്പർ ഹീറോ സിനിമയായിരുന്നു മിന്നൽ മുരളി.

Content Highlight: Basil joseph about his first hit cinema

Latest Stories

We use cookies to give you the best possible experience. Learn more